Quantcast

ബംഗ്ലാദേശിലെ സംവരണപ്രക്ഷോഭം; നേതാക്ക​ളെ വിട്ടയച്ചില്ലെങ്കിൽ സമരം പുനരാരംഭിക്കുമെന്ന് സംഘടനകൾ

രാജ്യവ്യാപകമായി നടന്ന പ്രക്ഷോഭത്തിൽ 205 പേരാണ് കൊല്ലപ്പെട്ടത്

MediaOne Logo

Web Desk

  • Published:

    28 July 2024 10:09 AM GMT

ബംഗ്ലാദേശിലെ സംവരണപ്രക്ഷോഭം; നേതാക്ക​ളെ വിട്ടയച്ചില്ലെങ്കിൽ സമരം പുനരാരംഭിക്കുമെന്ന് സംഘടനകൾ
X

ധാക്ക: ബംഗ്ലാദേശിലെ സംവരണത്തിനെതിരെ പ്രക്ഷോഭം നടത്തിയതി​ന്റെ പേരിൽ അറസ്റ്റ് ചെയ്ത നേതാക്ക​ളെ വിട്ടയച്ചി​ല്ലെങ്കിൽ സമരംതുടങ്ങുമെന്ന് വിദ്യാർഥി സംഘടനകൾ. വ്യാപകപ്രതി​ഷേധത്തിന് പിന്നാലെ സർക്കാർ ജോലികളിലെ സംവരണം ബംഗ്ലാദേശ് സുപ്രിംകോടതിയാണ് റദ്ദാക്കിയത്. സമരം പിൻവലിച്ചിട്ട് ദിവസങ്ങൾ പിന്നിട്ടിട്ടും തടവിലാക്കിയ നേതാക്കളെയടക്കം വിട്ടയക്കാത്ത സാഹചര്യത്തിലാണ് പ്രക്ഷോഭം പുനരാരംഭിക്കാൻ വിദ്യാർഥി സംഘടനകൾ തീരുമാനിച്ചത്.

ദ സ്റ്റുഡൻസ് എഗെയിൻസ്റ്റ് ഡിസ്‌ക്രിമിനേഷൻ ഗ്രൂപ്പ് തലവൻ നഹിദ് ഇസ്‌ലാമിനെയും മറ്റുള്ളവരെയും വിട്ടയക്കണമെന്നും അവർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കണമെന്നതാണ് പ്രധാന ആവശ്യം. രാജ്യവ്യാപകമായി നടന്ന പ്രക്ഷോഭത്തിൽ 205 പേരാണ് കൊല്ലപ്പെട്ടത്.

1971ലെ ബംഗ്ലാദേശ് വിമോചന സമരത്തിൽ പങ്കെടുത്തവരുടെ കുടുംബങ്ങൾക്ക് അനുവദിച്ച പ്രത്യേക സംവരണമാണ് വൻ പ്രക്ഷോഭത്തിന് തിരികൊളുത്തിയത്. സമരക്കാരെ ക്രൂരമായാണ് പൊലീസും പട്ടാളവും​ വേട്ടയാടിയത്. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ ധാക്ക സർവകലാശാലയിലെ വിദ്യാർഥികൾ ജൂലൈ ഒന്നിനാണ് രാജ്യത്ത് പ്രതിഷേധങ്ങൾ ആരംഭിച്ചത്. അവ പിന്നീട് മറ്റ് സർവകലാശാലകളിലേക്കും വ്യാപിച്ചു.

പ്രക്ഷോഭം കനത്തതിന് പിന്നാലെ കർഫ്യൂ ഏർപ്പെടുത്തിയാണ് ഭരണകൂടം സമരത്തെ അടിച്ചമർത്തിയത്. വിദ്യാർഥി നേതാക്കളടക്കം ആയിരക്കണക്കിന് പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. രാജ്യത്തെ മൊബൈൽ ഇൻ്റർനെറ്റ് സേവനങ്ങൾ റദ്ദാക്കുകയും ചെയ്തിരുന്നു.

TAGS :

Next Story