'ഇത് യുദ്ധമല്ല; വംശഹത്യ'-ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിനെതിരെ ബ്രസീൽ പ്രസിഡന്റ് ലൂല ഡ സിൽവ
'ആരാണ് ഇതിനെല്ലാം കാരണക്കാരെന്നും ആരുടെ ഭാഗത്താണ് തെറ്റെന്നുമല്ല ഇവിടെ വിഷയം. ഗസ്സ മുനമ്പിലെ ഫലസ്തീനികൾക്ക് സഹായമെത്തിക്കാനായി മാനുഷിക ഇടനാഴിയുണ്ടാക്കണം'
ബ്രസീലിയ: ഇസ്രായേൽ ഗസ്സയിൽ നടത്തുന്ന നരഹത്യയെ വിമർശിച്ച് ബ്രസീൽ പ്രസിഡന്റ് ലൂല ഡ സിൽവ. ഇപ്പോൾ നടക്കുന്നത് യുദ്ധമല്ലെന്നും വംശഹത്യയാണെന്നും അദ്ദേഹം പ്രതികരിച്ചു. യുദ്ധവുമായി ഒരു ബന്ധവുമില്ലാത്ത 2,000 കുഞ്ഞുങ്ങളെയാണു കൊല്ലപ്പെട്ടിരിക്കുന്നതെന്നും ഡ സിൽവ വിമർശിച്ചു.
'യുദ്ധത്തിൽ നിരപരാധികളായ കുഞ്ഞുങ്ങളായിരിക്കും കൊല്ലപ്പെടുകയെന്ന് അറിഞ്ഞിട്ടും എങ്ങനെയാണ് മനുഷ്യർ യുദ്ധത്തിനിറങ്ങുന്നതെന്ന് എനിക്കറിയില്ല. ആരാണ് ഇതിനെല്ലാം കാരണക്കാരെന്നും ആരുടെ ഭാഗത്താണ് തെറ്റെന്നുമല്ല ഇവിടെ വിഷയം. ഇതൊരു യുദ്ധമല്ല എന്നതാണു പ്രശ്‌നം'-ലൂല ഡ സിൽവ ചൂണ്ടിക്കാട്ടി. ഔദ്യോഗിക ബ്രസീൽ വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇത് യുദ്ധമല്ല. യുദ്ധവുമായി ഒരു ബന്ധവുമില്ലാത്ത 2,000 കുഞ്ഞുങ്ങളെ കൊന്നുകളഞ്ഞ വംശഹത്യയാണിത്. ഇവരാണ് ഈ യുദ്ധത്തിന്റെ ഇരകളെന്നും ലൂല ഡ സിൽവ സൂചിപ്പിച്ചു. എല്ലാ ബന്ദികളെയും മോചിപ്പിക്കണമെന്നാണ് ബ്രസീൽ നിലപാട്. ഗസ്സ മുനമ്പിലെ ഫലസ്തീനികൾക്ക് സഹായമെത്തിക്കാനായി മാനുഷിക ഇടനാഴിയുണ്ടാക്കണമെന്നും ബ്രസീൽ പ്രസിഡന്റ് ആവശ്യപ്പെട്ടു.
30 ബ്രസീലുകാർ ഗസ്സയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് ഏജൻസിയ ബ്രസീൽ റിപ്പോർട്ട് ചെയ്യുന്നത്. ഇവരെ സുരക്ഷിതമായി നാട്ടിലെത്തിക്കാനായി ഖത്തർ അമീർ ശൈഖ് തമീം ബിൻ ആൽഥാനിയുമായി ബ്രസീൽ പ്രസിഡന്റ് ചർച്ച നടത്തിയിട്ടുണ്ട്.
Summary: “It’s not a war, it’s genocide,” says Brazil President Lula da Silva on Israeli aggression in Gaza
Adjust Story Font
16