‘ഗസ്സയിലെ കൊടുംക്രൂരത കണ്ടുനിൽക്കാനാവില്ല’; ഇസ്രായേലിന് ആയുധങ്ങൾ വിൽക്കാനുള്ള അനുമതികൾ റദ്ദാക്കി കാനഡ
കനേഡിയൻ നിർമ്മിത ആയുധങ്ങളും യുദ്ധസാമഗ്രികളും ഗസ്സയിൽ ഉപയോഗിക്കരുതെന്നാണ് തങ്ങളുടെ നയമെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു
ഒട്ടാവ: ഗസ്സക്കെതിരെ യുദ്ധം ചെയ്യുന്ന ഇസ്രായേലിന് ആയുധങ്ങൾ വിൽക്കുന്നതിന് വിലക്കേർപ്പെടുത്തി കാനഡ. ഗസ്സയിൽ നടക്കുന്ന കൊടുംക്രൂരതകളെയും മനുഷ്യത്വരഹിത പ്രവർത്തികളെയും കണ്ടുനിൽക്കാനാവില്ലെന്നും അതിനാൽ ഇസ്രായേലിന് ആയുധം വിതരണം ചെയ്യുന്നതിന് നിലവിലുള്ള 30 ഓളം പെർമിറ്റുകൾ റദ്ദാക്കുകയാണെന്ന് കനേഡിയൻ വിദേശകാര്യ മന്ത്രി മെലാനി ജോളി പറഞ്ഞു.
കനേഡിയൻ നിർമ്മിത ആയുധങ്ങളും യുദ്ധസാമഗ്രികളും ഗസ്സയിൽ ഉപയോഗിക്കരുതെന്നാണ് നയമെന്ന് മെലാനി ജോളി പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇസ്രായേലിന് പുതിയ ആയുധ പെർമിറ്റുകൾ നൽകുന്നത് ജനുവരിയിൽ കാനഡ നിർത്തിവെച്ചിരുന്നു. എന്നാൽ മുമ്പ് നൽകിയ അനുമതികളുപയോഗിച്ച് ഇസ്രായേലിന് കാനഡയിൽ നിന്ന് ആയുധങ്ങൾ ലഭിച്ചിരുന്നു. ആ അനുമതികളാണ് കാനഡ റദ്ദാക്കിയത്.
‘ഞങ്ങളുടെ ആയുധങ്ങളോ ആയുധങ്ങളുടെ ഭാഗങ്ങളോ ഗസ്സഗസ്സയിലേക്ക് അയയ്ക്കില്ല’ എന്നതാണ് ഞങ്ങളുടെ നയമെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു. ഇസ്രായേലിന് ആയുധം വിതരണം നടത്തുന്ന മറ്റ് രാജ്യങ്ങളുമായുള്ള കരാറുകളും പുനഃപരിശോധിക്കാൻ ഉത്തരവിട്ടതായി വിദേശകാര്യ മന്ത്രി മെലാനി ജോളി പറഞ്ഞു. കാനഡ ഏറ്റവും കൂടുതൽ ആയുധ കയറ്റുമതി നടത്തുന്ന രാജ്യങ്ങളിലൊന്നാണ് ഇസ്രായേൽ. 2021 ൽ 26 മില്യൺ ഡോളറിന്റെ ആയുധങ്ങളാണ് ഇസ്രായേലിലേക്ക് കയറ്റുമതി ചെയ്തത്. 2022 ൽ 21 മില്യൺ ഡോളർ മൂല്യമുള്ള ആയുധങ്ങൾ കയറ്റുമതി ചെയ്തുവെന്നാണ് റിപ്പോർട്ട്. കാനഡയിൽ നിന്ന് ആയുധങ്ങൾ കയറ്റുമതിചെയ്യുന്ന ആദ്യ 10 രാജ്യങ്ങളിൽ ഇസ്രായേൽ ഇടംപിടിച്ചിട്ടുണ്ട്.
