കെയ്റോ സമാധാന സമ്മേളനം ഇന്ന്; ലക്ഷ്യം ഗസ്സയിലെ വെടിനിര്‍ത്തല്‍
ഗസ്സക്ക് സഹായവുമായി 20 ട്രക്കുകളാണ് റഫക്ക് സമീപം കുടുങ്ങിക്കിടക്കുന്നത്
പ്രതീകാത്മക ചിത്രം
കെയ്റോ: ഗസ്സയിൽ ഇസ്രായേൽ ആക്രമണം തുടരുന്നതിനിടെ കെയ്റോ സമാധാന സമ്മേളനം ഇന്ന്. അറബ് രാഷ്ട്രത്തലവന്മാരും യു.കെ, ജർമനി, റഷ്യ, ചൈന പ്രതിനിധികളും പങ്കെടുക്കും.
ഇസ്രായേലിന്‍റെ നിരന്തര ബോംബാക്രമണത്തിൽ 4,000 ഫലസ്തീനികൾ കൊല്ലപ്പെടുകയും 13,000ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതിനെത്തുടർന്ന് ഗസ്സയിൽ ഉടനടി വെടിനിർത്തൽ പ്രഖ്യാപിക്കാനാണ് ഉച്ചകോടി ലക്ഷ്യമിടുന്നതെന്ന് ഈജിപ്ഷ്യൻ അധികൃതർ നേരത്തെ പ്രസ്താവനയിൽ അറിയിച്ചു. അന്താരാഷ്‌ട്ര-പ്രാദേശിക നേതാക്കളെ ഒരുമിച്ച് കൊണ്ടുവരുന്ന തിടുക്കത്തിൽ വിളിച്ചുകൂട്ടിയ സമ്മേളനത്തില്‍ നിലവിലുള്ള ആക്രമണങ്ങളില്‍ നിന്നും സാധാരണക്കാരെ സംരക്ഷിക്കുന്നതിനുള്ള വഴികള്‍ ആരായുകയും ഫലസ്തീൻ പ്രശ്‌നത്തിന് ന്യായമായ പരിഹാരത്തിൽ എത്തിച്ചേരുകയും ചെയ്യും. റഫാ അതിര്‍ത്തിയില്‍ സഹായ ട്രക്കുകള്‍ കുടുങ്ങിക്കിടക്കുന്ന സാഹചര്യത്തിലാണ് ഈജിപ്ഷ്യന്‍ പ്രസിഡന്‍റ് അബ്ദുൽഫത്താഹ് എല്‍ സിസി ഉച്ചകോടി വിളിച്ചുകൂട്ടിയത്. ഗസ്സക്ക് സഹായവുമായി 20 ട്രക്കുകളാണ് റഫക്ക് സമീപം കുടുങ്ങിക്കിടക്കുന്നത്.
ഫലസ്തീൻ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസ്, ജോർദാൻ രാജാവ് അബ്ദുല്ല, ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ, ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി, കുവൈത്ത് കിരീടാവകാശി ഷെയ്ഖ് മെഷാൽ അൽ അഹമ്മദ് അൽ സബാഹ് തുടങ്ങിയ നേതാക്കൾ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്, ഗ്രീക്ക് പ്രധാനമന്ത്രി കിരിയാക്കോസ് മിറ്റ്സോട്ടാക്കിസ്, സൈപ്രിയറ്റ് പ്രസിഡന്റ് നിക്കോസ് ക്രിസ്‌റ്റൊഡൗലിഡ്‌സ് എന്നിവരും പങ്കെടുക്കും.
Adjust Story Font
16