വിദ്യാർഥി പ്രക്ഷോഭത്തിൽ കുലുങ്ങി സുപ്രിംകോടതിയും; രാജിവയ്ക്കാമെന്ന് ബംഗ്ലാദേശ് ചീഫ് ജസ്റ്റിസ്
ചീഫ് ജസ്റ്റിസിന്റെയും മറ്റ് ജഡ്ജിമാരുടെയും രാജിയാവശ്യപ്പെട്ട് കോടതിക്ക് പുറത്ത് ആയിരക്കണക്കിന് വിദ്യാർഥികളാണ് തടിച്ചുകൂടിയത്.
ധാക്ക: സർക്കാർ വിരുദ്ധ വിദ്യാർഥി പ്രക്ഷോഭം രൂക്ഷമായ ബംഗ്ലാദേശിൽ പ്രധാനമന്ത്രി ശൈഖ് ഹസീനയ്ക്ക് പിന്നാലെ ചീഫ് ജസ്റ്റിസും രാജിയിലേക്ക്. ബംഗ്ലാദേശ് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ഉബൈദുൽ ഹസനാണ് സ്ഥാനമൊഴിയുന്നത്. ശൈഖ് ഹസീനയുടെ വിശ്വസ്തനായ ഹസൻ കഴിഞ്ഞവർഷമാണ് നിയമിതനായത്. വൈകുന്നേരത്തോടെ ഹസൻ ചീഫ് ജസ്റ്റിസ് പദവിയിൽ നിന്ന് രാജിവയ്ക്കും.
ചീഫ് ജസ്റ്റിസിന്റെയും മറ്റ് ജഡ്ജിമാരുടെയും രാജിയാവശ്യപ്പെട്ട് കോടതിക്ക് പുറത്ത് ആയിരക്കണക്കിന് വിദ്യാർഥികളാണ് തടിച്ചുകൂടിയത്. രാജി വയ്ക്കാതെ പിരിഞ്ഞുപോവില്ലെന്ന് ചൂണ്ടിക്കാട്ടിയ അവർ കോടതി പരിസരത്തുനിന്ന് മുദ്രാവാക്യം വിളിച്ചു. ചീഫ് ജസ്റ്റിസിൻ്റെയും അപ്പീൽ ഡിവിഷനിലെ മറ്റ് ജഡ്ജിമാരുടേയും രാജി വരെ വിദ്യാർഥികളുടെ പ്രതിഷേധം തുടരുമെന്ന് വിവേചന വിരുദ്ധ വിദ്യാർഥി പ്രസ്ഥാനത്തിൻ്റെ കോഡിനേറ്റർ ഹസ്നത് അബ്ദുല്ല പ്രഖ്യാപിച്ചു.
ഇതോടെ, താൻ പദവിയൊഴിയാൻ തയാറാണെന്ന് ചീഫ് ജസ്റ്റിസ് ഉബൈദുൽ ഹസൻ പരസ്യമായി പ്രഖ്യാപിച്ചു. പ്രസിഡന്റിന് രാജിക്കത്ത് സമർപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അഭിഭാഷകരുടെ സുരക്ഷയും നിലവിലെ സാഹചര്യവും കണക്കിലെടുത്താണ് രാജിവയ്ക്കാൻ തീരുമാനിച്ചതെന്നും ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് വൈകുന്നേരത്തോടെ രാജിക്കത്ത് പ്രസിഡൻ്റ് മുഹമ്മദ് ഷഹാബുദ്ദീന് സമർപ്പിക്കുമെന്നും ഹസൻ സുപ്രിംകോടതിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. എന്നാൽ മറ്റ് ജഡ്ജിമാരുടെ നീക്കങ്ങളെക്കുറിച്ച് ചീഫ് ജസ്റ്റിസ് ഒന്നും പറഞ്ഞില്ല.
ഇതിനിടെ, ബഹുജന പ്രസ്ഥാനങ്ങളെ അടിച്ചമർത്താൻ ചുമത്തിയ ക്രിമിനൽ കുറ്റങ്ങൾ വരുന്ന മൂന്ന് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ പിൻവലിക്കാൻ ട്രാൻസിഷണൽ അഡ്മിനിസ്ട്രേഷൻ തീരുമാനിച്ചു. ശൈഖ് ഹസീനയുടെ രാജിയിലേക്ക് നയിച്ച പ്രക്ഷോഭം രാജ്യമാകെ ഇപ്പോഴും തുടരുകയാണ്. 23 ദിവസമായി തുടരുന്ന പ്രക്ഷോഭത്തിനിടെയുണ്ടായ സംഘർഷത്തിൽ ഇതുവരെ 530 പേരാണ് മരിച്ചത്. അതേസമയം, തങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നത് വരെ ജോലിയിൽ പ്രവേശിക്കാൻ വിസമ്മതിച്ച് പൊലീസ് യൂണിയൻ പണിമുടക്ക് പ്രഖ്യാപിച്ചത് സ്ഥിതി കൂടുതൽ സങ്കീർണമാക്കി.
