Quantcast

ബശ്ശാറിനെതിരെ റഷ്യയിൽ വധശ്രമം? ശരീരത്തിൽ വിഷാംശം, ചികിത്സയിലെന്ന് റിപ്പോർട്ട്

ബശ്ശാറിന്‍റെ ഭാര്യ അസ്മ രക്താർബുദം പിടിപെട്ട് ഗുരുതരാവസ്ഥയിലാണെന്നും വിവാഹമോചനത്തിനു ശ്രമിക്കുന്നതായുമുള്ള അഭ്യൂഹങ്ങള്‍ നേരത്തെ പ്രചരിച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    3 Jan 2025 6:29 AM GMT

ബശ്ശാറിനെതിരെ റഷ്യയിൽ വധശ്രമം? ശരീരത്തിൽ വിഷാംശം, ചികിത്സയിലെന്ന് റിപ്പോർട്ട്
X

മോസ്‌കോ: റഷ്യയിൽ അഭയം തേടിയ മുൻ സിറിയൻ ഭരണാധികാരി ബശ്ശാറുൽ അസദിനെതിരെ വധശ്രമം നടന്നതായി റിപ്പോർട്ട്. വിഷം നൽകി കൊല്ലാനായിരുന്നു ശ്രമമെന്നാണു സൂചന. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ബശ്ശാർ മോസ്‌കോയിൽ ചികിത്സയിലായിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

മുൻ റഷ്യൻ ചാരന്റെ നേതൃത്വത്തിലുള്ള 'ജനറൽ എസ്‌വിആർ' എന്ന പേരിലുള്ള ജനപ്രിയ ടെലഗ്രാം ചാനലിലെ വിവരങ്ങൾ അടിസ്ഥാനമാക്കിയാണു മാധ്യമങ്ങൾ വാർത്ത പുറത്തുവിട്ടത്. കഴിഞ്ഞ ദിവസമാണ് അവശനിലയിലായ ബശ്ശാറിനെ ഡോക്ടർമാർ എത്തി ചികിത്സിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു. കടുത്ത ചുമയെയും ഛർദിയെയും തുടർന്നായിരുന്നു ചികിത്സ തേടിയത്. താമസസ്ഥലത്തേക്ക് മെഡിക്കൽ സംഘം എത്തുകയായിരുന്നു. നിലവിൽ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ബശ്ശാറിന്റെ ശരീരത്തിൽ വിഷാംശം കണ്ടെത്തിയതായാണു വിവരം. വധശ്രമത്തിന്റെ ഭാഗമാണിതെന്ന് റിപ്പോർട്ടിൽ പറയുന്നു. വാർത്തയോട് പ്രതികരിക്കാൻ റഷ്യൻ വൃത്തങ്ങൾ തയാറായിട്ടില്ല. പ്രസിഡന്റ് വ്‌ളാദ്മിർ പുടിൻ ഉൾപ്പെടെയുള്ള ഉന്നത റഷ്യൻ വൃത്തങ്ങളുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ പുറത്തുവിട്ട് 'ജനറൽ എസ്‌വിആർ' മുൻപും വാർത്തകളിൽ നിറഞ്ഞിരുന്നു. റഷ്യൻ ഫോറീൻ ഇന്റലിജൻസ് സർവീസിൽ(എസ്‌വിആർ) നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നവരും മുൻ ജീവനക്കാരും ഉൾപ്പെടെ ചാനലിന്റെ ഭാഗമാണെന്നാണ് ഇവർ അവകാശപ്പെടാറുള്ളത്.

വിമതസംഘം ഹയ്അത്തുത്തഹ്‌രീർ(എച്ച്ടിഎസ്) സിറിയയിൽ ഭരണം പിടിച്ചതിനു പിന്നാലെ കഴിഞ്ഞ ഡിസംബർ എട്ടിനാണ് ബശ്ശാറുൽ അസദും ഭാര്യ അസ്മയും റഷ്യയിൽ അഭയം തേടിയത്. ബശ്ശാറിനും കുടുംബത്തിനും മോസ്‌കോയിലെത്താനുള്ള സൗകര്യമൊരുക്കി നൽകിയത് റഷ്യൻ ഭരണകൂടമായിരുന്നു. റഷ്യയിലെത്തിയ ശേഷം മുൻ സിറിയൻ ഭരണാധികാരിയുടെയും ഭാര്യയുടെയും ആരോഗ്യനില മോശമായതായുള്ള അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.

അസ്മയ്ക്ക് രക്താർബുദമാണെന്നായിരുന്നു ഒരു റിപ്പോർട്ട്. അസ്മയ്ക്ക് 2019 ല്‍ സ്തനാര്‍ബുദം സ്ഥിരീകരിച്ചിരുന്നു. ഒരു വര്‍ഷത്തെ ചികിത്സയ്ക്കുശേഷം രോഗം ഭേദമായെങ്കിലും ഇപ്പോള്‍ രക്താര്‍ബുദം പിടിപെട്ടതായുള്ള റിപ്പോര്‍ട്ടുകളാണു പുറത്തുവരുന്നത്. ഇത്തവണ സ്ഥിതി ഗുരുതരമാണെന്നാണു വിവരം. അതിജീവിക്കാന്‍ സാധ്യത കുറവാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ബ്രിട്ടീഷ് പൗരയായ ഇവർ ബശ്ശാറുമായി വിവാഹമോചനത്തിന് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും യുകെയിലെ വീട്ടിലേക്കു മടങ്ങാൻ നീക്കം നടത്തുന്നതായും തുർക്കി മാധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്തിരുന്നു. അസ്മയുടെ ബന്ധുക്കളെല്ലാം ലണ്ടനിലാണു കഴിയുന്നത്.

അതേസമയം, അരനൂറ്റാണ്ടു നീണ്ട അസദ് കുടുംബവാഴ്ചയ്ക്കാണ് കഴിഞ്ഞ ഡിസംബർ ആദ്യവാരത്തിൽ സിറിയയിൽ അന്ത്യമായിരിക്കുന്നത്. 1971ൽ സൈനിക അട്ടിമറിയിലൂടെയാണ് ബശ്ശാറിന്റെ പിതാവ് ഹാഫിസ് അൽഅസദ് അധികാരം പിടിച്ചത്. 2000ൽ മരണം വരെ അദ്ദേഹം സിറിയ ഭരിച്ചു. പിതാവിന്റെ മരണത്തിനു പിന്നാലെ ബശ്ശാറുൽ അസദ് സിറിയൻ ഭരണം ഏറ്റെടുത്തു. 2000 ജൂലൈയിലാണ് ബശ്ശാർ സിറിയൻ പ്രസിഡന്റായി അധികാരമേറ്റത്. രണ്ടു പതിറ്റാണ്ടിലേറെ കാലം നീണ്ട ഭരണത്തിൽ 2011ലെ ജനകീയ പ്രക്ഷോഭത്തെയും അതിജീവിക്കാൻ അദ്ദേഹത്തിനായി. സഹോദരൻ ബാസിൽ അൽഅസദ് ആണ് പിതാവിന്റെ പിൻഗാമിയാകുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാൽ, 1994ൽ ഒരു കാറപകടത്തിൽ ബാസിൽ മരിച്ചതോടെയാണ് സിറിയൻ ഭരണത്തിനുള്ള നിയോഗം ബശ്ശാറിലെത്തിയത്.

Summary: Bashar al-Assad poisoned in Moscow in an assassination attempt: Reports

TAGS :

Next Story