Quantcast

ഇസ്രായേലുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിച്ച് ബൊളീവിയ

ഗസ്സയിലെ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഇസ്രായേലുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ച ആദ്യ രാജ്യങ്ങളിലൊന്നാണ് ബൊളിവീയ

MediaOne Logo

Web Desk

  • Published:

    1 Nov 2023 5:24 AM GMT

Bolivian President Luis Arce
X

ബൊളീവിയന്‍ പ്രസിഡന്‍റ് ലൂയിസ് ആർസ്

ലാ പാസ്: ഗസ്സയിലെ അതിക്രമങ്ങളിൽ പ്രതിഷേധിച്ച് ബൊളീവിയ ഇസ്രായേലുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിച്ചു. ഗസ്സയിലെ ആക്രമണങ്ങളില്‍ ഇസ്രായേല്‍ മനുഷ്യസമൂഹത്തിനെതിരെ കുറ്റകൃത്യങ്ങള്‍ ചെയ്തതായി ആരോപിച്ച് ചൊവ്വാഴ്ച ഇസ്രായേലുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചതായി ബൊളീവിയ സർക്കാർ അറിയിച്ചു.

ബൊളീവിയ "ഗസ്സയില്‍ നടക്കുന്ന ആക്രമണാത്മകവും ആനുപാതികമല്ലാത്തതുമായ ഇസ്രായേലി സൈനിക ആക്രമണത്തെ എതിര്‍ത്തും അപലപിച്ചും ഇസ്രായേലി രാഷ്ട്രവുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കാൻ തീരുമാനിച്ചു," ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഫ്രെഡി മാമണി വാർത്താസമ്മേളനത്തിൽ അറിയിച്ചു. വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്ത മാമണി ഭക്ഷണം, വെള്ളം, ജീവിതത്തിന് ആവശ്യമായ മറ്റ് ഘടകങ്ങൾ എന്നിവയിലേക്ക് പ്രവേശിക്കുന്നത് തടയുന്ന ഉപരോധം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ഫലസ്തീൻ ജനതയ്‌ക്കെതിരെ ഗസ്സയില്‍ നടക്കുന്ന മാനവികതയ്‌ക്കെതിരായ കുറ്റകൃത്യങ്ങളെ പരിഗണിച്ചാണഅ വാര്‍ത്താസമ്മേളനം വിളിച്ചതെന്ന് ഇടക്കാല വിദേശകാര്യ മന്ത്രി മരിയ നെല പ്രദ പറഞ്ഞു. ഇതിനോട് ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിട്ടില്ല.

ഗസ്സയിലെ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഇസ്രായേലുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ച ആദ്യ രാജ്യങ്ങളിലൊന്നാണ് ബൊളിവീയ. ഗസ്സയിലെ ഇസ്രായേൽ നടപടികളിൽ പ്രതിഷേധിച്ച് 2009ൽ ഇടതുപക്ഷ പ്രസിഡന്‍റ് ഇവോ മൊറേൽസിന്‍റെ സർക്കാരിന് കീഴിൽ തെക്കേ അമേരിക്കൻ രാജ്യം മുമ്പ് ഇസ്രായേലുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചിരുന്നു. 2020ലാണ് ബന്ധം പുനസ്ഥാപിച്ചത്. ഇസ്രയേലിനെ അപലപിക്കാനും ഭീകര രാഷ്ട്രമായി പ്രഖ്യാപിക്കാനും നിലവിലെ പ്രസിഡന്‍റ് ലൂയിസ് ആർസിനോട് സോഷ്യൽ മീഡിയയിൽ മൊറേൽസ് സമ്മർദ്ദം ചെലുത്തിയതിന് മണിക്കൂറുകൾക്ക് ശേഷമാണ് ചൊവ്വാഴ്ചത്തെ പ്രഖ്യാപനം. തിങ്കളാഴ്ച ബൊളീവിയയിലെ ഫലസ്തീൻ അംബാസഡറുമായി ആർസെ കൂടിക്കാഴ്ച നടത്തിയിരുന്നു. അതേസമയം കൊളംബിയയും ചിലിയും ഇസ്രായേലിൽ നിന്നും നയതന്ത്രപ്രതിനിധികളെ തിരിച്ചുവിളിച്ചിട്ടുണ്ട്.

ഒക്‌ടോബർ 7 മുതൽ ഇസ്രായേൽ ആക്രമണത്തിൽ 3,542 കുട്ടികളടക്കം 8,525 പേർ കൊല്ലപ്പെട്ടതായി ഗസ്സ ആരോഗ്യ അധികൃതർ അറിയിച്ചു.ഗസ്സയിലെ 2.3 ദശലക്ഷത്തിലധികം വരുന്ന സിവിലിയൻ ജനസംഖ്യയിൽ 1.4 ദശലക്ഷത്തിലധികം പേർ ഭവനരഹിതരാണെന്ന് യുഎൻ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. സാധാരണക്കാരുടെ വീടുകളെ ഹമാസ് പോരാളികളും കമാന്‍ഡര്‍മാരും മറയായി ഉപയോഗിക്കുന്നതായി ഇസ്രായേല്‍ സൈന്യം ആരോപിച്ചു.

TAGS :

Next Story