Quantcast

മൊറോക്കോയോട് ഞെട്ടിക്കുന്ന തോൽവി; ബ്രസൽസിൽ അഴിഞ്ഞാടി ബെൽജിയം ആരാധകർ-കലാപം

ഇന്നലെ ഗ്രൂപ്പ് എഫിലെ നിർണായക മത്സരങ്ങളിലൊന്നാണ് മൊറോക്കോ ലോക രണ്ടാം നമ്പർ ടീമായ ബെൽജിയത്തെ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത രണ്ടു ഗോളിനായിരുന്നു ആഫ്രിക്കൻ സംഘത്തിന്റെ വിജയം

MediaOne Logo

Web Desk

  • Updated:

    2022-11-28 01:26:34.0

Published:

28 Nov 2022 1:25 AM GMT

മൊറോക്കോയോട് ഞെട്ടിക്കുന്ന തോൽവി; ബ്രസൽസിൽ അഴിഞ്ഞാടി ബെൽജിയം ആരാധകർ-കലാപം
X

ബ്രസൽസ്: ലോകകപ്പ് ഫുട്‌ബോളിൽ ബെൽജിയം മൊറോക്കോയോട് തോറ്റതിന് പിന്നാലെ തലസ്ഥാനമായ ബ്രസൽസിൽ കലാപസമാനമായ അന്തരീക്ഷം. നഗരത്തിൽ ബെൽജിയം ആരാധകർ അഴിഞ്ഞാടി. വ്യാപാര സ്ഥാപനങ്ങൾ അടിച്ചുതകർക്കുകയും വാഹനങ്ങൾക്ക് തീയിടുകയും ചെയ്തു.

അക്രമികൾക്കെതിരെ പൊലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. അക്രമം വ്യാപിക്കാതിരിക്കാനായി മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടു. റോഡുകളിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ഇന്നലെ ഗ്രൂപ്പ് എഫിലെ നിർണായക മത്സരങ്ങളിലൊന്നാണ് മൊറോക്കോ ലോക രണ്ടാം നമ്പർ ടീമായ ബെൽജിയത്തെ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത രണ്ടു ഗോളിനായിരുന്നു ആഫ്രിക്കൻ സംഘത്തിന്റെ വിജയം. ഇതിനു പിന്നാലെയാണ് ബ്രസൽസിൽ അക്രമങ്ങളും അനിഷ്ട സംഭവങ്ങളും അരങ്ങേറിയത്. തെരുവുകൾ കീഴടക്കിയ അക്രമികൾ കാറുകൾ തകർത്തും ഇലക്ട്രിക് സ്‌കൂട്ടറുകൾ അഗ്നിക്കിരയാക്കിയും അഴിഞ്ഞാടി. നഗരത്തിൽ വ്യാപകമായി കല്ലേറുമുണ്ടായി.

രോഷാകുലരായ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസിന് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിക്കേണ്ടിവന്നു. ബ്രസൽസിൽ പ്രധാന കേന്ദ്രങ്ങൾ പൊലീസ് അടച്ചിട്ടിരിക്കുകയാണ്. അക്രമം വ്യാപിക്കാതിരിക്കാനായി മെട്രോ സ്റ്റേഷനുകൾകൂടി സീൽ ചെയ്തു. സബ്‌വേകൾ അടച്ചിടുകയും ട്രാം ഗതാഗതം നിർത്തിവയ്ക്കുകയും ചെയ്തിട്ടുണ്ട്.

ജനക്കൂട്ടം പടക്കം പൊട്ടിക്കുന്നതിനിടെ ഒരു മാധ്യമ പ്രവർത്തകന് മുഖത്ത് പരിക്കേറ്റു. അക്രമം നിയന്ത്രണ വിധേയമാകുന്നതുവരെ നഗരമധ്യത്തിലേക്ക് വരരുതെന്ന് ബ്രസൽസ് മേയർ ഫിലിപ് ക്ലോസ് മുന്നറിയിപ്പ് നൽകി.

Summary: Belgium-Morocco World Cup match triggers riots in Brussels as Belgian police detained a dozen people

TAGS :

Next Story