ഇസ്രായേൽ ബഹിഷ്കരണാഹ്വാനം; നിലപാട് കടുപ്പിച്ച് അമേരിക്ക
ജൂതരാഷ്ട്ര ബഹിഷ്കരണവുമായി രംഗത്തുള്ളവർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കാനാണ് യു.എസ് നീക്കം
അറബ് രാജ്യങ്ങളുടെ ഇസ്രായേൽ ബഹിഷ്കരണാഹ്വാനത്തിന് തടയിടാൻ നിയമം കർശനമാക്കി അമേരിക്ക. ജൂതരാഷ്ട്ര ബഹിഷ്കരണവുമായി രംഗത്തുള്ളവർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കാനാണ് യു.എസ് നീക്കം. ഇസ്രായേലുമായി നയതന്ത്ര ബന്ധം പുലർത്താൻ ചില അറബ് രാജ്യങ്ങൾ തീരുമാനിച്ചിരിക്കെ, മറ്റുള്ളവർക്കു മേലുള്ള സമ്മർദ തന്ത്രമെന്ന നിലയിലാണ് അമേരിക്കയുടെ പുതിയ നടപടിയെന്നാണ് വിലയിരുത്തൽ
ഇസ്രായേലിനെയും ഇസ്രായേൽ കമ്പനികളെയും ബഹിഷ്കരിക്കാനുള്ള തീരുമാനം അറുപതുകൾ മുതൽ മിക്ക അറബ് രാജ്യങ്ങളും കൈക്കൊണ്ടതാണ്. അറബ് ലീഗ് കൂട്ടായ്മയുടെ പ്രഖ്യാപിത നിലപാട് കൂടിയാണിത്. ഫലസ്തീൻ ജനതയെ കൂട്ടക്കുരുതി നടത്തിയ ഘട്ടങ്ങളിൽ അറബ്, മുസ്ലിം ലോകം ഏറ്റവും മികച്ച പ്രതിരോധമായി ബഹിഷ്കരണത്തെ ഉപയോഗിച്ചിരുന്നു. ഇസ്രായേലിനെയും ആ രാജ്യവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെയും ബഹിഷ്കരിക്കാൻ ആർക്കും സാധിക്കാത്തവിധം നടപടി കടുപ്പിക്കുമെന്ന് യു.എസ് കയറ്റുമതിയുമായി ബന്ധപ്പെട്ട വാണിജ്യവിഭാഗം അസി. സെക്രട്ടറി മാത്യു ആക്സൽ റോഡ് പറഞ്ഞു.
അമേരിക്കയിലെ ജൂതസമിതിക്കു മുമ്പാകെയാണ് അദ്ദേഹം ഈ ഉറപ്പ് നൽകിയത്. അമേരിക്കയുമായി ഇടപാടുള്ള അറബ് കമ്പനികളുടെ വിദേശ വ്യാപാരത്തിനു മേൽ നടപടി സ്വീകരിക്കുമെന്നും മാത്യു ആക്സൽറോഡ് പറഞ്ഞു. 1970 മുതൽ അമേരിക്കയിൽ നിലവിലുള്ള നിയമമാണിതെന്നും വാണിജ്യ മന്ത്രാലയം പറഞ്ഞു. അബ്രഹാം കരാറിനെ തുടർന്ന് നാല് അറബ് രാജ്യങ്ങൾ ഇസ്രായേലുമായി കൈകോർത്ത സാഹചര്യത്തിൽ മറ്റുള്ളവരും നിലപാട് പുന:പരിശോധിക്കുമെന്നാണ് പ്രതീക്ഷയെന്ന് യു.എസ് വാണിജ്യ വിഭാഗം ചൂണ്ടിക്കാട്ടി.
യു.എസ് നിലപാടിനെ പിന്തുണച്ച് ഇസ്രായേൽ രംഗത്തുവന്നു. ആധുനിക ലോകത്ത് വിലക്കുകളും ബഹിഷ്കരണവും അംഗീകരിക്കാനാവില്ല. സയണിസ്റ്റ് വിരുദ്ധ വികാരം പടർത്താനുള്ള ചില രാജ്യങ്ങളുടെ നീക്കം പ്രതിരോധിക്കാൻ അമേരിക്കയുടെ കർശക്കശ നിലപാട് ഗുണം ചെയ്യുമെന്നും ഇസ്രായേൽ പ്രതികരിച്ചു.
Adjust Story Font
16