ആറു ലക്ഷം ഡോളറും 11.4 കിലോ സ്വർണവും സ്വീകരിച്ചു; ഓങ് സാങ് സൂചിക്ക് അഞ്ചു വർഷം തടവ്
ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ആങ് സാൻ സൂകിയുടെ ഭരണകൂടത്തെ അട്ടിമറിച്ച് 2021 ഫെബ്രുവരി ഒന്നിനാണ് സൈന്യം രാജ്യത്ത് അധികാരം കൈക്കലാക്കിയത്
മ്യാന്മർ: ആറു ലക്ഷം ഡോളറും 11.4 കിലോ ഗ്രാം സ്വർണവും യാങ്കൂണിലെ മുൻ മുഖ്യമന്ത്രിയായ ഫിയോ മിൻ തീനിൽനിന്ന് കൈക്കൂലിയായി സ്വീകരിച്ചുവെന്ന് ആരോപിച്ച് മ്യാന്മറിലെ മുൻ സ്‌റ്റേറ്റ് കൗൺസിലർ ഓങ് സാങ് സൂചിക്ക് അഞ്ചു വർഷം തടവ്. മ്യാന്മറിലെ പട്ടാളക്കോടതി ബുധനാഴ്ചയാണ് നോബേൽ സമ്മാനജേതാവായ സൂചിക്ക് ശിക്ഷ വിധിച്ചത്. ആകെയുള്ള 11 അഴിമതിക്കേസുകളിൽ ആദ്യത്തേതിലാണ് ഇപ്പോൾ ശിക്ഷ വിധിച്ചിരിക്കുന്നത്. 76 കാരിയായ സൂചിക്കെതിരെ പരമാവധി 190 വർഷം തടവ് കിട്ടുന്ന 18 കുറ്റങ്ങളാണ് പട്ടാള ഭരണകൂടം ചുമത്തിയിരിക്കുന്നത്. ഇവരുടെ രാഷ്ട്രീയ തിരിച്ചുവരവില്ലാതാക്കുന്നതാണ് ഈ നടപടി. എന്നാൽ ആരോപണങ്ങളെല്ലാം സൂചി നിഷേധിച്ചിരിക്കുകയാണ്.
അഞ്ച് വർഷം മ്യാൻമറിനെ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സൂചിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം നയിച്ചിരുന്നു. എന്നാൽ 2021 ഫെബ്രുവരിയിൽ അട്ടിമറിയിലൂടെ സൈന്യം അധികാരം കയ്യടക്കി. മുൻ ബ്രിട്ടീഷ് കോളനിയായ മ്യാന്മറിൽ 1962 മുതൽ 2011 വരെ സൈനിക ഭരണമായിരുന്നു നിലനിന്നിരുന്നത്. 2021 മുതൽ ഇത് വീണ്ടും തുടരുകയാണ്. സൈന്യം അറസ്റ്റ് ചെയ്ത സൂചിയെ ഇപ്പോൾ എവിടെയാണ് പാർപ്പിച്ചിരിക്കുന്നതെന്നത് രഹസ്യമാണ്.
കോടതി നടപടികളെല്ലാം രഹസ്യമായാണ് നടന്നിരുന്നത്. സൂചിയുടെ അഭിഭാഷകരെ മാധ്യമങ്ങളോട് സംസാരിക്കുന്നത് വിലക്കിയിരുന്നു. മ്യാന്മറിൽ പട്ടാള അട്ടിമറിക്ക് ശേഷമുണ്ടായ അടിച്ചമർത്തലിൽ 1,700-ലധികം ആളുകൾ കൊല്ലപ്പെടുകയും 13,000-ത്തിലധികം പേർ അറസ്റ്റിലാകുകയും ചെയ്തതായാണ് പ്രാദേശിക നിരീക്ഷിണ സംഘം വ്യക്തമാക്കുന്നത്.
