Quantcast

ഹൂതികളെ ആഗോള ഭീകരപ്പട്ടികയിൽ ഉൾപ്പെടുത്താൻ അമേരിക്ക; മുന്നറിയിപ്പ് തള്ളി ഹൂതികൾ

ആക്രമണം നിർത്തിയില്ലെങ്കിൽ ഒരു മാസത്തിനുള്ളിൽ ഹൂതികളെ ഭീകര പട്ടികയിൽ ഉൾപ്പെടുത്താനാണ്​ യു.എസ്​ തീരുമാനം

MediaOne Logo

Web Desk

  • Published:

    18 Jan 2024 12:51 AM GMT

Yemen strikes,US, global terrorist list,Houthis,Houthisattack,redsea,war news,gaza,ഹൂതി,ചെങ്കടല്‍,അമേരിക്ക
X

ദുബൈ: ഇന്നലെ രാത്രി മറ്റൊരു അമേരിക്കൻ കപ്പലിനു നേരെ ഹൂതി ആക്രമണം നടന്നതോടെ കടുത്ത മുന്നറിയിപ്പുമായി പെൻറഗൺ. അമേരിക്ക പ്രത്യാക്രമണം നടത്തിയാൽ ശക്​തമായി തിരിച്ചടിക്കുമെന്ന്​ ഹൂതികളും അറിയിച്ചു.

അമേരിക്കൻ കമ്പനിയുടെ ഉടമസ്​ഥതയിലുള്ള കപ്പലിനു നേരെയാണ്​ ഏറ്റവും ഒടുവിലായി ആക്രമണം നടന്നത്​. ഇസ്രായേലിലേക്ക്​ പുറ​പ്പെട്ടതായിരുന്നു അക്രമിക്കപ്പെട്ട കപ്പലെന്ന്​ ഹൂതികൾ. ചെങ്കടലിൽ കപ്പൽ സുരക്ഷ ഉറപ്പാക്കാൻ സഖ്യരാജ്യങ്ങൾക്കൊപ്പം ചേർന്ന്​ നടപടി സ്വീകരിക്കുമെന്ന്​ പെൻറഗണനും മുന്നറിയിപ്പ് നല്‍കി. അമേരിക്കയുടെയും ബ്രിട്ടന്‍റെയും ആക്രമണം ഉണ്ടായാൽ വെറുതെ വിടില്ലെന്ന മുന്നറിയിപ്പുമായി ഹൂതികളും രംഗത്തുവന്നു.

ഇസ്രായേൽ മനുഷ്യക്കുരുതിക്ക് നിരുപാധിക പിന്തുണ ഉറപ്പാക്കുന്നതിനിടെ ചെങ്കടലിൽ കപ്പലുകൾക്കുനേരെ ആക്രമണം നടത്തുന്ന ഹൂതികളെ ഭീകരപ്പട്ടികയിൽപെടുത്താനും യു.എസ് നീക്കം തുടങ്ങി. ആക്രമണം നിർത്തിയില്ലെങ്കിൽ ഒരു മാസത്തിനുള്ളിൽ ഹൂതികളെ ഭീകര പട്ടികയിൽ ഉൾപ്പെടുത്താനാണ്​ യു.എസ്​ തീരുമാനം. ഗസ്സയിൽ ഇസ്രായേൽ അടിയന്തര വെടിനിർത്തൽ നടപ്പാക്കുംവരെ ആ രാജ്യത്തേക്കുള്ള കപ്പലുകൾ അക്രമിക്കുന്നത്​ തുടരുമെന്നാണ്​ ഹൂതികളുടെ നിലപാട്​. നേരത്തെ ഹൂതികൾ ഈ പട്ടികയിലുണ്ടായിരുന്നെങ്കിലും 2021ൽ ഒഴിവാക്കിയിരുന്നു. ഹൂതികൾക്കെതിരെ നാവിക സുരക്ഷാ സേനയുടെ ഭാഗമാകില്ലെന്ന്​ ഫ്രാൻസ്​ അറിയിച്ചു. സംഘർഷം വ്യാപിക്കരുതെന്ന തീരുമാനത്തിന്‍റെ അടിസ്​ഥാനത്തിലാണിതെന്ന്​ ഫ്രഞ്ച്​ പ്രസിഡൻറ്​ ഇമ്മാനുവൽ മാക്രോൺ വ്യക്തമാക്കി.

അതിനിടെ ഹമാസ് ബന്ദികളാക്കിയവർക്കും ഗസ്സയിലെ ഫലസ്​തീൻ രോഗികൾക്കും മരുന്ന് എത്തിക്കാനുള്ള നടപടികൾ ആ​രംഭിച്ചു. ഖത്തറിൽ നിന്ന്​ രണ്ട്​ വിമാനങ്ങളിലായി ഈജിപ്​തിലെ അൽ ആരിഷ്​ വിമാനത്താവളത്തിൽ എത്തിച്ച മരുന്ന്​ ഉൽപന്നങ്ങൾ ഇന്ന്​ കൈമാറുമെന്നാണ്​ വിവരം. ഖത്തറും ഫ്രാൻസും ഇടനിലക്കാരായി ഇസ്രായേലും ഹമാസുമായി നടത്തിയ കരാറിന്റെ അടിസ്​ഥാനത്തിലാണ്​ മരുന്നുവിതരണം. ബന്ദികൾക്ക് ഒരുപെട്ടി മരുന്ന് നൽകുമ്പോൾ ഗസ്സയിലെ ജനങ്ങൾക്ക് 1000 പെട്ടി വീതം നൽകണമെന്നതാണ് പ്രധാന വ്യവസ്ഥയെന്ന് മുതിർന്ന ഹമാസ് നേതാവ് മൂസ അബു മർസൂഖ് ഇന്നലെ അറിയിച്ചിരുന്നു.

പിന്നിട്ട 24 മണിക്കൂറിനിടെ ഗസ്സയിൽ 163 പേരാണ് ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 350 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ, ഗസ്സയിൽ ആകെ കൊല്ലപ്പെട്ടവരുടെ എണ്ണം 24,448 ആയി. 61,504 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗസ്സയിൽ നിന്ന്​ സൈന്യത്തെ പിൻവലിച്ചതും മരുന്ന്​ കൈമാറാൻ രൂപപ്പെടുത്തിയ കരാറും ഹമാസിന്​ കരുത്തേകുമെന്ന്​ ഇസ്രായേൽ മന്ത്രി ബെൻ ഗവിർ വിമർശിച്ചു.

TAGS :

Next Story