Quantcast

ഞങ്ങളുടെ ഈ നാടിന്റെ ഭാഗമാണെന്ന ബോധ്യം നല്‍കിയ നടപടികളെ ഇല്ലാതാക്കി; സര്‍വകലാശാല പ്രവേശനത്തില്‍ സംവരണം റദ്ദാക്കിയ സുപ്രീം കോടതി വിധിക്കെതിരെ ബറാക് ഒബാമ

വിദ്യാര്‍ത്ഥികളെ അവരുടെ വ്യക്തിപരമായ കഴിവുകളുടെയും അനുഭവങ്ങളുടെയും അടിസ്ഥാനത്തില്‍ വേണം വിലയിരുത്താനെന്നും അവരുടെ വംശത്തെ പരിഗണിക്കേണ്ടതില്ലെന്നുമാണ് ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്ട്‌സ് വിധിയില്‍ പറഞ്ഞത്. ഒരു വിദ്യാര്‍ത്ഥി വെളുത്ത വര്‍ഗത്തില്‍ നിന്നാണോ കറുത്ത വര്‍ഗത്തില്‍ നിന്നാണോ അതോ മറ്റോ വിഭാഗങ്ങളില്‍ നിന്നാണോ എന്ന് പരിശോധിക്കുന്നത് തന്നെ വംശീയ വിവേചനമാണെന്ന വാദവും കോടതി മുന്നോട്ടുവെച്ചു

MediaOne Logo

Web Desk

  • Updated:

    2023-06-30 05:21:09.0

Published:

30 Jun 2023 4:59 AM GMT

Barack Obama with Michelle Obama
X

ബറാക് ഒബാമയും മിഷേല്‍ ഒബാമയും

വാഷിങ്ടണ്‍: സര്‍വകലാശാലകളിലേക്കുള്ള പ്രവേശനത്തില്‍ വംശവും വിഭാഗവും പരിഗണിക്കുന്നത് വിലക്കിയ സുപ്രീം കോടതി നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ പ്രസിഡന്റ് ബറാക് ഒബാമ. താനും ഭാര്യ മിഷേലുമടക്കം നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളും ഈ നാടിന്റെയും സമൂഹത്തിന്റെയും ഭാഗമാണെന്ന ബോധ്യം നല്‍കിയ നടപടിയെയാണ് കോടതി ഇപ്പോള്‍ റദ്ദാക്കിയിരിക്കുന്നതെന്ന് ഒബാമ പറഞ്ഞു.

കറുത്ത വംശജര്‍, ഹിസ്പാനിക് വംശജര്‍ തുടങ്ങി ചരിത്രപരമായി വിവേചനം നേരിടുന്ന ന്യൂനപക്ഷങ്ങള്‍ക്ക് ഉന്നത വിദ്യാഭ്യാസരംഗത്തേക്ക് കടന്നുവരാന്‍ അവസരം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് അമേരിക്കയിലെ വിവിധ സര്‍വകലാശാലകളിലേക്കുള്ള അഡ്മിഷനുകളില്‍ വംശവും വിഭാഗവുമെല്ലാം പരിഗണിച്ചിരുന്നത്. Affirmative Actions എന്ന പേരില്‍ അറിയപ്പെടുന്ന ബൃഹത്തായ നടപടികളുടെ ഭാഗമാണിത്.

ഇന്ത്യയിലെ ജാതി അടിസ്ഥാനത്തിനുള്ള സംവരണത്തിനോട് സാമ്യപ്പെടുത്താവുന്നതാണ് അമേരിക്കയിലെ Affirmative Actions. ഈ നടപടി ഭരണഘടനാവിരുദ്ധമാണെന്നാണ് അമേരിക്കന്‍ സുപ്രീം കോടതി ഇപ്പോള്‍ വിധിച്ചിരിക്കുന്നത്.

Affirmative Actions എല്ലാ വിഭാഗത്തില്‍ നിന്നുള്ള കുട്ടികള്‍ക്കും ജീവിതത്തില്‍ മുന്നോട്ടുവരാനുള്ള അവസരമാണ് നല്‍കിയിരുന്നതെന്നും കോടതി വിധി ഇത് ഇല്ലാതാക്കുന്നുവെന്നുമാണ് ബറാക് ഒബാമയുടെ പ്രതികരണം.

'നീതിയും സമത്വവും പുലരുന്ന ഒരു സമൂഹത്തെ വാര്‍ത്തെടുക്കുന്നതിനുള്ള അവസാന വാക്കല്ലായിരുന്നു Affirmative Actions എന്നത് ശരി തന്നെ. പക്ഷെ, അമേരിക്കയിലെ പ്രധാന മേഖലകളുടെയെല്ലാം പടിക്ക് പുറത്തായിരുന്ന ഞങ്ങള്‍ക്ക്, ഇവിടങ്ങളിലേക്ക് കയറിവരാന്‍ അവകാശമുണ്ടെന്ന ബോധ്യം നല്‍കിയത് ഈ നടപടികളാണ്. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഈ അവകാശത്തിനായുള്ള നമ്മുടെ പോരാട്ടങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തണം,' ഒബാമ ട്വിറ്ററില്‍ കുറിച്ചു.