റോഹിങ്ക്യകൾക്കെതിരെ പ്രയോഗിച്ച തീവെപ്പുമായി ബുദ്ധിസ്റ്റ് ഭൂരിപക്ഷ പ്രദേശത്തും മ്യാൻമർ സൈനിക വിളയാട്ടം
മ്യാൻമറിലെ സൈനിക ഭരണകൂടത്തിനെതിരെ ചെറുത്തുനിന്നതിന് ബുദ്ധിസ്റ്റ് ഭൂരിപക്ഷ പ്രദേശത്തെ നൂറിലേറെ ഗ്രാമങ്ങൾ കത്തിച്ച് സൈന്യം അതിക്രമം അഴിച്ചുവിട്ടിരുന്നു. മുമ്പ് റോഹിങ്ക്യൻ വംശഹത്യ നടത്താൻ പ്രയോഗിച്ച തന്ത്രങ്ങളുമായി ഈ വർഷമാദ്യത്തിലാണ് ഗ്രാമങ്ങളിലെ 5500 കെട്ടിടങ്ങൾ സൈന്യം തീവെച്ച് നശിപ്പിച്ചത്. കഴിഞ്ഞ വർഷം മ്യാൻമറിലുണ്ടായ സൈനിക അട്ടിമറിക്കെതിരെ ഉയരുന്ന പ്രതിഷേധമില്ലാതാക്കാനാണ് ഭരണകൂടം നൂറിലേറെ ഗ്രാമങ്ങളിലെ സാധാരണക്കാരുടെ പാർപ്പിടം നശിപ്പിച്ചത്. ഡാറ്റ ഫോർ മ്യാൻമറെന്ന ആക്ടിവിസ്റ്റ് സംഘമാണ് 2022 ആദ്യം മുതൽ നടക്കുന്ന അതിക്രമം പുറത്തുകൊണ്ടുവന്നത്.
സെൻട്രൽ മ്യാൻമറിൽ ബുദ്ധിസ്റ്റ് വിശ്വാസികൾ ഏറെ താമസിക്കുന്ന പ്രദേശത്തുള്ള ബിൻ ഗ്രാമത്തിലെ സുവർണ നിറത്തിലുള്ള പഗോഡ മാത്രം അവശേഷിച്ച്, ചുറ്റുമുള്ള വീടുകളെല്ലാം കത്തിച്ചാമ്പലായ ചിത്രം വാർത്താ ഏജൻസികൾ പുറത്തുവിട്ടിരിക്കുകയാണ്. ഇത്തരം പ്രദേശങ്ങളുടെ നിരവധി സാറ്റലൈറ്റ് ചിത്രങ്ങൾ യു.എസ് എർത്ത് ഇമാജിങ് കമ്പനിയായ പ്ലാനൻറ് ലാബ്‌സും സ്‌പേസ് ഏജൻസി നാസയും പുറത്തുവിടുകയും വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് പരിശോധിക്കുകയും ചെയ്തിട്ടുണ്ട്. ഇവയെല്ലാം മ്യാൻമറിന്റെ മധ്യഭാഗത്ത് നിന്നുള്ളവയാണ്. സെൻട്രൽ സാജിയാങ് പ്രദേശത്തുയർന്ന പ്രതിഷേധമില്ലാതാക്കാൻ സൈന്യം തീവെപ്പുകൾ നടത്തിയെന്ന് പ്രാദേശിക മാധ്യങ്ങൾ ശരിവെച്ച ഈ ചിത്രങ്ങൾ വ്യക്തമാക്കുന്നുണ്ട്. ഭരണകൂടത്തിരെ സായുധ പ്രതിഷേധം ഉയരുന്നുണ്ടെന്നും നാട്ടുകാർ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ കുറച്ചു മാസങ്ങളായി പ്രതിഷേധക്കാരുള്ള ഗ്രാമങ്ങളിൽ കരമാർഗവും വ്യോമമാർഗവും സൈന്യം ആക്രമണം നടത്തുന്നുണ്ടെന്ന് മ്യാൻമർ നിവാസികളുമായി ഫോൺ വഴി അഭിമുഖങ്ങൾ നടത്തിയ യു.എസ് പൗരനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.
ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ആങ് സാൻ സൂകിയുടെ ഭരണകൂടത്തെ അട്ടിമറിച്ച് 2021 ഫെബ്രുവരി ഒന്നിനാണ് സൈന്യം രാജ്യത്ത് അധികാരം കൈക്കലാക്കിയത്. തങ്ങൾ രാജ്യത്ത് ക്രമസമാധാനം പുനഃസ്ഥാപിക്കാൻ ശ്രമിക്കുകയാണെന്നും അതിനെതിരെയുള്ള പ്രതിഷേധങ്ങൾ നിയമവിരുദ്ധമാണെന്നുമാണ് സൈന്യത്തിന്റെ നിലപാട്. എന്നാൽ പുതുതായി വന്ന വാർത്തയോട് സൈന്യം പ്രതികരിച്ചിട്ടില്ല. മാത്രമല്ല കഴിഞ്ഞ കുറച്ചു മാസങ്ങളായി എതിർ സായുധ സംഘങ്ങൾ ഗ്രാമങ്ങൾ കത്തിക്കുന്നതായി അവർ ആരോപിക്കുന്നുണ്ട്. എന്നാൽ തെളിവുകൾ ഹാജരാക്കിയിട്ടില്ല.
