'ഫലസ്തീനെക്കുറിച്ചുള്ള പോസ്റ്റുകൾക്ക് ഇൻസ്റ്റഗ്രാം വിലക്ക്'; ആരോപണവുമായി അമേരിക്കൻ മോഡൽ ബെല്ല ഹദീദ്
മുസ്‌ലിം അക്കാദമിക പണ്ഡിതനായ ഒമർ സുലൈമാനും കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിനെതിരെ സമാനമായ ആരോപണവുമായി രംഗത്തെത്തിയിരുന്നു
വാഷിങ്ടൺ: ഫലസ്തീനെക്കുറിച്ചുള്ള പോസ്റ്റുകൾ ഇൻസ്റ്റഗ്രാം വിലക്കുന്നതായുള്ള ആരോപണവുമായി സൂപ്പർ മോഡൽ ബെല്ലാ ഹദീദ്. ഇൻസ്റ്റഗ്രാമിലൂടെ തന്നെയാണ് ഫലസ്തീനിയൻ-അമേരിക്കൻ സൂപ്പർ മോഡലിന്റെ ആരോപണം.
എനിക്ക് ഇൻസ്റ്റഗ്രാം സ്‌റ്റോറിയിൽ പോസ്റ്റ് ചെയ്യാനാകുന്നില്ല. ഫലസ്തീനുമായി ബന്ധപ്പെട്ട വിഷയങ്ങൾ പോസ്റ്റ് ചെയ്യുമ്പോൾ മാത്രമാണ് അങ്ങനെ സംഭവിക്കുന്നതെന്നാണ് എനിക്ക് തോന്നുന്നത്-25കാരി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ഫലസ്തീനെക്കുറിച്ച് ഞാൻ പോസ്റ്റ് ചെയ്യുമ്പോൾ ഉടൻ തന്നെ അതിനുനേരെ വിലക്ക് വരുന്നുണ്ട്. ഏകദേശം പത്തുലക്ഷത്തോളം പേകർക്കാണ് എന്റെ പോസ്റ്റുകളും സ്‌റ്റോറികളും കാണാൻ കഴിയാത്തതെന്നും ബെല്ല ആരോപിച്ചു. ഇതിന്റെ സ്‌ക്രീൻഷോട്ടും അവർ ഇൻസ്റ്റഗ്രാം സ്‌റ്റോറിയിൽ പങ്കുവച്ചിട്ടുണ്ട്. പ്രായമായ ഫലസ്തീനിയെ ഇസ്രായേൽ സൈന്യം ആക്രമിക്കുന്നതിന്റെ വിഡിയോ റീപോസ്റ്റ് ചെയ്യാനുള്ള ശ്രമം വിഫലമായിരിക്കുകയാണെന്ന് ഇതിൽ ഇവർ സൂചിപ്പിച്ചു.
മുസ്‌ലിം അക്കാദമിക പണ്ഡിതനായ ഒമർ സുലൈമാനും കഴിഞ്ഞ ദിവസം ഇതേ ആരോപണവുമായി രംഗത്തെത്തിയിരുന്നു. അൽഅഖ്‌സയ്ക്കുനേരെയുള്ള ആക്രമണത്തിന്റെ വിഡിയോ പങ്കുവച്ചതിനു പിന്നാലെ ഇൻസ്റ്റഗ്രാം അക്കൗണ്ട് കൃത്യമായി പ്രവർത്തിക്കുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു.
Summary: Bella Hadid says Instagram blocks her stories over Palestine posts
Adjust Story Font
16