Quantcast

ഗസ്സയിൽ വെടിനിർത്തലിനും ബന്ദി​മോചനത്തിനും ഇസ്രായേൽ പുതിയ നിർദേശം മുന്നോട്ടുവെച്ചതായി ജോ ബൈഡൻ

കരടുരൂപം ഖത്തർ വഴി ഇസ്രായേൽ ഹമാസിന്​ കൈമാറിയെന്ന് ബൈഡൻ

MediaOne Logo

Web Desk

  • Published:

    1 Jun 2024 1:41 AM GMT

ഗസ്സയിൽ വെടിനിർത്തലിനും ബന്ദി​മോചനത്തിനും ഇസ്രായേൽ പുതിയ നിർദേശം മുന്നോട്ടുവെച്ചതായി ജോ ബൈഡൻ
X

ദുബൈ: ഗസ്സയിൽ വെടിനിർത്താനും ബന്ദി​മോചനത്തിനും ഇസ്രായേൽ പുതിയ നിർദേശം മുന്നോട്ടുവെച്ചതായി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. മൂന്നുഘട്ടങ്ങളായുള്ള വെടിനിർത്തൽ കരാറിന്റെ കരടുരൂപം ഖത്തർ വഴി ഇസ്രായേൽ ഹമാസിന്​ കൈമാറിയെന്നും ബൈഡൻ പറഞ്ഞു.

ആറാഴ്ച നീണ്ടുനിൽക്കുന്നതാണ്​ ആദ്യഘട്ടം. ഈ ഘട്ടത്തിൽ ഗസ്സയിലെ ജനവാസ മേഖലകളിൽ നിന്ന് ഐ.ഡി.എഫ് പിൻവാങ്ങും. നൂറുകണക്കിന് ഫലസ്തീൻ തടവുകാരെ ഇസ്രായേൽ വിട്ടയക്കും. പകരം സ്ത്രീകളും പ്രായമായവരും പരിക്കേറ്റവരും ഉൾപ്പെട്ട ബന്ദികളെ ഹമാസ് മോചിപ്പിക്കണം. ഗസ്സയിലുടനീളമുള്ള ഫലസ്തീൻ പൗരന്മാർക്ക് അവരവരുടെ വീടുകളിലേക്ക് മടങ്ങാം. നിത്യവും സഹായവസ്തുക്കളുമായി 600 ട്രക്കുകൾ ഗസ്സയിലേക്ക് കടത്തിവിടും.

അന്താരാഷ്ട്ര സമൂഹം അയച്ച ലക്ഷക്കണക്കിന് താത്കാലിക ഭവന യൂണിറ്റുകൾ ഗസ്സയിൽ സ്ഥാപിക്കും. ആദ്യഘട്ട വേളയിൽ ഇരുപക്ഷവും തമ്മിൽ ചർച്ച വിജയിച്ചാൽ തുടർ ഘട്ടങ്ങളിലേക്ക്​ നീങ്ങും.

രണ്ടാം ഘട്ടത്തിൽ പുരുഷൻമാരായ സൈനികർ ഉൾപ്പെടെ ബാക്കിയുള എല്ലാ ബന്ദികളുടേയും മോചനവും ഗസ്സയിൽ നിന്ന് ഇസ്രായേൽ സേനയുടെ പൂർണ പിൻവാങ്ങലുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

മൂന്നാം ഘട്ടത്തിൽ ഗസ്സയിലെ എല്ലാ ഇസ്രായേൽ ബന്ദികളുടെയും മൃതദേഹങ്ങൾ തിരികെ നൽകും യു.എസിന്റെയും അന്തർദേശീയ ഏജൻസികളുടെയും സഹായത്തോടെ വീടുകളും സ്‌കൂളുകളും ആശുപത്രികളും പുനർനിർമിക്കുന്നതിനുള്ള 'ഗസ്സ പുനർനിർമാണ പദ്ധതിയും ഇതോടെ ആരംഭിക്കും.

യുദ്ധം നിർത്താനുള്ള ഏറ്റവും മികച്ച നിർദേശമാണിതെന്നും ഇരുപക്ഷവും ഇത്​ അംഗീകരിക്കണമെന്നും ബൈഡൻ നിർദേശിച്ചു. യൂറോപ്യൻ യൂനിയനും വിവിധ രാജ്യങ്ങളും പുതിയ വെടിനിർത്തൽ നിർദേശം സ്വാഗതം ചെയ്​തു. ഹമാസ്​ നേരത്തെ അംഗീകരിച്ചതിൽ നിന്ന്​ നേരിയ മാറ്റങ്ങൾ മാത്രമാണ്​ പുതിയ വെടിനിർത്തൽ നിർദേശത്തിലുള്ളതെന്നാണ്​ അമേരിക്കൻ ഉദ്യോഗസ്​ഥരുടെ വാദം.

ഹമാസുമായി ചർച്ച നടത്താൻ സംഘത്തെ നിയോഗിച്ചതായി ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസ്​ അറിയിച്ചു. പുതിയ നിർദേശത്തിനെതിരെ ഇസ്രായേലിൽ തന്നെ എതിർപ്പ്​ ശക്​തമാണ്​. ഹമാസിനെ പൂർണമായും അമർച്ച ചെയ്യുക, ബന്ദികളെ മോചിപ്പിക്കുക, യുദ്ധാനന്തര ഗസ്സയിൽ തങ്ങളുടെ നിയന്ത്രണത്തിലുള്ള ഭരണം സ്​ഥാപിക്കുക ഉൾപ്പെടെ ഒരു ലക്ഷ്യവും നേടാതെ​ പിൻവാങ്ങേണ്ടി വരുന്നത്​ വലിയ പരാജയമാണെന്നാണ്​​ വലതുപക്ഷ മന്ത്രിമാരുടെയും മറ്റും കുറ്റപ്പെടുത്തൽ.

അതിനിടെ, റഫയിൽ ആക്രമണം ശക്​തമായി തുടരുകയാണ്​ ഇസ്രായൽ. ദക്ഷിണ ലബനാനിൽ നിന്നുള്ള മിസൈൽ ആകമണത്തിൽ 3 ഇസ്രായേലികൾക്ക്​ പരിക്കേറ്റു. ചെങ്കടലിൽ യു.എസ്​ ബ്രിട്ടീഷ്​ വ്യോമാ​ക്രമണത്തിന്​ മറുപടിയായി അമേരിക്കൻ കപ്പലിനു നേരെ ഹൂത്തികളുടെ ആക്രമണം നടന്നു.

TAGS :

Next Story