ഫലസ്തീനികൾക്കെതിരായ അതിക്രമം: തീവ്ര ഇസ്രായേലി കുടിയേറ്റക്കാർക്ക് ഉപരോധവുമായി കാനഡ
യു.കെയും നേരത്തെ ഉപരോധം ഏർപ്പെടുത്തിയിരുന്നു
ഒട്ടാവ: ഇസ്രായേൽ അധിനിവേശ വെസ്റ്റ്ബാങ്കിൽ ഫലസ്തീനികൾക്കെതിരായ അതിക്രമത്തിന് ഉത്തരവാദികളായ തീവ്ര ഇസ്രായേൽ കുടിയേറ്റക്കാരെ ഉപരോധിച്ച് കാനഡ. പ്രത്യേക സാമ്പത്തിക നടപടി നിയമപ്രകാരമാണ് കനേഡിയൻ സർക്കാർ ഉപരോധം ഏർപ്പെടുത്തിയത്.
കുടിയേറ്റക്കാരുടെ ആക്രമണം ഭയാനകമായി വർധിച്ചതിനെ തുടർന്നാണ് നടപടിയെന്ന് വിദേശകാര്യ മന്ത്രി മെലാനി ജോളി പറഞ്ഞു. ഫലസ്തീനികളുടെ മനുഷ്യാവകാശങ്ങൾ, ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള സാധ്യതകൾ, പ്രാദേശിക സുരക്ഷ എന്നിവയെ ഇവർ അട്ടിമറിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ഡേവിഡ് ചായ് ചസ്ദായ്, യിനോൻ ലെവി, സ്വി ബാർ യോസെഫ്, മോഷെ ഷർവിത് എന്നീ നാലുപേർക്കാണ് ആദ്യഘട്ടത്തിൽ ഉപരോധം ഏർപ്പെടുത്തിയത്. ഇവരുമായി ബന്ധപ്പെട്ട ഇടപാടുകൾക്ക് നിരോധനം ഏർപ്പെടുത്തി. കൂടാതെ ഇമിഗ്രേഷൻ ആൻഡ് റഫ്യൂജി പ്രൊട്ടക്ഷൻ നിയമപ്രകാരം ഇവർക്ക് കാനഡയിലേക്ക് പ്രവേശന വിലക്കുമുണ്ട്.
തീവ്ര ഇസ്രയേലി കുടിയേറ്റക്കാർ നടത്തുന്ന അതിക്രമങ്ങളുടെ ഭവിഷ്യത്തുക്കൾ താൻ നേരിട്ട് കണ്ട് മനസ്സിലാക്കിയിട്ടുണ്ടെന്ന് മന്ത്രി മെലാനി ജോളി പറഞ്ഞു. അടുത്തിടെ താൻ ഈ പ്രദേശത്ത് പോയിരുന്നു. തീവ്രവാദികളായ കുടിയേറ്റക്കാരുടെ അക്രമത്തിന്റെയും ഭീഷണിയുടെയും ഫലമായി വീടുകളും കൃഷിയിടങ്ങളും ഉപേക്ഷിക്കാൻ നിർബന്ധിതരായ ഫലസ്തീനി കുടുംബങ്ങളെ താൻ കണ്ടു. തീവ്ര കുടിയേറ്റക്കാരുടെ അക്രമ പ്രവർത്തനങ്ങൾ അംഗീകരിക്കാനാവില്ലെന്നും അത്തരം അക്രമങ്ങൾ നടത്തുന്നവർ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നുമുള്ള വ്യക്തമായ സന്ദേശം നൽകാനാണ് തങ്ങൾ ഉദ്ദേശിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മിഡിൽ ഈസ്റ്റിൽ സമഗ്രവും നീതിയുക്തവും ശാശ്വതവുമായ സമാധാനത്തിന് കാനഡ പ്രതിജ്ഞാബദ്ധമാണെന്ന് ഉപരോധത്തെക്കുറിച്ചുള്ള പ്രസ്താവനയിൽ അധികൃതർ പറഞ്ഞു. വെസ്റ്റ് ബാങ്കിലും കിഴക്കൻ ജറുസലേമിലും അനധികൃത കുടിയേറ്റങ്ങൾ വിപുലീകരിക്കുന്നതിനെ എതിർക്കുന്നതായും അധികൃതർ വ്യക്തമാക്കി.
കുടിയേറ്റക്കാരെ വിലിക്കിക്കൊണ്ടുള്ള തീരുമാനത്തെ കനേഡിയൻസ് ഫോർ ജസ്റ്റിസ് ആൻഡ് പീസ് ഇൻ മിഡിൽ ഈസ്റ്റ് (സി.ജെ.പി.എം.ഇ) സ്വാഗതം ചെയ്തു. അതേസമയം, വളരെ വൈകി വന്ന തീരുമാനമാണിതെന്നും സംഘടന വ്യക്തമാക്കി.
ഈ വർഷം ആദ്യം ഇസ്രായേൽ അധിനിവേശ വെസ്റ്റ് ബാങ്കിൽ ഫലസ്തീനികളെ ആക്രമിച്ച നാല് ഇസ്രായേൽ പൗരന്മാർക്കെതിരെ യു.കെ ഉപരോധം ഏർപ്പെടുത്തിയിരുന്നു. കുടിയേറ്റക്കാർക്കെതിരെ അമേരിക്കയും നടപടി സ്വീകരിച്ചിട്ടുണ്ട്. എന്നാൽ, ഇവരുടെ അക്കൗണ്ടുകൾ മരവിപ്പിക്കരുതെന്ന് ബാങ്കുകളോട് അമേരിക്ക ആവശ്യപ്പെട്ടിരുന്നു. ഇത് ഉപരോധത്തിന്റെ ഫലപ്രാപ്തിയെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.
Adjust Story Font
16