Quantcast

ബ്രസീലിൽ വൻ സംഘർഷം: പ്രസിഡന്റിന്റെ കൊട്ടാരവും പാർലമെന്റും ആക്രമിച്ചു

മുൻ പ്രസിഡന്റ് ബോൾസനാരോയുടെ അനുയായികളാണ് കലാപത്തിന് പിന്നിൽ.

MediaOne Logo

Web Desk

  • Updated:

    2023-01-09 01:12:20.0

Published:

9 Jan 2023 12:48 AM GMT

ബ്രസീലിൽ വൻ സംഘർഷം: പ്രസിഡന്റിന്റെ കൊട്ടാരവും പാർലമെന്റും ആക്രമിച്ചു
X

റിയോ ഡി ജനീറോ: പ്രസിഡന്റ് ലുല ഡ സിൽവയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബ്രസീലിൽ വൻ സംഘർഷം. മുൻ പ്രസിഡന്റ് ജയ് ബോൾസനാരോ അനുകൂലികളാണ് സംഘർഷത്തിന് പിന്നിൽ. ബോൾസനാരോ അനുകൂലികൾ പ്രസിഡന്റിന്റെ കൊട്ടാരവും പാർലമെന്റും സുപ്രിംകോടതിയും ആക്രമിച്ചു.

കലാപകാരികളെ നേരിടാൻ സർക്കാർ സൈന്യത്തെ നിയോഗിച്ചു. ഫാസിസ്റ്റ് ആക്രമണമാണ് നടന്നതെന്ന് പ്രസിഡന്റ് ലുല ഡ സിൽവ പറഞ്ഞു. നിരവധിപേരെ സൈന്യവും പൊലീസും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

തെരഞ്ഞെടുപ്പിൽ അട്ടിമറി നടത്തിയാണ് ലുല ഡ സിൽവ പ്രസിഡന്റായത് എന്നാണ് ബോൾസനാരോ അനുകൂലികളുടെ വാദം. പ്രസിഡന്റിനെ പുറത്താക്കാൻ സൈന്യം ഇടപെടണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. പൊലീസ് ബാരിക്കേഡുകൾ തകർത്ത് പാർലമെന്റിന് അകത്ത് കയറിയ പ്രതിഷേധക്കാർ പാർലമെന്റ് മന്ദിരത്തിന്റെ ജനലുകളും വാതിലുകളും അടിച്ചുതകർത്തു.

രാജ്യത്തിന്റെ ചരിത്രത്തിൽ മുമ്പ് ഉണ്ടായിട്ടില്ലാത്ത ഫാസിസ്റ്റ് ആക്രമണമാണ് നടന്നതെന്നും കലാപകാരികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും ലുല ഡ സിൽവ പറഞ്ഞു.

കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പിൽ നേരിയ ഭൂരിപക്ഷത്തിനാണ് ലുല ഡ സിൽവ ജയിച്ചുകയറിയത്. 50.9 ശതമാനം വോട്ടുകളാണ് ലുല നേടിയത്. 49.1 ശതമാനം വോട്ടുകൾ ബോൾസനാരോ നേടി. തന്റെ കാലാവധി കഴിഞ്ഞതിന് പിന്നാലെ ബോൾസനാരോ യു.എസിലേക്ക് കടന്നിരുന്നു. ബ്രസീൽ തെരഞ്ഞെടുപ്പ് അതോറിറ്റികളും കോടതിയും നടത്തിയ ഗൂഢാലോചനയുടെ ഇരയാണ് താനെന്ന് ബോൾസനാരോ പറഞ്ഞു.


TAGS :

Next Story