അഫ്ഗാൻ യുദ്ധത്തിനിടെ ബ്രിട്ടീഷ് സൈന്യം 64 കുട്ടികളെ കൊലപ്പെടുത്തിയെന്ന് റിപ്പോർട്ട്
അഫ്ഗാൻ യുദ്ധത്തിനിടെ തങ്ങളുടെ സൈനിക നടപടികളുടെ ഭാഗമായി 16 കുട്ടികൾക്ക് ജീവൻ നഷ്ടമായെന്നാണ് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം മുമ്പ് പുറത്തുവിട്ട കണക്കിൽ പറയുന്നത്.
ലണ്ടൻ: അഫ്ഗാൻ യുദ്ധത്തിനിടെ ബ്രിട്ടീഷ് സൈന്യം 64 കുട്ടികളെ കൊലപ്പെടുത്തിയെന്ന് റിപ്പോർട്ട്. ബ്രിട്ടൻ നേരത്തെ പറഞ്ഞത് 16 കുട്ടികൾ കൊല്ലപ്പെട്ടുവെന്നാണ്. ഇതിന്റെ നാലിരട്ടി വരുന്നതാണ് പുതിയ കണക്ക്. ലണ്ടൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഗവേഷണ-ക്ഷേമ പ്രവർത്തന ഗ്രൂപ്പ് 'ആക്ഷൻ ഓൺ ആംഡ് വയലൻസ്' ആണ് വിവരാവകാശ പ്രകാരം ലഭിച്ച കണക്ക് പുറത്തുവിട്ടത്. 2006നും 2014നും ഇടയിൽ അഫ്ഗാനിൽ കൊല്ലപ്പെട്ട 64 കുട്ടികളുടെ കുടുംബത്തിന് യു.കെ ആശ്വാസധനം കൈമാറിയിട്ടുണ്ട്.
കൊല്ലപ്പെട്ടവരിൽ 15 വയസ്സുള്ള കുട്ടി മുതൽ ഒരു വയസ്സുള്ള പിഞ്ചുകുഞ്ഞ് വരെയുണ്ട്. വ്യോമാക്രമണത്തിലാണ് പലരും കൊല്ലപ്പെട്ടത്. ബ്രിട്ടീഷ് ആക്രമണങ്ങളിൽ 135-ഓളം കുട്ടികൾ കൊല്ലപ്പെട്ടിരിക്കാമെന്നാണ് സംഘടന പറയുന്നത്. ചില സംഭവങ്ങളിൽ കൊല്ലപ്പെട്ടവരെ 'മകൻ', 'മകൾ' എന്നിങ്ങനെ മാത്രമാണ് അടയാളപ്പെടുത്തിയത്. കൃത്യമായ വയസ്സ് രേഖപ്പെടുത്തിയിട്ടില്ല. ശരാശരി ഒരു കുടുംബത്തിന് 1,54,061 രൂപക്ക് സമാനമായ തുകയാണ് ആശ്വാസധനമായി നൽകിയത്.
കുട്ടുകളെ ബോധപൂർവം കൊലപ്പെടുത്തി എന്നതിന് തെളിവില്ല. എന്നാൽ കൃത്യമായ ലക്ഷ്യത്തിന് പുറത്തുള്ള ആക്രമണം, ആയുധങ്ങളുടെ അമിത ഉപയോഗം, വലിയ ജനസാന്ദ്രതയുള്ള മേഖലകളിലെ ആക്രമണം തുടങ്ങിയവ കുട്ടികളുടെ മരണത്തിന് കാരണമായിരിക്കാം എന്നാണ് റിപ്പോർട്ട് പറയുന്നത്.
Adjust Story Font
16