Quantcast

തലയ്ക്ക് പിന്നില്‍ ബാന്‍ഡേജ്; കിം ജോങ് ഉന്നിന് എന്താണ് പറ്റിയത്?

37കാരനായ കിമ്മിന് ഗുരുതര ആരോഗ്യപ്രശ്നമുണ്ടെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍

MediaOne Logo

Web Desk

  • Published:

    4 Aug 2021 4:16 AM GMT

തലയ്ക്ക് പിന്നില്‍ ബാന്‍ഡേജ്; കിം ജോങ് ഉന്നിന് എന്താണ് പറ്റിയത്?
X

ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്‍റെ ആരോഗ്യനിലയെക്കുറിച്ച് വീണ്ടും അഭ്യൂഹങ്ങള്‍ പരക്കുന്നു. ഇത്തവണ കിമ്മിന്‍റെ തലക്ക് പിന്നിലെ വലിയൊരു ബാന്‍ഡേജാണ് ചര്‍ച്ചാവിഷയമായിരിക്കുന്നത്.

എൻ‌.കെ ന്യൂസിന്‍റെ റിപ്പോർട്ട് അനുസരിച്ച് ജൂലൈ 24 നും ജൂലൈ 27നും ഇടയിൽ നടന്ന ഒരു സൈനിക കൂടിക്കാഴ്ചയിൽ കിം ജോങ് ഉൻ തലയുടെ പിൻഭാഗത്ത് വലതുവശത്തായി സ്റ്റാമ്പ് വലിപ്പത്തിലുള്ള ഒരു ബാന്‍ഡേജ് കാണുന്നുണ്ട്. ഇതാണ് സോഷ്യല്‍മീഡിയയെ ചിന്തിപ്പിച്ചത്. ബാന്‍ഡേജ് ഇല്ലാത്ത ഒരു ചിത്രത്തില്‍ ആ ഭാഗത്ത് കറുത്ത പാടും കാണുന്നുണ്ട്. എന്നാല്‍ ജൂലൈ 29ന് ശേഷം എടുത്ത ചിത്രത്തില്‍ ബാന്‍ഡേജോ പാടുകളോ ഇല്ല. 37കാരനായ കിമ്മിന് ഗുരുതര ആരോഗ്യപ്രശ്നമുണ്ടെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍.

കിമ്മിന്‍റെ ആരോഗ്യകാര്യങ്ങള്‍ എപ്പോഴും സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകാറുണ്ട്. പിതാവിന്‍റെ മരണശേഷം 2011ല്‍ കിം ഭരണത്തിലേറിയപ്പോള്‍ മുതല്‍ ഉത്തരകൊറിയയിലെ പ്രധാന ചര്‍ച്ച വിഷയങ്ങളിലൊന്നാണ് അദ്ദേഹത്തിന്‍റെ ആരോഗ്യം. വര്‍ഷങ്ങളായി കിം ഒരു ചെയിന്‍ സ്മോക്കര്‍ കൂടിയാണെന്നാണ് മറ്റൊരു റിപ്പോര്‍ട്ട്.

കഴിഞ്ഞ ജൂണില്‍ കിം ഭാരം കുറച്ചതാണ് ഉത്തരകൊറിയക്കാരെ അസ്വസ്ഥരാക്കിയത്. സ്വതവെ വണ്ണം കൂടിയ പ്രകൃതക്കാരനായ കിം ഭാരം കുറച്ചത് എന്തെങ്കിലും അസുഖം മൂലമാണോ എന്നൊക്കെയായിരുന്നു ജനങ്ങളുടെ ചിന്ത. ഇതിനിടയില്‍ കോവിഡ് മഹാമാരിക്ക് പിന്നാലെ ഉത്തര കൊറിയ രൂക്ഷമായ ഭക്ഷ്യക്ഷാമം നേരിടുന്നുവെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു.


TAGS :

Next Story