Quantcast

ഡെമോക്രാറ്റുകളില്‍ നിന്നും സമ്മര്‍ദ്ദം: ഇസ്രായേല്‍-ഫലസ്തീന്‍ വെടിനിര്‍ത്തലിന് പിന്തുണ അറിയിച്ച് ബൈഡന്‍

ഫലസ്തീന്‍ പ്രതിസന്ധി തുടങ്ങിയതു മുതല്‍ ഇസ്രായേലിന് നിരുപാധിക പിന്തുണയാണ് ജോ ബൈഡന്‍ നല്‍കി പോന്നത്.

MediaOne Logo

Web Desk

  • Published:

    18 May 2021 8:55 AM GMT

ഡെമോക്രാറ്റുകളില്‍ നിന്നും സമ്മര്‍ദ്ദം: ഇസ്രായേല്‍-ഫലസ്തീന്‍ വെടിനിര്‍ത്തലിന് പിന്തുണ അറിയിച്ച് ബൈഡന്‍
X

ഫലസ്തീന്‍ - ഇസ്രായേല്‍ സംഘര്‍ഷത്തിന് അവസാനം കുറിക്കാന്‍ വെടിനിര്‍ത്തലിന് പിന്തുണ അറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ആക്ടിവിസ്റ്റുകളുടെയും സ്വന്തം പാര്‍ട്ടിയായ ഡെമോക്രാറ്റുകള്‍ക്കിടയില്‍ നിന്നുതന്നെയുള്ള സമ്മര്‍ദ്ദങ്ങളെ തുടര്‍ന്നാണ് പ്രസിഡന്റ് വെടിനിര്‍ത്തലിന് പിന്തുണയുമായെത്തിയത്.

പ്രശ്‌നപരിഹാരത്തിന് വെടിനിര്‍ത്തലിന് അനുകൂലമായി പ്രസിഡന്റ് നിലപാട് എടുത്തതായും ഈജിപ്ത് ഉള്‍പ്പടെയുള്ള കക്ഷികളുമായി ചര്‍ച്ച നടത്തിയതായും വൈറ്റ്ഹൗസ് അറിയിച്ചു. യു.എന്‍ രക്ഷാസമിതിയുടെ വെടിനിര്‍ത്തലിനായുള്ള പ്രമേയം തുടര്‍ച്ചയായി വീറ്റോ ചെയ്തതിന് പിന്നാലെയാണ് അമേരിക്കന്‍ പ്രസിഡന്റ് നിലപാട് മാറ്റം.

ഫലസ്തീന്‍ പ്രതിസന്ധി തുടങ്ങിയതു മുതല്‍ ഇസ്രായേലിന് നിരുപാധിക പിന്തുണയാണ് ജോ ബൈഡന്‍ നല്‍കി പോന്നത്. ഫലസ്തീനില്‍ ആക്രമണം തുടങ്ങിയ ശേഷം ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ മൂന്ന് തവണ ഫോണില്‍ ബന്ധപ്പെട്ട പ്രസിഡന്റ് ബൈഡന്‍, ഇസ്രായേലിന്റെ പ്രതിരോധിക്കാനുള്ള അവകാശത്തെ മാനിക്കുന്നതായി അറിയിച്ചിരുന്നു.

നിരപരാധികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് പ്രസിഡന്റ് ഇസ്രായേലിനോട് ആവശ്യപ്പെട്ടതായും വൈറ്റ്ഹൗസ് അറിയിച്ചു. റിപബ്ലിക്കന്‍, ഡെമോക്രാറ്റുകള്‍ക്കിടയില്‍ നിന്നും ഇസ്രായേലിന് എല്ലാ കാലത്തും പൂര്‍ണ പിന്തുണയാണ് ലഭിച്ചിട്ടുള്ളത്. എന്നാല്‍ ഫല്‌സ്തീന്‍ അക്രമണം രൂക്ഷമായി തുടരുന്നതിനിടയിലും പ്രസിഡന്റ് ബൈഡന്‍ ഏകപക്ഷീയമായി നിലപാട് സ്വീകരിച്ചത് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

ഗസ്സയില്‍ കുട്ടികളുള്‍പ്പടെ കൊല്ലപ്പെട്ട രൂക്ഷമായ അക്രമണവും, മാധ്യമസ്ഥാപനങ്ങള്‍ ഉള്‍കൊള്ളുന്ന പന്ത്രണ്ടു നില കെട്ടിടം തകര്‍ത്തതും ഡെമോക്രാറ്റുകള്‍ക്കിടയില്‍ തന്നെ വിമര്‍ശനത്തിന് കാരണമാവുകയുണ്ടായി. ഞായറാഴ്ച്ച പന്ത്രണ്ട് ഡെമോക്രാറ്റിക് സെനെറ്റര്‍മാര്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് രംഗത്ത് എത്തിയിരുന്നു.

TAGS :

Next Story