ദുബായ് നഗരത്തിലൂടെ പറക്കാം; ഡ്രൈവറില്ലാ ടാക്സികള്‍ക്ക് പിന്നാലെ ഡ്രൈവറില്ലാ എയര്‍ ടാക്സികളും
ഡ്രോണ്‍ ടാക്സികള്‍ സംബന്ധിച്ച നിബന്ധനകള്‍ തയ്യാറാക്കാന്‍ ദുബായ് റോഡ് ഗതാഗത അതോറിറ്റി പ്രത്യേക അവലോകനം യോഗം ചേര്‍ന്നു
ഡ്രൈവറില്ലാ ടാക്സികള്‍ക്ക് പിന്നാലെ ഡ്രൈവറില്ലാ എയര്‍ ടാക്സികള്‍. ദുബായ് നഗരത്തിലൂടെ ആരുടേയും സഹായമില്ലാതെ ഇനി പറക്കാം, വിമാനത്തിലല്ല ടാക്‌സികളില്‍. ഡ്രോണ്‍ ടാക്സികള്‍ സംബന്ധിച്ച നിബന്ധനകള്‍ തയ്യാറാക്കാന്‍ ദുബായ് റോഡ് ഗതാഗത അതോറിറ്റി (ആര്‍ടിഎ) പ്രത്യേക അവലോകനം യോഗം ചേര്‍ന്നു.
വ്യോമപരിധി, ഉയരം എന്നീ കാര്യങ്ങള്‍ പരിശോധിച്ച് ചട്ടങ്ങള്‍ക്ക് രൂപം നല്‍കും. യോഗത്തില്‍ ഡ്രോണുകളുടെ രജിസ്ട്രേഷന്‍, പരിധിയും നിയന്ത്രണവും, ഇവ ഉണ്ടാക്കുന്ന നാശനഷ്ടങ്ങളുടെ ഉത്തരവാദിത്തം എന്നീ മൂന്ന് കാര്യങ്ങളാണ് പ്രധാനമായും ചര്‍ച്ച ചെയ്തത്. ടാക്സികളുടെ പൈലറ്റ്, കണ്‍ട്രോളര്‍, ക്രൂ അംഗങ്ങള്‍ എന്നിവരുടെ ചുമതലകളെ കുറിച്ച് യോഗത്തില്‍ വിലയിരുത്തി.
ഡ്രോണുകള്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണം. ആര്‍.ടി.എ നല്‍കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി കാണത്തക്ക വിധത്തില്‍ രേഖപ്പെടുത്തണം. മറ്റു ഡ്രോണുകളില്‍ നിന്നും കെട്ടിടങ്ങളില്‍ നിന്നും അനുവദിച്ച പരിധി കടന്ന് ടാക്‌സി പോവാന്‍ പാടില്ല.
വിമാനത്താവളങ്ങള്‍, സൈനിക കേന്ദ്രങ്ങള്‍, താമസകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പ്രവേശനമില്ല. വ്യക്തികളുടെ സ്വകാര്യതയെ മാനിക്കണം. എവിടേക്കേല്ലാം സഞ്ചരിക്കാമെന്നതിന് ഇലക്ട്രോണിക് മാപ്പ് തയ്യാറാക്കുകയും വേണം.
വിമാനങ്ങളെയും മറ്റും ബാധിക്കാത്തവിധം ഒട്ടേറെ സങ്കീര്‍ണതകള്‍ നിറഞ്ഞ വ്യോമ ഗതാഗതത്തിന് പല ഘടകങ്ങളും പരിഗണിക്കേണ്ടതുണ്ടെന്ന് ആര്‍ടിഎ ലീഗല്‍ വിഭാഗം, സ്ട്രാറ്റജി ആന്റ് കോര്‍പറേറ്റ് ഗവേണന്‍സ് സെക്ടര്‍ ഡയറക്ടര്‍ ഷിഹാബ് ബു ഷിഹാബ് പറഞ്ഞു.
Adjust Story Font
16