Quantcast

ഭഗവത്ഗീത പാർക്ക് തകർത്തോ? റിപ്പോർട്ടുകൾ തള്ളി കാനഡ

പഴയ ട്രോയേഴ്‌സ് പാർക്ക് ആണ് കഴിഞ്ഞയാഴ്ച ഭഗവത്ഗീത പാർക്ക് എന്നു പുനർനാമകരണം ചെയ്തത്

MediaOne Logo

Web Desk

  • Published:

    3 Oct 2022 1:54 PM GMT

ഭഗവത്ഗീത പാർക്ക് തകർത്തോ? റിപ്പോർട്ടുകൾ തള്ളി കാനഡ
X

ഒട്ടാവ: കാനഡയിലെ ശ്രീ ഭഗവത്ഗീത പാർക്കിലെ ബോർഡ് നശിപ്പിച്ചതായുള്ള ആരോപണങ്ങൾ തള്ളി നഗരസഭാ അധികൃതർ. ബ്രാംപ്ടൺ നഗരത്തിൽ ഹിന്ദു സമൂഹത്തോടുള്ള ആദരവിന്റെ ഭാഗമായി അടുത്തിടെ പേരുമാറ്റിയ പാർക്കിനുനേരെ അതിക്രമമുണ്ടായെന്ന് ഇന്ത്യൻ ഹൈക്കമ്മിഷണർ ആരോപിച്ചിരുന്നു. അറ്റകുറ്റപണിയുടെ ഭാഗമായി താൽക്കാലികമായി സ്ഥാപിച്ച ബോർഡ് കാണിച്ചാണ് വിവാദം നടക്കുന്നതെന്നാണ് ബ്രാംപ്ടൺ നഗര ഭരണകൂടത്തിന്റെ വിശദീകരണം.

മുൻപ് ട്രോയേഴ്‌സ് പാർക്ക് എന്ന പേരിൽ അറിയപ്പെട്ടിരുന്ന കേന്ദ്രമാണ് കഴിഞ്ഞ മാസം 28നു പേരുമാറ്റിയത്. പാർക്കിന്റെ പേരടങ്ങിയ സൂചനാഫലകങ്ങൾ നശിപ്പിക്കുകയും അതിക്രമം നടത്തുകയും ചെയ്തതായി പരാതി ഉയർന്നിരുന്നു. ഇതേതുടർന്നാണ് ഇന്ത്യൻ ഹൈക്കമ്മിഷണർ ഇക്കാര്യം കാനഡ അധികൃതരെ ധരിപ്പിച്ചത്. വിദ്വേഷ കുറ്റകൃത്യമെന്ന് വിശേഷിപ്പിച്ചായിരുന്നു ഹൈക്കമ്മിഷൻ പ്രദേശിക പൊലീസിനെയും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെയും അടക്കം ടാഗ് ചെയ്ത് ട്വീറ്റ് ചെയ്തത്.

എന്നാൽ, ആക്രമണ വാർത്തകൾ പുറത്തുവന്ന ഉടൻ തന്നെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നുവെന്ന് ബ്രാംപ്ടൺ മേയർ പാട്രിക് ബ്രൗൺ ട്വീറ്റ് ചെയ്തു. അറ്റകുറ്റപണിക്കിടെയാണ് പേരില്ലാത്ത ബോർഡ് സ്ഥാപിച്ചതെന്നും ഇത് ഉടൻ തന്നെ മാറ്റുമെന്നും അദ്ദേഹം അറിയിച്ചു. പാർക്കിൽ സ്ഥാപിച്ച സ്ഥിരം ബോർഡുകളോ മറ്റ് ഭാഗങ്ങളോ നശിപ്പിക്കപ്പെട്ടതിന് ഒരു തെളിവുമില്ലെന്ന് പ്രദേശത്തെ പീൽ റീജ്യനൽ പൊലീസും പ്രതികരിച്ചു.

അടുത്തിടെ, കാനഡയിൽ ഹിന്ദു സമൂഹത്തിനെതിരെ വലിയ തോതിൽ വിദ്വേഷ കുറ്റകൃത്യങ്ങൾ നടക്കുന്നുണ്ടെന്ന് ഇന്ത്യ ഉന്നയിച്ചിരുന്നു. കാനഡയിലുള്ള ഇന്ത്യൻ പൗരന്മാർക്ക് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ജാഗ്രതാ നിർദേശം നൽകുകയും ചെയ്തു. ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നാണ് സർക്കാർ ഇതിനെ വിശേഷിപ്പിച്ചത്.

Summary: ''Bhagavad Gita Park sign not vandalized'', Canadian police reject India's 'charge'

TAGS :

Next Story