നാലു കി.മീ,വൈദ്യുതി,വെന്‍റിലേഷന്‍ ; ഗസ്സയില്‍ ഹമാസിന്‍റെ തുരങ്കം കണ്ടെത്തിയെന്ന് ഇസ്രായേല്‍
ചെറിയ വാഹനങ്ങള്‍ക്ക് ഈ തുരങ്കത്തിലൂടെ കടന്നുപോകാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ട്
തെല്‍ അവിവ്: ഗസ്സ-ഇസ്രായേല്‍ അതിര്‍ത്തിയില്‍ ഹമാസിന്‍റെ തുരങ്കം കണ്ടെത്തിയതായി ഞായറാഴ്ച ഇസ്രായേൽ സൈന്യം അറിയിച്ചു. നാലു കിലോമീറ്ററോളം വ്യാപിച്ചുകിടക്കുന്ന ഭൂഗര്‍ഭ തുരങ്കത്തിന്‍റെ കവാടം എറിസ് അതിര്‍ത്തിയില്‍ നിന്നും 400 മീറ്റര്‍ മാത്രം അകലെയാണെന്ന് ഇസ്രായേല്‍ പ്രതിരോധ സേന അറിയിച്ചു.
തുരങ്കത്തിന്‍റെ ദൃശ്യങ്ങളും ഐഡിഎഫ് പങ്കുവച്ചിട്ടുണ്ട്. ചെറിയ വാഹനങ്ങള്‍ക്ക് ഈ തുരങ്കത്തിലൂടെ കടന്നുപോകാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ട്. ഒരു എഎഫ്പി ഫോട്ടോഗ്രാഫര്‍ക്ക് തുരങ്കത്തിലേക്ക് പ്രവേശനം അനുവദിച്ചിരുന്നു. തുരങ്കനിര്‍മ്മാണത്തിന് ദശലക്ഷക്കണക്കിന് ഡോളര്‍ ചെലവായെന്നും വര്‍ഷങ്ങളെടുത്തുവെന്നും ഇസ്രായേല്‍ സൈന്യം പറയുന്നു. ഒക്ടോബാര്‍ 7 ആക്രമണത്തിന്‍റെ സൂത്രധാരനെന്ന് കരുതപ്പെടുന്ന ഹമാസ് തലവന്‍ യഹ്‌യ സിൻവാറിന്‍റെ സഹോദരൻ മുഹമ്മദ് യഹ്‌യയാണ് പദ്ധതിക്ക് നേതൃത്വം നൽകിയതെന്ന് സേന അറിയിച്ചു.ഡ്രയിനേജ് സംവിധാനം, വൈദ്യുതി,വെന്‍റിലേഷന്‍, ആശയവിനിമയ സംവിധാനം, റെയിലുകള്‍ തുടങ്ങിയ സൗകര്യങ്ങളും ഈ തുരങ്കത്തിലുണ്ട്.
തറ മണ്ണിട്ട് നികത്തിയിരിക്കുന്നു. ഭിത്തികള്‍ കോണ്‍ക്രീറ്റ് ചെയ്തിരിക്കുന്നു. 1.5 സെന്‍റിമീറ്റര്‍ കട്ടിയുള്ള ലോഹസിലിണ്ടര്‍ ഉപയോഗിച്ചാണ് പ്രവേശന കവാടം നിര്‍മിച്ചിരിക്കുന്നത്. ഹമാസ് ചിത്രീകരിച്ചതായി ഇസ്രായേൽ സൈന്യം പുറത്തുവിട്ട വീഡിയോയില്‍ ചെറിയ നിര്‍മാണ വാഹനം തുരങ്കത്തിലൂടെ ഓടിക്കുന്നത് കാണിച്ചു. ക്രൂഡ് പവർ ടൂളുകൾ ഉപയോഗിച്ച് തൊഴിലാളികള്‍ ഭൂമി തുരക്കുന്നതും വീഡിയോയില്‍ ദൃശ്യമാണ്. ആക്രമണത്തിന് ഉപയോഗിക്കാൻ പാകത്തിലുള്ള ആയുധങ്ങൾ തുരങ്കത്തിൽ സൂക്ഷിച്ചിരുന്നതായി ഇസ്രായേൽ സൈന്യം വ്യക്തമാക്കി.
Adjust Story Font
16