ഗസ്സയില്‍ നിരപരാധികളെ കൊന്നൊടുക്കുന്നു; ആദ്യം സ്ത്രീകളെയും കുഞ്ഞുങ്ങളെയും രക്ഷിക്കൂ: ബ്രസീല്‍ പ്രസിഡന്‍റ്
ഒരു തീവ്രവാദി ഉണ്ടെന്ന് കരുതി കുട്ടികളും ആശുപത്രികളും ഉള്ളിടത്ത് ബോംബുകൾ വർഷിക്കുന്നു
ബ്രസീല്‍ പ്രസിഡന്‍റ്
ബ്രസീലിയ: ഗസ്സ മുനമ്പില്‍ ഇസ്രായേല്‍ ഒരു മാനദണ്ഡവുമില്ലാതെ നിരപാധികളെ കൊന്നൊടുക്കുകയാണെന്ന് ബ്രസീല്‍ പ്രസിഡന്‍റ് ലൂയിസ് ഇനാസിയോ ലുല ഡാ സിൽവ. ഒക്ടോബര്‍ 7നുണ്ടായ ഹമാസ് ആക്രമണം പോലെ ഗുരുതരമാണ് ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഹമാസിന്‍റെ ആക്രമണത്തിനു ശേഷം ഇസ്രായേല്‍ നിരപാധികളെ കൊല്ലുകയാണെന്ന് ബ്രസീലിയയിൽ നടന്ന ഒരു ഔദ്യോഗിക ചടങ്ങിൽ ലൂയിസ് ഇനാസിയോ പറഞ്ഞു. "ഒരു തീവ്രവാദി ഉണ്ടെന്ന് കരുതി കുട്ടികളും ആശുപത്രികളും ഉള്ളിടത്ത് ബോംബുകൾ വർഷിക്കുന്നു. ഇത് അംഗീകരിക്കാനാകില്ല. ആദ്യം നിങ്ങൾ സ്ത്രീകളെയും കുട്ടികളെയും രക്ഷിക്കണം, എന്നിട്ട് നിങ്ങൾ ആഗ്രഹിക്കുന്നവരുമായി യുദ്ധം ചെയ്യുക, ”ലുല വ്യക്തമാക്കി.
എന്നാല്‍ ബ്രസീലിലെ ജൂത പ്രതിനിധികള്‍ പ്രസിഡന്‍റിന്‍റെ പരാമര്‍ശത്തെ തെറ്റായതും അന്യായവും അപകടകരവുമെന്ന് അപലപിച്ചു. ഇസ്രായേലിനെയും ഹമാസിനെയും ഒരേ തലത്തിലാണ് കാണുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഫലസ്തീനികളെ രക്ഷിക്കാനുള്ള ഇസ്രായേല്‍ സര്‍ക്കാരിന്‍റെ പരിശ്രമങ്ങളെയും പ്രതിനിധികള്‍ ഉയര്‍ത്തിക്കാട്ടുന്നു. “ഞങ്ങളുടെ സമൂഹം ഞങ്ങളുടെ അധികാരികളിൽ നിന്ന് സന്തുലിതാവസ്ഥ പ്രതീക്ഷിക്കുന്നു,” ഇസ്രായേലി കോൺഫെഡറേഷൻ ഓഫ് ബ്രസീൽ കൂട്ടിച്ചേർത്തു. ഈ മേഖലയിലെ രണ്ടാമത്തെ വലിയ സമൂഹമായ ഏകദേശം 120,000 ബ്രസീലിയൻ ജൂതന്മാരെ പ്രതിനിധീകരിക്കുന്നുവെന്ന് അവകാശപ്പെടുന്നു.
Adjust Story Font
16