Quantcast

ബ്രസീലിൽ 'എക്‌സിന്' വിലക്ക്; ഉത്തരവുകളൊന്നും പാലിക്കില്ലെന്ന് എലോൺ മസ്‌ക്‌

എക്‌സിലൂടെ രാജ്യവ്യാപകമായി വ്യാജ-വിദ്വേഷ വാർത്തകൾ പ്രചരിക്കുന്നുണ്ടെന്നായിരുന്നു ബ്രസീലിയൻ സുപ്രീം കോടതിയുടെ കണ്ടെത്തൽ

MediaOne Logo

Web Desk

  • Published:

    31 Aug 2024 7:06 AM GMT

ബ്രസീലിൽ എക്‌സിന്  വിലക്ക്;  ഉത്തരവുകളൊന്നും പാലിക്കില്ലെന്ന് എലോൺ മസ്‌ക്‌
X

റിയോഡി ജനീറോ: രാജ്യത്തെ നിയമങ്ങൾക്കനുസൃതമായി പ്രവർത്തിക്കാത്തതിനെ തുടർന്ന് എക്‌സിന് വിലക്കുമായി ബ്രസീലിയൻ സുപ്രീംകോടതി. ജഡ്ജ് അലക്‌സാന്ദ്രേ ഡി മൊറേസാണ് നിരോധനം പ്രഖ്യാപിച്ചത്.

എക്സിന്റെ നിയമകാര്യ പ്രതിനിധിയെ നിയമിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് അനുസരിക്കാൻ കൂട്ടാക്കാതെ വന്നതോടെയാണ് നീക്കം. കോടതി ഉത്തരവുകൾ നടപ്പാക്കുകയും, പിഴ അടക്കുകയും ചെയ്യും വരെ എക്സിന്റെ എല്ലാ പ്രവർത്തനങ്ങളും നിർത്തിവയ്ക്കാനാണ് നിർദേശം.

എക്‌സിലൂടെ രാജ്യവ്യാപകമായി വ്യാജ-വിദ്വേഷ വാർത്തകൾ പ്രചരിക്കുന്നുണ്ടെന്നായിരുന്നു ബ്രസീലിയൻ സുപ്രീം കോടതിയുടെ കണ്ടെത്തൽ. അങ്ങനെയുള്ള അക്കൗണ്ടുകൾ വിലക്കണമെന്ന് നിർദേശിച്ചെങ്കിലും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ എക്സ് ഉടമ ഇലോൺ മസ്ക് ആവശ്യം നിരാകരിക്കുകയായിരുന്നു.

മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാർലിങ്ക് സാറ്റ്‍ലൈറ്റ് ഇന്റർനെറ്റിന്റെ ബ്രസീലിലെ സേവനങ്ങളും കോടതി മരവിപ്പിച്ചിട്ടുണ്ട്.

നിയമകാര്യ പ്രതിനിധിയെ നിയമിക്കാൻ അനുവദിച്ച 24 മണിക്കൂർ സമയപരിധി അവസാനിച്ചതിന് പിന്നാലെയാണ് വെള്ളിയാഴ്ച വൈകി ബ്രസീലിയൻ സുപ്രീം കോടതി ജസ്റ്റിസ് അലക്‌സാന്ദ്രെ ഡി മോറിസ് ഉത്തരവ് പുറപ്പെടുവിച്ചത്. തീരുമാനം നടപ്പാക്കാൻ ബ്രസീലിൻ്റെ ദേശീയ ടെലികമ്മ്യൂണിക്കേഷൻ ഏജൻസിക്ക് 24 മണിക്കൂർ സമയവും നൽകി. ഏകദേശം രണ്ട് കോടി ഉപയോക്താക്കളെയാണ് സുപ്രീംകോടതി ഉത്തരവ് ബാധിക്കുക. മറ്റ് വി പി എന്നുകൾ ഉപയോഗിച്ച് എക്സ് ഉപയോഗിക്കുന്നവർക്ക് മേൽ പ്രതിദിനം ഏകദേശം 9000 ഡോളർ പിഴ ചുമത്തുമെന്നും മുന്നറിയിപ്പുണ്ട്.

ഏപ്രിലിൽ ചില അക്കൗണ്ടുകൾ നീക്കം ചെയ്യാനുള്ള ഉത്തരവിനോട് അഭിപ്രായ സ്വാതന്ത്ര്യമാണ് ജനാധിപത്യത്തിൻ്റെ അടിത്തറയെന്നും ബ്രസീലിലെ തെരഞ്ഞെടുക്കപ്പെടാത്ത ഒരു കപട ജഡ്ജി അതിനെ രാഷ്ട്രീയ ആവശ്യങ്ങൾക്കായി നശിപ്പിക്കുകയാണ് എന്നാണ് ഇലോൺ മസ്ക് പ്രതികരിച്ചത്. ഇലോൺ മസ്കും യൂറോപ്യൻ യൂണിയനുമായി നടക്കുന്ന പോരിലെ ഏറ്റവും ഒടുവിലത്തേതാണ് ബ്രസീലിലേത്. നേരത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി സ്റ്റാർമറുമായി വാക് പോര് നടന്നിരുന്നു.

അതേസമയം ബ്രസീലിന്റെ ഉത്തരവുകള്‍ പാലിക്കില്ലെന്ന നിലപാടിലാണ് എക്‌സ് എന്നാണ് വിവരം. അനക്‌സാന്ദ്രേ ഡി മൊറേസിന്റെ ഉത്തരവുകള്‍ നിയമവിരുദ്ധമാണെന്നും രാഷ്ട്രീയ എതിരാളികളെ സെന്‍സര്‍ ചെയ്യുന്നതിനും വേണ്ടിയുള്ളതാണെന്നാണ് കമ്പനി ആരോപിക്കുന്നത്. കോടതി സസ്‌പെന്‍ഡ് ചെയ്യാന്‍ ആവശ്യപ്പെട്ട അക്കൗണ്ടുകളില്‍ ഭൂരിഭാഗവും ബ്രസീലിലെ വലതുപക്ഷ നേതാവും മുന്‍ പ്രസിഡന്റുമായ ജെയര്‍ ബോള്‍സൊനാരോയെ പിന്തുണയ്ക്കുന്നവരുടേതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

TAGS :

Next Story