വീട്ടിൽ കയറി മോഷണം; കള്ളനെ പിടികൂടാൻ പൊലീസിന് തുണയായത് ചത്ത കൊതുകിന്റെ രക്തം
''ഇത് കൊതുകിന്റെ പ്രതികാരമാണ്. കൊതുകുകൾ ഉപയോഗശൂന്യമാണെന്ന് ഞാൻ കരുതിയത് തെറ്റായിരുന്നു''
രസകരമായ രീതിയിൽ മോഷ്ടാവിനെ പിടികൂടി ചൈനീസ് പൊലീസ്. മോഷണം നടന്ന വീട്ടിൽ കൊതുകുകളെ ധാരാളമായി ചത്ത നിലയിൽ കണ്ടെത്തിയതാണ് കേസിൽ വഴിത്തിരിവായത്. വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ മോഷ്ടാവ് കൊതുകുകളെ കൊന്നതായി ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു. ലിവിംഗ് റൂമിന്റെ ഭിത്തിയിൽ രണ്ട് ചത്ത കൊതുകുകളും രക്തക്കറകളും ഉണ്ടായിരുന്നു. ഈ രക്തത്തിൽ നിന്ന് ഡി.എൻ.എ ഉപയോഗിച്ചാണ് മോഷ്ടാവിനെ പൊലീസ് പിടികൂടിയത്. ജൂൺ 11 ന് ഫുജിയാൻ പ്രവിശ്യയിലെ ഫുഷൂവിലാണ് മോഷണം നടന്നത്.
രക്തസാമ്പിളുകൾ പോലീസ് ശ്രദ്ധാപൂർവ്വം ചുമരിൽ നിന്ന് വേർതിരിച്ചെടുത്ത് ഡിഎൻഎ പരിശോധനയ്ക്കായി അയക്കുകയായിരുന്നു. വീട്ടിലെത്തിയപ്പോൾ വാതിൽ അകത്ത് നിന്ന് അടച്ച നിലയിലായിരുന്നുവെന്നും ബാൽക്കണിയിൽ നിന്ന് മോഷ്ടാവ് അപ്പാർട്ട്മെന്റിനുള്ളിലേക്ക് കടന്നതായും പോലീസ് പറഞ്ഞു. ഡിഎൻഎ സാമ്പിളുകൾ ക്രിമിനൽ റെക്കോർഡുള്ള ചായ് എന്ന ഇരട്ടപ്പേരുള്ള പ്രതിയുടേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
നിരവധി വിലപിടിപ്പുള്ള വസ്തുക്കൾ ഇയാൾ മോഷ്ടിച്ചതായി പോലീസിനെ ഉദ്ധരിച്ച് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് (എസ്സിഎംപി) പറഞ്ഞു. അടുക്കളയിൽ നിന്ന് നൂഡിൽസും മുട്ടത്തോടും കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇയാൾ വീട്ടിൽ രാത്രി കഴിച്ചുകൂട്ടിയെന്നാണ് പൊലീസിന്റെ നിഗമനം.
ഈ വാർത്ത ചൈനീസ് സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കിടയിൽ കൗതുകകരമായ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. അവർ വീ-ചാറ്റ് ആപ്പിൽ നിരവധി അഭിപ്രായങ്ങൾ പങ്കിട്ടു. ''ഇത് കൊതുകിന്റെ പ്രതികാരമാണ്. കൊതുകുകൾ ഉപയോഗശൂന്യമാണെന്ന് ഞാൻ കരുതിയത് തെറ്റായിരുന്നു''- ഒരാൾ അഭിപ്രായപ്പെട്ടു. കുറ്റകൃത്യം നടന്ന് 19 ദിവസത്തിന് ശേഷമാണ് മോഷ്ടാവ് പൊലീസ് പിടിയിലായത്. ഇയാൾക്ക് മറ്റ് മൂന്ന് മോഷണക്കേസുകളിൽ ബന്ധമുണ്ടെന്നും പൊലീസ് കണ്ടെത്തി.
Adjust Story Font
16