സൈന്യവും അവരെ അനുകൂലിക്കുന്ന സായുധ സംഘങ്ങളും കഴിഞ്ഞ ഡിസംബർ മുതൽ സെൻട്രൽ ഡിസംബറിലെ ഗ്രാമങ്ങൾ ദിനംപ്രതി ചുട്ടെരിക്കുന്നതായി ബി.ബി.സി ബർമീസും പ്രാദേശിക മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പലരും വീടിനകത്തിരിക്കെയാണ് സൈന്യം തീകൊടുക്കുന്നത്. ഇത്തരം ആക്രമണങ്ങൾ മൂലം 52,000 പേർ ഫെബ്രുവരി അവസാന വാരത്തിൽ പലായനം ചെയ്തതായി യു.എൻ വ്യക്തമാക്കിയിട്ടുണ്ട്.
സാധാരണ സമാധാന പൂർണമായ ബുദ്ധിസ്റ്റ് പ്രദേശത്താണ് ഇപ്പോൾ പ്രതിഷേധങ്ങൾ ഉയരുന്നത്. കഴിഞ്ഞ വർഷം പീപ്പിൾസ് ഡിഫൻസ് ഫോഴ്‌സിന്റെ (പി.ഡി.എഫ്) നാഷണൽ യൂണിറ്റി ഗവൺമെൻറിന്റെയും (എൻ.യു.ജി) സംഘങ്ങളും സൈന്യവും തമ്മിൽ പ്രദേശത്ത് പോരാട്ടമുണ്ടായിരുന്നു. ഇരു സംഘങ്ങളെയും സൈന്യം തീവ്രവാദികളായി മുദ്രകുത്തിയിരിക്കുകയാണ്. ധാന്യങ്ങൾ കൃഷി ചെയ്യുന്ന സാജിയാങിലും മഗവേയിലുമുള്ള തീവെപ്പ് രാജ്യത്തെ ഭക്ഷ്യലഭ്യതയെ ബാധിക്കുമെന്നാണ് ഭക്ഷ്യ സുരക്ഷാ വിദഗ്ദർ പറയുന്നത്.
ഗ്രാമങ്ങൾ കത്തിക്കുന്നത് മ്യാൻമർ സൈന്യത്തിന്റെ പതിറ്റാണ്ടുകൾ പഴക്കമുള്ള തന്ത്രമാണെന്ന് നിരവധി വിശകലന വിദഗ്ധർ റോയിട്ടേഴ്സിനോട് പറഞ്ഞിരിക്കുന്നത്. സൈന്യത്തിനെതിരെയുള്ള പ്രതിഷേധങ്ങളുടെ ജന പിന്തുണ നഷ്ടപ്പെടുത്താൻ ഇത് ഉപകരിക്കുന്നതായാണ് വിലയിരുത്തപ്പെടുന്നത്.ഏറ്റവും ഒടുവിൽ, 2017 ൽ ലക്ഷക്കണക്കിന് സൈന്യം മുസ്ലീം റോഹിങ്ക്യകളെ റാഖൈൻ മേഖലയിൽ നിന്ന് പുറത്താക്കിയത് നൂറുകണക്കിന് ഗ്രാമങ്ങൾ നശിപ്പിച്ചായിരുന്നു. റോഹിങ്ക്യകൾക്കെതിരെ മ്യാൻമർ സൈന്യം വംശഹത്യ നടത്തിയതായി കഴിഞ്ഞ മാസം യു.എസ് ഔദ്യോഗികമായി കണ്ടെത്തിയിരുന്നു. വംശഹത്യ നടത്തണമെന്ന ലക്ഷ്യത്തോടെ കൂട്ടക്കൊലകളും തീവെപ്പുകളും ബലാത്സംഗങ്ങളും മ്യാൻമർ സൈന്യം നടത്തിയതായി യു.എൻ വിലയിരുത്തുകയും ചെയ്തിരുന്നു. എന്നാൽ റോഹിങ്ക്യകൾ സ്വയം വീടുകൾ കത്തിച്ചതായാണ് സൈന്യം അവകാശപ്പെട്ടിരുന്നത്.
Allegedly accepted as a bribe Aung San Suu Kyi sentenced to five years in prison
Adjust Story Font
16