Quantcast

ലോക്ഡൗണില്‍ രോഷാകുലരായി ചൈനീസുകാര്‍; പ്രതിഷേധ ഗാനമായി 'ജിമ്മി ജിമ്മി ആജാ'

ചൈനീസ് ടിക്ടോക്കായ ഡൗയിനിലൂടെ പാട്ടുപയോഗിച്ച് വീഡിയോകളും മറ്റും ഉണ്ടാക്കിയാണ് ചൈനീസുകാരുടെ രോഷപ്രകടനം

MediaOne Logo

Web Desk

  • Published:

    1 Nov 2022 3:53 AM GMT

ലോക്ഡൗണില്‍ രോഷാകുലരായി ചൈനീസുകാര്‍; പ്രതിഷേധ ഗാനമായി ജിമ്മി ജിമ്മി ആജാ
X

ബെയ്ജിംഗ്: കോവിഡ് ഒന്നൊതുങ്ങിയതിനു ശേഷമുള്ള സ്വാതന്ത്ര്യം ലോകം ആഘോഷിക്കുമ്പോള്‍ ചൈന ലോക്ഡൗണില്‍ വീര്‍പ്പുമുട്ടുകയാണ്. കര്‍ശനമായ നിയന്ത്രണങ്ങള്‍ ജനങ്ങളെ രോഷാകുലരാക്കുന്നു. ദശലക്ഷക്കണക്കിനു പേരാണ് തടവില്‍ കഴിയുന്നതുപോലെ വീടുകളില്‍ കഴിയുന്നത്. പ്രശസ്ത ബോളിവുഡ് ഗായകന്‍ ബാപ്പി ലാഹിരിയുടെ ഹിറ്റ് ഗാനം 'ജിമ്മി ജിമ്മി ആജാ' എന്ന പാട്ടിലൂടെയാണ് ആളുകള്‍ തങ്ങളുടെ രോഷവും നിരാശയും പ്രകടിപ്പിക്കുന്നത്.

ചൈനീസ് ടിക്ടോക്കായ ഡൗയിനിലൂടെ പാട്ടുപയോഗിച്ച് വീഡിയോകളും മറ്റും ഉണ്ടാക്കിയാണ് ചൈനീസുകാരുടെ രോഷപ്രകടനം. ബാപ്പി ലാഹിരിയുടെ സംഗീതസംവിധാനത്തില്‍ ബാപ്പി ലാഹിരി പാടിയ 'ജി മീ ജീമി' എന്ന ഗാനത്തെ 'ഗിവ് മീ റൈസ്, ഗിവ് മീ റൈസ്' എന്ന വരികളിലേക്ക് മാറ്റിയാണ് സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കുന്നത്. ലോക്ഡൗണില്‍ ആവശ്യത്തിനു ഭക്ഷണം ലഭിക്കുന്നില്ലെന്ന് കാണിക്കാനായി ഒഴിഞ്ഞ പാത്രങ്ങളും കാണിക്കുന്നുണ്ട്. രാജ്യത്തിന്‍റെ ഭരണത്തെ വിമർശിക്കുന്നതായി കരുതുന്ന ഏത് പോസ്റ്റും വേഗത്തിൽ നീക്കം ചെയ്യുന്ന ചൈനീസ് സെൻസർമാരിൽ നിന്ന് രക്ഷപ്പെടാൻ വീഡിയോയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടുണ്ട്.

1950കള്‍ തൊട്ട് ഇന്ത്യന്‍ സിനിമകള്‍ക്ക് ചൈനയില്‍ വലിയ സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ത്രീ ഇഡിയറ്റസ്, സീക്രട്ട് സൂപ്പര്‍സ്റ്റാര്‍, ഹിന്ദി മീഡിയം, ദംഗല്‍ തുടങ്ങിയ സിനിമകള്‍ ചൈനയില്‍ ഹിറ്റായിരുന്നു. 'അന്ധാധുൻ' ചൈനീസ് ബോക്‌സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.

25 ദശലക്ഷത്തിലധികം ജനസംഖ്യയുള്ള ഷാങ്ഹായ് ഉൾപ്പെടെ ഡസൻ കണക്കിന് നഗരങ്ങൾ അടച്ചുപൂട്ടിയിരിക്കുകയാണ്. ലോക്ഡൗണിനെതിരെ പ്രതിഷേധിക്കുന്ന ആളുകളെ സുരക്ഷാ ഉദ്യോഗസ്ഥർ തടയുന്നടക്കമുള്ള നിരവധി വീഡിയോകള്‍ ചൈനയില്‍ നിന്നും പുറത്തുവന്നിട്ടുണ്ട്. ലോക്ഡൗൺ പ്രഖ്യാപിച്ച ചൈനയിലെ ഷെങ്ഷൂ പ്രവിശ്യയിലെ ഐഫോൺ ഫാക്ടറിയിൽ നിന്ന് തൊഴിലാളികൾ രക്ഷപ്പെടുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ചൈനയിലെ ഏറ്റവും വലിയ ഐഫോൺ ഫാക്ടറിയായ ഫോക്‌സ്‌കോൺ കമ്പനിയിൽ നിന്നാണ് തൊഴിലാളികൾ രക്ഷപ്പെട്ടത്. ഞായറാഴ്ച ചൈനയിൽ 2,675 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തെക്കാൾ 802 കൂടുതല്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

TAGS :

Next Story