'മിഷേൽ ആദ്യമേ ചട്ടം കെട്ടിയിരുന്നു'; മക്കൾ രാഷ്ട്രീയം തിരഞ്ഞെടുക്കില്ലെന്ന് ഒബാമ
രാഷ്ട്രീയം തനിക്ക് പറ്റില്ലെന്ന് നിരവധി തവണ തുറന്നു പറഞ്ഞിട്ടുള്ളയാളാണ് മിഷേൽ ഒബാമ
തന്റെ രണ്ട് മക്കളും രാഷ്ട്രീയം തെരഞ്ഞെടുക്കാൻ സാധ്യതയില്ലെന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമ. ഭാര്യയും മുൻ അമേരിക്കൻ പ്രഥമവനിതയുമായ മിഷേലിന്റെ സ്വാധീനമാണ് ഇതിന് പിന്നിലെന്നാണ് ഒബാമ പറയുന്നത്. ലോസ് ഏഞ്ചൽസിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. മക്കൾ രാഷ്ട്രീയത്തിലേക്കുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
"രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കാൻ മക്കളോട് മിഷേൽ ആദ്യമേ ചട്ടം കെട്ടിയിരുന്നു. രാഷ്ട്രീയത്തിലിറങ്ങിയാൽ മനോനില തെറ്റുമെന്നായിരുന്നു മിഷേലിന്റെ ഭാഗം. സംഭവിക്കാൻ തീരെ സാധ്യതയില്ലാത്ത കാര്യമാണ് മക്കൾ രാഷ്ട്രീയം തിരഞ്ഞെടുക്കുക എന്നത്". ഒബാമ പറഞ്ഞു.
രാഷ്ട്രീയം തനിക്ക് പറ്റില്ലെന്ന് നിരവധി തവണ തുറന്നു പറഞ്ഞിട്ടുള്ളയാളാണ് മിഷേൽ ഒബാമ. ഭർത്താവിന് പിന്തുണ നൽകാൻ വേണ്ടി മാത്രമാണ് താൻ രാഷ്ട്രീയരംഗത്ത് പ്രവർത്തിച്ചതെന്ന് ഒപ്രാഹ് വിൻഫ്രെയ്ക്ക് കഴിഞ്ഞ വർഷം നൽകിയ അഭിമുഖത്തിലും മിഷേൽ പറഞ്ഞിരുന്നു.
രണ്ട് പെൺമക്കളാണ് മിഷേൽ-ഒബാമ ദമ്പതികൾക്ക്. മൂത്ത മകൾ മലിയ സംവിധാനമേഖലയിലാണ്. മലിയ സംവിധാനം ചെയ്ത ഹ്രസ്വ ചിത്രം ദി ഹാർട്ട് യൂട്ടായിൽ നടന്ന സൺഡാൻസ് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചിരുന്നു. ഹാർവാർഡിൽ നിന്ന് ബിരുദം നേടിയ മലിയ ഹിറ്റ് സീരിസുകളായ എക്സ്റ്റന്റ്, സ്വാം എന്നിവയിൽ പ്രവർത്തിച്ചിട്ടുണ്ട്.
സതേൺ കാലിഫോർണിയ യൂണിവേഴ്‌സിറ്റിയിൽ നിന്ന് സോഷ്യോളജിയിലാണ് ദമ്പതികളുടെ ഇളയ മകൾ സാഷ ബിരുദം നേടിയിരിക്കുന്നത്.
Adjust Story Font
16