വാക്സിന്‍ ഉത്തരവിനെതിരെ പ്രതിഷേധം: കനേഡിയന്‍ പ്രധാനമന്ത്രി ട്രൂഡോ രഹസ്യകേന്ദ്രത്തില്‍
വാക്‌സിൻ നിബന്ധനയും മറ്റ് നിയന്ത്രണങ്ങളും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് പേരാണ് കാനഡയുടെ തലസ്ഥാനത്ത് ഒത്തുകൂടിയത്
കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും കുടുംബവും രാജ്യതലസ്ഥാനത്തെ വീട് വിട്ട് രഹസ്യകേന്ദ്രത്തില്‍. ട്രൂഡോ സര്‍ക്കാരിന്‍റെ കോവിഡ് നിയന്ത്രണങ്ങള്‍ക്കും വാക്സിന്‍ നിര്‍ദേശങ്ങള്‍ക്കും എതിരെയാണ് പാര്‍ലമെന്‍റ് ഹില്‍ ടോപ്പില്‍ പ്രതിഷേധക്കാര്‍ ഒത്തുകൂടിയത്.
അതിർത്തി കടന്നുവരുന്ന ട്രക്കുകളിലുള്ളവര്‍ വാക്സിന്‍ എടുത്തിരിക്കണം എന്ന നിര്‍ദേശത്തിനെതിരെ 'ഫ്രീഡം കോൺവോയ്' എന്ന പേരില്‍ തുടങ്ങിയ പ്രതിഷേധം കോവിഡ് നിയന്ത്രണങ്ങൾക്കെതിരായ വലിയ പ്രകടനമായി വളരുകയായിരുന്നു. വാക്‌സിൻ നിബന്ധനയും മറ്റ് നിയന്ത്രണങ്ങളും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് പേരാണ് കാനഡയുടെ തലസ്ഥാനത്ത് ഒത്തുകൂടിയത്.
പ്രതിഷേധത്തില്‍ കുട്ടികളും പ്രായമായവരും ഉള്‍പ്പെടെ പങ്കെടുത്തു. ചിലർ ട്രൂഡോയ്ക്കെതിരെ ആക്രമണാത്മകവും അശ്ലീലവും കലർന്ന മുദ്രാവാക്യങ്ങള്‍ മുഴക്കി. പ്രതിഷേധക്കാരിൽ ചിലര്‍ യുദ്ധസ്മാരകത്തിൽ നൃത്തം ചെയ്തു. സൈനിക മേധാവി ജനറൽ വെയ്ൻ ഐർ, പ്രതിരോധ മന്ത്രി അനിത ആനന്ദ് തുടങ്ങിയവര്‍ ഈ പ്രവൃത്തിയെ അപലപിച്ചു. അതിശൈത്യ മുന്നറിയിപ്പ് അവഗണിച്ചാണ് പ്രതിഷേധക്കാർ പാർലമെന്റ് പരിസരത്തേക്ക് ഒഴുകിയെത്തിയത്. അക്രമസാധ്യത കണക്കിലെടുത്ത് പൊലീസ് അതീവ ജാഗ്രതയിലാണ്.
"സൈനികരുടെ ശവകുടീരത്തിൽ പ്രതിഷേധക്കാർ നൃത്തം ചെയ്യുകയും ദേശീയ യുദ്ധസ്മാരകത്തെ അവഹേളിക്കുകയും ചെയ്യുന്നത് കാണുമ്പോൾ അസ്വസ്ഥത തോന്നുന്നു. നമ്മുടെ അഭിപ്രായ സ്വാതന്ത്ര്യം ഉൾപ്പെടെയുള്ള അവകാശങ്ങൾക്കായി പോരാടി മരിച്ചവരാണവര്‍. യുദ്ധസ്മാരകത്ത അവഹേളിച്ചവര്‍ ലജ്ജിച്ചു തല താഴ്ത്തണം"- ജനറൽ വെയ്ൻ ഐർ ട്വീറ്റ് ചെയ്തു.
I am sickened to see protesters dance on the Tomb of the Unknown Soldier and desecrate the National War Memorial. Generations of Canadians have fought and died for our rights, including free speech, but not this. Those involved should hang their heads in shame.
— General / Général Wayne Eyre (@CDS_Canada_CEMD) January 29, 2022
പ്രതിരോധമന്ത്രി അനിത് ആനന്ദ് ട്വീറ്റ് ചെയ്തതിങ്ങനെ- "സൈനികന്‍റെ ശവകുടീരവും ദേശീയ യുദ്ധസ്മാരകവും നമ്മുടെ രാജ്യത്തിന്റെ പുണ്യ സ്ഥലങ്ങളാണ്. കാനഡയ്ക്കുവേണ്ടി പോരാടി മരിച്ചവരോടുള്ള ആദരവ് കണക്കിലെടുത്ത് എല്ലാ കനേഡിയൻമാരും അവരോട് ആദരവോടെ പെരുമാറണമെന്ന് ഞാൻ അഭ്യർഥിക്കുന്നു"
പതിനായിരത്തോളം പേര്‍ പ്രതിഷേധവുമായി എത്തുമെന്നാണ് പൊലീസിന്‍റെ അനുമാനം. പ്രതിഷേധം അക്രമാസക്തമാകുമെന്ന് തനിക്ക് ആശങ്കയുണ്ടെന്ന് വെള്ളിയാഴ്ച ട്രൂഡോ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ കനേഡിയൻമാരുടെ താത്പര്യങ്ങളെ പ്രതിനിധീകരിക്കാത്ത ഒരു ചെറിയ ന്യൂനപക്ഷമാണ് പ്രതിഷേധക്കാരെന്നും ട്രൂഡോ പറഞ്ഞു.
Adjust Story Font
16