'മരിക്കരുത്, ഞാൻ മടങ്ങിവരും'; ചുഴലിക്കാറ്റിൽ മാതാപിതാക്കൾക്ക് രക്ഷകനായി 9 വയസുകാരൻ
ചുഴലിക്കാറ്റിൽ പെട്ട് വാഹനം തലകീഴായി മറിഞ്ഞു. സഹായം തേടി കൂരിരുട്ടിൽ ബ്രാൻസൻ ഒരു മൈൽ ദൂരം ഓടുകയായിരുന്നു.
9 വയസുള്ള ബ്രാൻസൻ ബേക്കർ ഒരു സൂപ്പർമാനാണ്. പെട്ടെന്ന് എന്തെങ്കിലും സംഭവിച്ചാൽ പേടിച്ച് പകച്ചുനിൽക്കുന്ന പ്രായത്തിൽ അവൻ രക്ഷിച്ചത് സ്വന്തം മാതാപിതാക്കളുടെ ജീവൻ. ഒക്‌ലഹോമയിൽ അടുത്തിടെയുണ്ടായ ചുഴലിക്കാറ്റ് ആണ് ബ്രാൻസന്റെയും കുടുംബത്തിന്റെയും ജീവിതം മാറ്റിമറിച്ചത്.
ചുഴലിക്കാറ്റ് നാശം വിതക്കവേ അഭയംതേടി വെയ്‌നും ഭാര്യ ലിൻഡി ബേക്കറും മകൻ ബ്രാൻസണുമായി ഒക്‌ലഹോമയിലെ ഡിക്‌സണിലേക്ക് പോവുകയായിരുന്നു. എന്നാൽ, ടൊർണാഡോയുടെ പാതയിൽ ഇവരുടെ വാഹനം കുടുങ്ങി. ചുഴലിക്കാറ്റിൽ പെട്ട് വാഹനം തലകീഴായി മറിഞ്ഞു. ബ്രാൻസന്റെ മാതാപിതാക്കളുടെ മുതുകും കഴുത്തും ഒടിഞ്ഞു, കൂടാതെ ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തു.
വെയ്ൻ ബേക്കറിൻ്റെ പുറം, കഴുത്ത്, നെഞ്ച്, വാരിയെല്ലുകൾ, കൈകൾ എന്നിവക്കെല്ലാം അതിഗുരുതരമായ പരിക്കാണേറ്റത്. വിരലിന്റെ ഒരു ഭാഗവും അറ്റുപോയി. ലിൻഡി ബേക്കറിൻ്റെ പുറം, കഴുത്ത്, താടിയെല്ല്, വാരിയെല്ലുകൾ, വലതു കൈ എന്നിവ ഒടിഞ്ഞു. ഇവരുടെ ശ്വാസകോശത്തിനും സാരമായ പരിക്കേറ്റു.
എങ്ങനെയോ ട്രക്കിൽ നിന്ന് പുറത്തുവന്ന ബ്രാൻസൺ സഹായത്തിനായി ഇരുട്ടിൽ ഒരു മൈലോളം വന്നവഴി തിരികെയോടി. അയൽക്കാരെ കൂട്ടിക്കൊണ്ട് മാതാപിതാക്കളുടെ അടുത്തേക്ക്. ഇടയ്ക്കിടെ ഉണ്ടാകുന്ന മിന്നൽ മാത്രമായിരുന്നു അവന്റെ മുന്നിലുണ്ടായിരുന്ന വെളിച്ചം. കഴിയുന്നത്ര വേഗത്തിൽ ഓടി. വെറും പത്ത് മിനിറ്റ് കൊണ്ടാണ് ഒരു മൈൽ ദൂരം അവൻ താണ്ടിയത്. ഒരു ഒൻപതുകാരനെ സംബന്ധിച്ച് ഇതൊരു നിസാര കാര്യമില്ലെന്നാണ് വെയിൻ ബേക്കറിന്റെ ബന്ധുക്കൾ പറയുന്നത്.
പോകുന്നതിന് മുൻപ് മാതാപിതാക്കളോട് അവൻ ഒരു കാര്യം പറഞ്ഞു 'അച്ഛാ, അമ്മേ... മരിക്കരുത്, ഞാൻ മടങ്ങിവരും'. ആ വാക്ക് അവൻ പാലിക്കുകയും ചെയ്തു. വെയിൻ ബേക്കറും ലിൻഡിയും ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. എത്രയും പെട്ടെന്ന് ഇവർ സുഖം പ്രാപിക്കുമെന്ന പ്രതീക്ഷയിൽ ബ്രാൻസനും.
Adjust Story Font
16