ഇതിനിടെ, ഒരു കൂട്ടം വിദ്യാർഥികൾ ബംഗ്ലാദേശിലെ മുൻഷിഗഞ്ചിലെ ധാക്ക-മാവ എക്‌സ്‌പ്രസ്‌വേ എന്നറിയപ്പെടുന്ന 'രാഷ്ട്രപിതാവ് ബംഗബന്ധു ശൈഖ് മുജീബുർ റഹ്മാൻ എക്‌സ്‌പ്രസ്‌വേ'യുടെ നെയിംപ്ലേറ്റ് എടുത്തുമാറ്റി. പകരം 'രാഷ്ട്രപിതാവ് ഹസ്രത്ത് ഇബ്രാഹിം എക്സ്പ്രസ് വേ' എന്നെഴുതിയ ബാനർ സ്ഥാപിച്ചു.
രാജ്യം കണ്ട ഏറ്റവും വലിയ വിദ്യാർഥി പ്രക്ഷോഭത്തിൽ മുട്ടുകുത്തി തിങ്കളാഴ്ചയാണ് ശൈഖ് ഹസീന പ്രധാനമന്ത്രി പദവിയിൽനിന്ന് രാജിവച്ചത്. തുടർന്ന് രാജ്യംവിട്ട് ന്യൂഡൽഹിയിൽ അഭയം പ്രാപിച്ച ഹസീന രാജ്യത്ത് തിരിച്ചെത്തി തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ പദ്ധതിയിടുന്നുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. അഭയം നൽകാൻ യു.കെ തയാറാവാത്ത സാഹചര്യത്തിലാണ് ഹസീന ഇന്ത്യയിൽ തന്നെ തുടരുന്നത്. നിലവിൽ ഗാസിയാബാദിലെ ഹിൻഡൺ വ്യോമതാവളത്തിലാണ് ഹസീന ഉള്ളത്.
ശൈഖ് ഹസീന രാജിവച്ചതുമുതൽ ബംഗ്ലാദേശിൽ നിലനിൽക്കുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിന് താൽക്കാലിക വിരാമമിട്ട് ഇടക്കാല സർക്കാരിനെ പ്രഖ്യാപിച്ചിരുന്നു. സാമ്പത്തിക വിദഗ്‌ധനും സമാധാനത്തിനുള്ള നൊബേൽ സമ്മാന ജേതാവുമായ മുഹമ്മദ് യൂനുസ് ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവായി വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്തിരുന്നു. പ്രധാനമന്ത്രിക്ക് തുല്യമായ പദവിയാണിത്.
ശൈഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് രാജ്യം വിട്ടതിന് പിന്നാലെയാണ് പുതിയ പ്രധാനമന്ത്രിയെ തീരുമാനിച്ചത്. പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന്റെ പ്രസ് സെക്രട്ടറി ജോയ്നൽ അബേദിൻ ആണ് മുഹമ്മദ് യൂനുസിനെ ബംഗ്ലാദേശ് ഇടക്കാല സർക്കാരിന്റെ തലവനായി തെരഞ്ഞെടുത്ത വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ശൈഖ് ഹസീന സർക്കാരിന്റെ പതനത്തിന് വഴിതെളിച്ച വിദ്യാർഥി പ്രക്ഷോഭ നേതാക്കൾ നഹീദ് ഇസ്‌ലാം, ആസിഫ് മഹ്‌മൂദ് എന്നിവർ ഉൾപ്പെടെ 16 അംഗ ഉപദേശക കൗൺസിലാണ് അധികാരമേറ്റത്. പരിസ്ഥിതി, വനിതാവകാശ– മനുഷ്യാവകാശ- സൈനിക മേഖലകളിൽനിന്നുള്ളവരും സ്വാതന്ത്ര്യ സമര സേനാനിയും കൗൺസിലിൽ ഉണ്ട്.
1971ലെ ബംഗ്ലാദേശ് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത വിമുക്ത ഭടൻമാരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലിയിൽ 30 ശതമാനം സംവരണം ചെയ്ത വിവാദ ഉത്തരവിനെതിരെയാണ് ജനം പ്രതിഷേധവുമായി തെരുവുവിലിറങ്ങിയത്. പ്രക്ഷോഭം ആരംഭിച്ചത് സംവരണ നിയമത്തിനെതിരെയാണെങ്കിലും പിന്നീട് സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും വിലക്കയറ്റവുമെല്ലാം മുദ്രാവാക്യങ്ങളായി മാറി. സംവരണനിയമ വിരുദ്ധ പ്രക്ഷോഭത്തിൽ അറസ്റ്റിലായവർക്ക് നീതി വേണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു.
Adjust Story Font
16