കാണാതായ ക്രിപ്റ്റോ കോടീശ്വരന്റെ മൃതദേഹം സ്യൂട്ട്കേസിൽ; മൂന്ന് തവണ വെടിയേറ്റെന്ന് പൊലീസ്
കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് സൂചന.
ഫെർണാണ്ടോ പെരസ് അൽഗാബ
ബ്യൂണസ് ഐറിസ്: ഒരാഴ്ചയായി കാണാതായ ക്രിപ്റ്റോ കോടീശ്വരന്റെ മൃതദേഹം സ്യൂട്ട്‌കേസിൽ വെട്ടിനുറുക്കിയ നിലയിൽ കണ്ടെത്തി. അർജന്റീനയിലെ ക്രിപ്റ്റോ കോടീശ്വരനായ ഫെർണാണ്ടോ പെരസ് അൽഗാബയാണ് മരിച്ചത്. ജൂലൈ 19 മുതലാണ് അൽഗാബയെ കാണാതായത്.
ബ്യൂണസ് ഐറിസിനു സമീപത്തെ തെരുവിലാണ് അൽഗാബയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. കളിക്കുന്നതിനിടെ ഒരുകൂട്ടം കുട്ടികളാണ് ചുവന്ന നിറത്തിലുള്ള സ്യൂട്ട്കേസ് ആദ്യം കണ്ടത്. തുടർന്ന് കുട്ടികളുടെ മാതാപിതാക്കൾ പൊലീസിനെ വിവരമറിക്കുകയായിരുന്നു.
സ്യൂട്ട്കേസിൽ നിന്ന് കാലുകളും കൈത്തണ്ടകളും പൊലീസ് കണ്ടെത്തി. മറ്റൊരു കൈ സമീപത്തെ അരുവിയിൽ നിന്നാണ് കണ്ടെടുത്തത്. തലയും മറ്റ് ശരീരഭാഗങ്ങളും പിന്നീട് നടത്തിയ തെരച്ചിലിൽ കണ്ടെത്തി. വിരലടയാളങ്ങളും ശരീരഭാഗങ്ങളിലെ ടാറ്റൂകളുമാണ് അൽഗാബയെ തിരിച്ചറിയാൻ സഹായിച്ചത്.
അവയവങ്ങൾ മുറിച്ചുമാറ്റിയത് വളരെ സൂക്ഷമമായാണെന്നും വിദഗ്ധ സംഘമാണ് കുറ്റകൃത്യത്തിന് പിന്നിലെന്നും പൊലീസ് അറിയിച്ചു. മൃതദേഹം വെട്ടിനുറുക്കുന്നതിനു മുൻപ് അൽഗാബയ്ക്ക് മൂന്നു തവണ വെടിയേറ്റതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് സൂചന. കടബാധ്യതകളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ സംശയം.
ക്രിപ്റ്റോ കറൻസി വ്യാപാരത്തിലൂടെ കോടീശ്വരനായ അൽഗാബ ആഢംബര വാഹനങ്ങൾ വാടകയ്ക്കു നൽകിയും പണം സമ്പാദിച്ചിരുന്നു. സമൂഹമാധ്യമങ്ങളിലും സജീവ സാന്നിധ്യമായിരുന്നു അൽഗാബ. ഇൻസ്റ്റഗ്രാമിൽ പത്തു ലക്ഷത്തിലധികം ഫോളോവേഴ്സാണ് അൽഗാബയ്ക്കുള്ളത്.
Adjust Story Font
16