ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ പേരെഴുതി ഭീമൻ ഫലകം; ആദരമൊരുക്കി കാലിഫോർണിയ സർവകലാശാലാ വിദ്യാർത്ഥികൾ
ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 12,000 കടന്നിരിക്കുകയാണ്
വാഷിങ്ടൺ: ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഫലസ്തീനികൾക്ക് ആദരമൊരുക്കി യു.എസിലെ കാലിഫോർണിയ സർവകലാശാലാ വിദ്യാർത്ഥികൾ. രക്തസാക്ഷികളുടെ പേരെഴുതിയ ഫലകം സർവകാലശാലാ കാംപസിൽ സ്ഥാപിച്ചു. ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും വെടിനിർത്തൽ ആവശ്യപ്പെട്ടും പ്രകടനവും നടന്നു.
ഇസ്രായേൽ കൂട്ടക്കുരുതിയിൽ കൊല്ലപ്പെട്ടവരുടെ പേര് രേഖപ്പെടുത്തിയ കൂറ്റൻ ഫലകവുമായാണ് കാംപസിൽ വിദ്യാർത്ഥി പ്രകടനം നടന്നത്. ക്ലോക്ക് ടവറിൽ ഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെട്ടുള്ള ബാനറും സ്ഥാപിച്ചു. പ്രതിഷേധ സംഗമത്തിൽ കൊല്ലപ്പെട്ടവരുടെ പേരുകൾ പ്രത്യേകം വിളിച്ചുപറഞ്ഞായിരുന്നു ആദരാഞ്ജലി അർപ്പിച്ചത്.
അതിനിടെ, ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 12,000 കടന്നിരിക്കുകയാണ്. ഇതിൽ ഭൂരിഭാഗവും കുട്ടികളും സ്ത്രീകളുമാണ്. മേഖലയിലെ ആരോഗ്യമേഖല ഒന്നാകെ താറുമാറായിരിക്കുകയാണ്. അൽശിഫ ആശുപത്രിയിലെ വൈദ്യുതി-ജലബന്ധങ്ങൾ വിച്ഛേദിച്ചതോടെ അതിഗുരുതരമായ സ്ഥിതിയാണുള്ളത്. തീവ്ര പരിചരണ വിഭാഗത്തിലുണ്ടായിരുന്ന മുഴുവൻ രോഗികളും മരിച്ചതായാണ് കഴിഞ്ഞ ദിവസം ആശുപത്രി ഡയരക്ടർ അറിയിച്ചത്.
ഇന്നലെ രാത്രിയും ദക്ഷിണ ഗസ്സയിൽ ഇസ്രായേൽ ആക്രമണം തുടർന്നു. ഖാൻ യൂനിസിലുണ്ടായ വ്യോമാക്രമണത്തിൽ 26 പേരാണു കൊല്ലപ്പെട്ടത്. ഇതിൽ ഭൂരിഭാഗവും കുട്ടികളാണ്.
Summary: Students of the University of California honor the martyrs of Gaza and call for a ceasefire in the Gaza Strip
Adjust Story Font
16