സുപ്രീം കോടതി വിധിക്കെതിരെ വിമര്‍ശനമുന്നയിച്ചുകൊണ്ട് മിഷേല്‍ ഒബാമ എഴുതിയ കുറിപ്പും അദ്ദേഹം പങ്കുവെച്ചിരുന്നു. ഭാവിയില്‍ എന്ത് അവസരമാണ് തങ്ങളെ കാത്തിരിക്കുന്നതെന്ന് ആശങ്കപ്പെടുന്ന ഓരോ കുട്ടിയെയുമോര്‍ത്ത് തന്റെ ഹൃദയം നുറുങ്ങുകയാണെന്നാണ് മിഷേല്‍ ഒബാമ കുറിപ്പില്‍ പറഞ്ഞത്.

ഒരേ ഗോവണി കയറാന്‍ മറ്റുള്ളവരേക്കാള്‍ അല്‍പം കൂടി അധ്വാനിക്കേണ്ടിവരുന്ന കുട്ടികളുടെ ധൈര്യത്തിലും ശക്തിയിലും എനിക്ക് വിശ്വാസമുണ്ടെങ്കിലും, അവര്‍ക്ക് വേണ്ടി നമ്മള്‍ ഒരല്‍പം കൂടി കഠിനധ്വാനം ചെയ്യാന്‍ തയ്യാറാകുമെന്നാണ് തന്റെ പ്രതീക്ഷയെന്നും മിഷേല്‍ കൂട്ടിച്ചേര്‍ത്തു.

വിദ്യാര്‍ത്ഥികളെ അവരുടെ വ്യക്തിപരമായ കഴിവുകളുടെയും അനുഭവങ്ങളുടെയും അടിസ്ഥാനത്തില്‍ വേണം വിലയിരുത്താനെന്നും അവരുടെ വംശത്തെ പരിഗണിക്കേണ്ടതില്ലെന്നുമാണ് ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്ട്‌സ് വിധിയില്‍ പറഞ്ഞത്. ഒരു വിദ്യാര്‍ത്ഥി വെളുത്ത വര്‍ഗത്തില്‍ നിന്നാണോ കറുത്ത വര്‍ഗത്തില്‍ നിന്നാണോ അതോ മറ്റോ വിഭാഗങ്ങളില്‍ നിന്നാണോ എന്ന് പരിശോധിക്കുന്നത് തന്നെ വംശീയ വിവേചനമാണെന്ന വാദവും കോടതി മുന്നോട്ടുവെച്ചു.

ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് നോര്‍ത്ത് കരോലിന എന്നീ സര്‍വകലാശാലകള്‍ക്കെതിരെ സ്റ്റുഡന്റ്‌സ് ഫോര്‍ ഫെയര്‍ അഡ്മിഷന്‍സ് എന്ന സംഘടന നല്‍കിയ പരാതി പരിഗണിച്ചുകൊണ്ടാണ് കോടതി Affirmative Actions ന് വിലക്കേര്‍പ്പെടുത്തിയത്. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി ഏഷ്യന്‍ വംശജര്‍ക്കെതിരെയും നോര്‍ത്ത് കരോലിന യൂണിവേഴ്‌സിറ്റി വെളുത്ത വര്‍ഗക്കാര്‍ക്കും ഏഷ്യന്‍ വംശജര്‍ക്കെതിരെയും വിവേചനം പുലര്‍ത്തുന്നുവെന്നായിരുന്നു ഇവരുടെ പരാതി.

കോടതിവിധിക്കെതിരെ വ്യാപകമായ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. അമേരിക്ക നൂറ്റാണ്ടുകളോളം പിന്നോട്ടു പോയിരിക്കുകയാണെന്ന് നിരവധി പേര്‍ അഭിപ്രായപ്പെട്ടു. കോടതിയില്‍ ഈ പരാതിയുമായി ബന്ധപ്പെട്ട വാദങ്ങള്‍ നടക്കുമ്പോള്‍ തന്നെ വിദ്യാര്‍ത്ഥി സംഘടനകള്‍ സമരവുമായി രംഗത്തുവന്നിരുന്നു. വിധിക്ക് ശേഷം അമേരിക്കയുടെ വിവിധ ഭാഗങ്ങളിലും സമൂഹമാധ്യമങ്ങളിലും കൂടുതല്‍ ശക്തമായ പ്രതിഷേധങ്ങളാണ് നടന്നുവരുന്നത്.

TAGS :

Next Story