ഇസ്രായേലിന് പ്രതിവർഷം കോടിക്കണക്കിന് ഡോളർ സൈനിക സഹായം നൽകുന്ന അമേരിക്കയുടെ പ്രധാന സഖ്യകക്ഷിയായ കാനഡയുടെ നടപടിയിൽ ഇസ്രായേലിന് കടുത്ത അമർഷമുണ്ട്. കാനഡയിൽ സജീവമായി ഇസ്രായേൽ വിരുദ്ധ പ്രതിഷേധങ്ങൾ നടക്കുകയാണ്. സർവകലാശാലകളിലും രാഷ്ട്രീയ പരിപാടികളിലും ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലുമെല്ലാം ഫലസ്തീൻ അനുകൂല പ്രകടനങ്ങൾ നടക്കുന്നത് സർക്കാരിന് മുകളിൽ കനത്തസമ്മർദ്ദമാണുണ്ടാക്കിയിരിക്കുന്നത്. ഇസ്രയേലിന് ആയുധം വിതരണം ചെയ്യുന്ന ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളിൽ നിയമനടപടികൾ നടക്കുകയാണ്.
നേരത്തെ വെസ്റ്റ് ബാങ്കിലെ അനധികൃത കൈയേറ്റത്തിലും ഫലസ്തീനികള്‍ക്കെതിരായ അതിക്രമത്തിലും ഇസ്രായേല്‍ നേതാക്കൾക്കും സ്ഥാപനങ്ങൾക്കുമെതിരെ ജൂണിൽ കാനഡ ഉപരോധമേർപ്പെടുത്തിയിരുന്നു. ഏഴ് ഇസ്രായേല്‍ നേതാക്കള്‍ക്കും അഞ്ച് സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെയാണ് ഉപരോധം ചുമത്തിയത്. വെസ്റ്റ് ബാങ്കിലെ പ്രധാന കുടിയേറ്റ കൂട്ടായ്മയായ അമാന മൂവ്‌മെന്റ്, കുടിയേറ്റ നേതാവ് ഡാനിയേല വീസ് എന്നിവര്‍ക്കെതിരെയെല്ലാം അന്ന് നടപടിയെടുത്തിരുന്നു.
ഫലസ്തീനികള്‍ക്കും അവരുടെ സ്വത്തുവകകള്‍ക്കുമെതിരെ നടക്കുന്ന ആക്രമണങ്ങള്‍ക്ക് സാമ്പത്തികമായും കായികമായും കൂട്ടുനില്‍ക്കുകയും സഹായമൊരുക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നുവെന്നാണ് ഉപരോധത്തിനു കാരണമായി വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിൽ പറയുന്നത്. തീവ്രജൂത നേതാക്കളായ ബെന്റ്‌സി ഗോപ്സ്റ്റീന്‍, ഡാനിയേല വീസ്, ഈനാന്‍ ബെന്‍നീര്‍ അമ്രാന്‍ തന്‍ജീല്‍, എലിഷ യെറെദ്, എലി ഫെഡെര്‍മാന്‍, മയര്‍ മോര്‍ദെക്കായ് എറ്റിങ്ങര്‍, ഷാലോം സിക്കര്‍മാന്‍ എന്നിവരെയാണ് ഉപരോധിച്ചത്. അമാന, ഹില്‍ടോപ് യൂത്ത്, ലെഹാവ, മോഷേസ് ഫാം, സവീസ് ഫാം എന്നിവയാണ് സംഘടനകള്‍.
തീവ്ര കുടിയേറ്റ ആക്രമണങ്ങളില്‍ ഫലസ്തീനികളുടെ ജീവനും സ്വത്തിനും കൃഷിഭൂമിക്കുമെല്ലാം നഷ്ടങ്ങളുണ്ടായിട്ടുണ്ടെന്നും കാനഡ വിമർശിച്ചിരുന്നു. ഈ ആക്രമണങ്ങള്‍ കാരണം ഫലസ്തീനികള്‍ വീടുകള്‍ ഒഴിഞ്ഞുപോകാന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്നും കാനഡ വ്യക്തമാക്കിയിരുന്നു.
വെസ്റ്റ് ബാങ്കിലും കിഴക്കന്‍ ജറൂസലമിലുമുള്ള നിയമവിരുദ്ധ കുടിയേറ്റങ്ങള്‍ക്കും കുടിയേറ്റ വ്യാപനത്തിനുമെതിരെ നിലകൊള്ളുമെന്നും കാനഡ വ്യക്തമാക്കിയിട്ടുണ്ട്. പശ്ചിമേഷ്യയില്‍ ശാശ്വതവും നീതിയുക്തവും സമഗ്രവുമായ സമാധാനാന്തരീക്ഷം കൊണ്ടുവരാനായി രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Adjust Story Font
16