ഇന്ത്യൻ വംശജ ബ്രിട്ടീഷ് ആഭ്യന്തര മന്ത്രി സ്ഥാനം രാജിവച്ചു
ലിസ് ട്രസ് ബ്രിട്ടിഷ് പ്രധാനമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ മന്ത്രിസഭയിൽ വലിയ പൊട്ടിത്തെറിയാണ് നടക്കുന്നത്.
ലണ്ടൻ: ഇന്ത്യൻ വംശജ സുവെല്ല ബ്രേവർമാൻ ബ്രിട്ടീഷ് ആഭ്യന്തര മന്ത്രി സ്ഥാനം രാജിവച്ചു. ഔദ്യോഗിക രേഖ സ്വകാര്യ ഇ-മെയിൽ വഴി മറ്റൊരു എം.പിക്ക് അയച്ചതാണ് സുവെല്ലയ്ക്ക് തിരിച്ചടിയായത്.
ലിസ് ട്രസ് ബ്രിട്ടിഷ് പ്രധാനമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ മന്ത്രിസഭയിൽ വലിയ പൊട്ടിത്തെറിയാണ് നടക്കുന്നത്. നടപ്പാക്കിയ സാമ്പത്തിക നയങ്ങൾ തിരിഞ്ഞുകൊത്തിയപ്പോൾ ധനമന്ത്രിയെ പുറത്താക്കിയെങ്കിലും, ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ആഭ്യന്തര മന്ത്രി സുവെല്ല ബ്രേവർമാനും രാജി വച്ചിരിക്കുകയാണ്.
പ്രസിദ്ധീകരിക്കാത്ത ഔദ്യോഗിക രേഖ മുതിർന്ന എം.പിക്ക് സ്വകാര്യ ഇ-മെയിൽ വഴി കൈമാറി ചട്ടലംഘനം നടത്തിയതിനാലാണ് ബ്രേവർമാന്റെ സ്ഥാനം ചലിച്ചത്. തെരഞ്ഞെടുപ്പിൽ നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ ആശങ്കകളുണ്ടെന്നും ബ്രേവർമാൻ സമ്മതിക്കുന്നു. തെറ്റ് പറ്റിയത് സമ്മതിച്ച് സ്ഥാനമൊഴിയുന്നത് പ്രധാനമന്ത്രി ലിസ് ട്രസിന് മാതൃകയാകട്ടെ എന്ന ഒളിയമ്പും കത്തിലുണ്ട്.
ബ്രേവർമാന് പിന്നാലെ ചീഫ് വിപ്പും ഡെപ്യൂട്ടി ചീഫ് വിപ്പും രാജി വച്ചേക്കുമെന്നും സൂചനയുണ്ട്. ഇതിനിടെ, പുതിയ ആഭ്യന്തര മന്ത്രിയായി മുൻ ഗതാഗതമന്ത്രി ഗ്രാൻഡ് ഷാപ്പിനെ നിയമിച്ചു. ലിസ് ട്രസ് അധികാരമേറ്റപ്പോൾ റിഷി സുനക് പക്ഷക്കാരനായ ഗ്രാൻഡ് ഷാപ്പിനെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കിയിരുന്നു.
അതേസമയം, സാമ്പത്തിക പരിഷ്കാരത്തിലെ പാളിച്ചകളോട് മാപ്പ് പറഞ്ഞെങ്കിലും രാജിക്കുള്ള മുറവിളിയോട് തോറ്റു പിന്മാറില്ലെന്നാണ് പ്രധാനമന്ത്രിയുടെ മറുപടി. അതിനിടെ നാടകീയ നീക്കങ്ങളാണ് ബ്രിട്ടീഷ് പാർലമെന്റിൽ അരങ്ങേറിയത്. പാർലമെന്റിൽ വോട്ടെടുപ്പിനിടെ അംഗങ്ങൾ തമ്മിൽ കൈയാങ്കളി വരെയെത്തി.
Adjust Story Font
16