ഗസ്സയിലെ താത്കാലിക വെടിനിർത്തൽ സമയം ഇന്ന് അവസാനിക്കും
വെടിനിർത്തൽ നീട്ടാൻ ഖത്തറും ഈജിപ്തും അമേരിക്കയും ശ്രമം തുടരുകയാണ്
തെല്‍ അവിവ്: ഗസ്സയിലെ താത്കാലിക വെടിനിർത്തൽ സമയം ഇന്ന് അവസാനിക്കും. വെടിനിർത്തൽ നീട്ടാൻ ഖത്തറും ഈജിപ്തും അമേരിക്കയും ശ്രമം തുടരുകയാണ്. പ്രതിദിനം 10 ബന്ദികളെ വീതം ഹമാസ് മോചിപ്പിച്ചാൽ വെടിനിർത്തൽ ദീർഘിപ്പിക്കാമെന്ന നിലപാടിലാണ് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു.
ഇന്നലെ 14 ഇസ്രയേലി ബന്ദികളെ ഹമാസ് മോചിപ്പിച്ചു. ഇതിൽ 9 പേർ കുട്ടികളാണ്. 39 ഫലസ്തീൻ തടവുകാരെ ഇസ്രയേലും വിട്ടയച്ചു. വെള്ളിയാഴ്ച തുടങ്ങിയ താത്കാലിക വെടിനിർത്തൽ അവസാനിക്കേണ്ടത് ഇന്നാണ്. പക്ഷേ വെടിനിർത്തൽ നീട്ടാൻ തിരക്കിട്ട നീക്കങ്ങളാണ് നടക്കുന്നത്. വെടിനിർത്തൽ കരാറിന്‍റെ ആലോചനകളിൽ പങ്കാളികളായ ഖത്തറും ഈജിപ്തും അമേരിക്കയുമാണ് ഇരുവിഭാഗവുമായും ചർച്ചകൾ നടത്തുന്നത്.
വെടിനിർത്തൽ നീട്ടാൻ തയ്യാറാണെന്ന് ഹമാസ് അറിയിച്ചു. പ്രതിദിനം 10 വീതം ബന്ദികളെ ഹമാസ് മോചിപ്പിച്ചാൽ വെടിനിർത്തൽ ദീർഘിപ്പിക്കാമെന്ന നിലപാട് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു ആവർത്തിക്കുന്നു. പക്ഷേ ശാശ്വത വെടിനിർത്തലിന് ഇസ്രായേൽ തയ്യാറല്ലെന്ന് സൂചനയും നെതന്യാഹു നൽകുന്നുണ്ട്. ഇന്നലെ ഗസ്സയിൽ നേരിട്ടെത്തി ഇസ്രായേൽ സൈനികരുമായി സംസാരിച്ച നെതന്യാഹു വിജയം വരെ പോരാട്ടം തുടരുമെന്നും ആരുവിചാരിച്ചാലും തടയാനാവില്ലെന്നും പ്രഖ്യാപിച്ചു. വെസ്റ്റ് ബാങ്കിലും ഇസ്രായേലിന്‍റെ അതിക്രമങ്ങൾ തുടരുകയാണ്. ഹെബ്രോനിൽ നിന്ന് 26 പേരെ കൂടി ഇസ്രായേൽ അറസ്റ്റു ചെയ്തു. യുദ്ധം തുടങ്ങിയ ശേഷം വെസ്റ്റ്ബാങ്കിൽ നിന്ന് 3200 പേരെയാണ് ഇസ്രായേൽ വെസ്റ്റ് ബാങ്കിൽ നിന്ന് അറസ്റ്റ് ചെയ്തത്.
Adjust Story Font
16