Quantcast

വിദ്യാർഥി കൂട്ടക്കൊല; ഷെയ്ഖ് ഹസീനയ്ക്കെതിരെ ബം​ഗ്ലാദേശ് കോടതിയുടെ അറസ്റ്റ് വാറന്റ്

മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഹസീനയ്ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്.

MediaOne Logo

Web Desk

  • Updated:

    2024-10-17 11:33:00.0

Published:

17 Oct 2024 11:25 AM GMT

Bangladesh court issues arrest warrant for Sheikh Hasina over student deaths
X

ധാക്ക: ബം​ഗ്ലാദേശിൽ പൊട്ടിപ്പുറപ്പെട്ട സർക്കാർ വിരുദ്ധ പ്ര​ക്ഷോഭത്തിനിടെയുണ്ടായ വിദ്യാർഥികളുടെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കെതിരെ അറസ്റ്റ് വാറന്റ്. ബം​ഗ്ലാദേശ് ഇന്റർനാഷണൽ ക്രൈംസ് ട്രിബ്യൂണൽ ആണ് ഹസീനയ്ക്കും അവാമി ലീ​ഗ് പാർട്ടി മുൻ ജനറല്‍ സെക്രട്ടറി ഒബൈദുൽ ഖദാറിനും മറ്റ് 44 പേർക്കുമെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ഹസീന ഉൾപ്പെടെ 46 പേരെ നവംബർ 18നകം അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാൻ ബന്ധപ്പെട്ട അധികാരികളോട് ട്രിബ്യൂണൽ നിർദേശിച്ചു.

ഇവർക്കെതിരെ അറസ്റ്റ് വാറന്റ് ആവശ്യപ്പെട്ട് ട്രിബ്യൂണലിൽ പ്രോസിക്യൂഷൻ രണ്ട് ഹരജികൾ സമർപ്പിച്ചിരുന്നു. ഇത് പരി​ഗണിച്ചാണ് ചെയർമാൻ ജസ്റ്റിസ് എം.ഡി ഗോലം മൊർതുസ മജുംദാറിൻ്റെ നേതൃത്വത്തിലുള്ള ട്രിബ്യൂണൽ ഉത്തരവിട്ടതെന്ന് ചീഫ് പ്രോസിക്യൂട്ടർ മുഹമ്മദ് താജുൽ ഇസ്‌ലാമിനെ ഉദ്ധരിച്ച് ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് ചെയ്തു. രാജ്യവ്യാപകമായി നടന്ന വിദ്യാർഥി പ്രക്ഷോഭത്തെതുടർന്ന് അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ട ഹസീന രാജ്യം വിട്ടിരുന്നു.

ഹസീനയുടെ നേതൃത്വത്തിലുള്ള സർക്കാരിനെതിരെ രാജ്യത്തു നടന്ന വിദ്യാർഥികളുടെ ബഹുജന മുന്നേറ്റത്തിനിടെയുണ്ടായ കൊലപാതകങ്ങൾക്ക് ഉത്തരവാദികളായവരെ ഇൻ്റർനാഷണൽ ക്രൈം ട്രിബ്യൂണലിൽ വിചാരണ ചെയ്യുമെന്ന് ആഗസ്റ്റിൽ ബംഗ്ലാദേശ് ഇടക്കാല സർക്കാർ അറിയിച്ചിരുന്നു. മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഹസീനയ്ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്.

ഹസീനയുടെ 15 വർഷം നീണ്ട ഭരണകാലത്ത് ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. രാഷ്ട്രീയ എതിരാളികളെ തടങ്കലിലാക്കുകയും കൊലപ്പെടുത്തുകയും ചെയ്തെന്നായിരുന്നു റിപ്പോർട്ടുകൾ. ‌‌ജൂലൈ മുതൽ ആഗസ്റ്റ് വരെ നടന്ന കൂട്ടക്കൊലകൾക്കും കൊലപാതകങ്ങൾക്കും മറ്റു കുറ്റകൃത്യങ്ങൾക്കും ചുക്കാൻ പിടിച്ചത് ഷെയ്ഖ് ഹസീനയായിരുന്നു എന്ന് ചീഫ് പ്രോസിക്യൂട്ടർ താജുൽ ഇസ്‌ലാം പറഞ്ഞു.

ജൂലൈയിൽ ഹസീന സർക്കാരിനെതിരെ രാജ്യത്തുടനീളം പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം വൻ സംഘർഷത്തിൽ കലാശിക്കുകയും 700 ഓളം പേർ കൊല്ലപ്പെട്ടതായുമാണ് റിപ്പോർട്ട്. ഇതിനു പിന്നാലെ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധവും ശക്തമായി. തുടർന്ന് ഭരണകക്ഷിയായ അവാമി ലീഗും പ്രതിഷേധക്കാരും തമ്മിൽ വൻ സംഘർഷമുണ്ടാവുകയും കൂടുതൽ പേർ കൊല്ലപ്പെടുകയും ഷെയ്ഖ് ഹസീന 45 മിനിറ്റിനുള്ളിൽ പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് സൈന്യം അന്ത്യശാസനം നൽകുകയും ചെയ്തിരുന്നു.

തുടർന്ന് രാജിവച്ച ഹസീന സഹോദരി ഷെയ്ഖ് റെഹാനയ്ക്കൊപ്പം തലസ്ഥാനമായ ധാക്കയിൽനിന്ന് സൈനിക ഹെലികോപ്ടറിൽ രാജ്യം വിട്ടു. ഇന്ത്യയിലെത്തിയ ഷെയ്ഖ് ഹസീന പിന്നീട് പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടില്ല. ന്യൂഡല്‍ഹിക്കടുത്താണ് അവർ തങ്ങുന്നതെന്നാണ് വിവരം. ആഗസ്റ്റ് അഞ്ച് മുതൽ ഹസീന ഇന്ത്യയിലാണ്. മറ്റു രാജ്യങ്ങളൊന്നും അഭയം നൽകാൻ തയാറാവാതെ വന്നതോടെയാണ് അവർ ഇന്ത്യയിൽ തന്നെ തുടരുന്നതെന്നാണ് റിപ്പോർട്ട്. ഷെയ്ഖ് ഹസീന ഇന്ത്യയിലുണ്ടെന്നും സഹായം ആവശ്യമാണെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ നേരത്തെ പാർലമെൻ്റിൽ സ്ഥിരീകരിച്ചിരുന്നു.

1971ലെ ബംഗ്ലാദേശ് സ്വാതന്ത്ര്യസമരത്തിൽ ഭാഗമായവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലിയിൽ 30 ശതമാനം സംവരണം ഏർപ്പെടുത്തിയിനെതിരായ പ്രതിഷേധമാണ് വൻ സംഘർഷത്തിൽ കലാശിച്ചത്. ഭരണകക്ഷിയായ അവാമി ലീഗിൻ്റെ അനുയായികളെ സഹായിക്കാനാണ് സംവരണം ഏർപ്പെടുത്തിയതെന്ന് പ്രതിഷേധക്കാർ ആരോപിച്ചിരുന്നു. ഭരണകൂടം വീണതിനെ തുടർന്ന് ഹസീനയുടെ നിരവധി അനുയായികളെ ഇടക്കാല സർക്കാർ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.

TAGS :

Next Story