പാരിസിൽ ബോംബ് ഭീഷണി; ലൂവ്രെ മ്യൂസിയവും വെഴ്സായ് കൊട്ടാരവും ഒഴിപ്പിച്ചു
ലിയനാർഡോ ഡാവിഞ്ചിയുടെ ലോകപ്രശസ്ത ചിത്രമായ മൊണാലിസ ഉള്‍പ്പടെയുള്ള അമൂല്യമായ ചിത്രങ്ങളുള്ളതിനാൽ ലൂവ്രെ മ്യൂസിയത്തിന് കനത്ത സുരക്ഷയാണ് നൽകുന്നത്
പാരിസ്: ഫ്രാൻസിന്‍റെ തലസ്ഥാനമായ പാരിസിൽ ബോംബ് ഭീഷണിയെ തുടർന്ന് വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിന്നും സഞ്ചാരികളെ ഒഴിപ്പിച്ചു. പാരിസിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളായ ലൂവ്രെ മ്യൂസിയം, വേഴ്സായ് കൊട്ടാരം എന്നിവിടങ്ങളിൽ നിന്നെല്ലാം ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പൊതുജനങ്ങള്‍ക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
മ്യൂസിയത്തിൽ ഒരു ഭീഷണി സന്ദേശം ലഭിച്ചെന്നും അതിനാൽ മ്യൂസിയം അടച്ചിടുകയാണെന്നും വിശദമായ പരിശോധന നടത്തുമെന്നും മ്യൂസിയം വക്താവ് അറിയിച്ചു. മ്യൂസിയത്തിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് പണം തിരികെ നൽകും. ഭീഷണിയുടെ പശ്ചാത്തലത്തിൽ 7000 സൈനീകരെ വിന്യസിക്കാൻ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവേൽ മക്രോ നിർദേശിച്ചിട്ടുണ്ട്. രാജ്യത്തെ പ്രധാന നഗരങ്ങളിലും ആളുകള്‍ കൂടുന്ന ഇടങ്ങളിലും പ്രത്യേക പരിശോധന നടത്തുമെന്നും അധികൃതർ അറിയിച്ചു.
ലൂവ്രെ മ്യൂസിയത്തിൽ മാത്രം ഒരു ദിവസം 3000 മുതൽ 4000 വരെ സന്ദർശകർ എത്താറുണ്ട്. ലോകത്തിലെ ഏറ്റവും പ്രശസ്തമായ മ്യൂസിയങ്ങളിലൊന്നാണ് ലൂവ്രെ. ലിയനാർഡോ ഡാവിഞ്ചിയുടെ ലോകപ്രശസ്ത ചിത്രമായ മൊണാലിസ ഉള്‍പ്പടെയുള്ള അമൂല്യമായ ചിത്രങ്ങളുള്ളതിനാൽ ലൂവ്രെ മ്യൂസിയത്തിന് കനത്ത സുരക്ഷയാണ് നൽകുന്നത്.
Adjust Story Font
16