കോവാക്സിന്‍ വാങ്ങാനുള്ള 2500 കോടിയുടെ കരാര്‍ ബ്രസീല്‍ റദ്ദാക്കി
ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്സിന്‍റെ 20 മില്യണ്‍ ഡോസ് വാങ്ങാനായിരുന്നു കരാര്‍
ഇന്ത്യയില്‍ നിന്ന് കോവാക്സിന്‍ വാങ്ങാനുള്ള കരാര്‍ ബ്രസീല്‍ റദ്ദാക്കി. 2500 കോടിയുടെ കരാറാണ് റദ്ദാക്കിയത്. ബ്രസീല്‍ പ്രസിഡന്റ് ബോല്‍സനാരോ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ അഴിമതി ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം. ബ്രസീല്‍ പാര്‍ലമെന്‍ററി കമ്മീഷന്‍ നേരത്തെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
കരാറില്‍ നിന്ന് പിന്മാറുന്നുവെന്ന് ബ്രസീല്‍ ആരോഗ്യമന്ത്രി മാര്‍സിലോ ക്വിറോഗയാണ് അറിയിച്ചത്. 10 ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കും. പ്രാഥമിക നടപടി എന്ന നിലയില്‍ കരാര്‍ താത്കാലികമായി റദ്ദാക്കിയെന്നാണ് ഔദ്യോഗിക വിശദീകരണം. ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്സിന്‍റെ 20 മില്യണ്‍ ഡോസ് വാങ്ങാനായിരുന്നു കരാര്‍. ഉയര്‍ന്ന തുകയും പെട്ടെന്നുള്ള കരാറും ഇനിയും പൂര്‍ത്തിയാക്കാനുള്ള അനുമതിയും സംബന്ധിച്ചാണ് അന്വേഷണം.
ബ്രസീലില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5 ലക്ഷമായി. കോവിഡ് വ്യാപനം തടയാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന വ്യാപക വിമര്‍ശനം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. അതിനിടെയാണ് ബോല്‍സനാരോ സര്‍ക്കാരിന് തലവേദനയായി അഴിമതി ആരോപണം ഉയര്‍ന്നത്.
അതേസമയം വാക്സിന്‍ വിതരണ കരാറില്‍ ഒരു ക്രമക്കേടുമില്ലെന്ന് ഭാരത് ബയോടെക് വ്യക്തമാക്കി. എട്ട് മാസം നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് കരാറില്‍ ഒപ്പിട്ടത്. വാക്സിന്‍ വിതരണത്തിന് മുന്‍കൂട്ടി പണം വാങ്ങിയിട്ടില്ല. ഇന്ത്യക്ക് പുറത്ത് ഡോസിന് 15-20 ഡോളര്‍ എന്ന നിലയിലാണ് വാക്സിന് ഈടാക്കുന്നതെന്നും കമ്പനി വ്യക്തമാക്കി.
Adjust Story Font
16