മദ്യപിക്കരുതെന്ന് വീട്ടുകാര്‍; നാടു വിട്ട വയോധികന്‍ 14 വര്‍ഷം ഒളിച്ചുതാമസിച്ചത് വിമാനത്താവളത്തില്‍
2008ലായിരുന്നു ജിയാങ്കു വീടും നാടും വിട്ടത്. ചെന്നുകയറിയതാകട്ടെ ബെയ്ജിംഗ് ഇന്‍റര്‍നാഷണല്‍ വിമാനത്താവളത്തിലും
ഉപദേശം ഭൂരിഭാഗം പേര്‍ക്കും ഇഷ്ടമുള്ള കാര്യമല്ല. പ്രത്യേകിച്ച് പുകവലിക്കരുത്, മദ്യപിക്കരുത് എന്നൊക്കെ പറഞ്ഞാല്‍ തീരെ ഇഷ്ടപ്പെടില്ല. ഇങ്ങനെയുള്ള വീട്ടുകാരുടെ ഉപദേശം കേട്ടു മടുത്ത് വയോധികന്‍ നാടു വിട്ട് 14 വര്‍ഷത്തോളം ഒളിച്ചുതാമസിച്ചത് ഒരു വിമാനത്താവളത്തിലാണ്. അങ്ങ് ചൈനയിലാണ് സംഭവം.
കുടിക്കരുത്, വലിക്കരുത് തുടങ്ങിയ വീട്ടുകാരുടെ ഉപദേശം ദിവസം ചെല്ലുന്തോറും കൂടിയപ്പോള്‍ വെയ് ജിയാങ്കു എന്ന ചൈനീസുകാരനാണ് നാടുവിട്ടത്. 2008ലായിരുന്നു ജിയാങ്കു വീടും നാടും വിട്ടത്. ചെന്നുകയറിയതാകട്ടെ ബെയ്ജിംഗ് ഇന്‍റര്‍നാഷണല്‍ വിമാനത്താവളത്തിലും. തുടര്‍ന്ന് നീണ്ട 14 വര്‍ഷം അവിടെയായിരുന്നു താമസം. നിരവധി തവണ സെക്യൂരിറ്റിയും പൊലീസും വീട്ടിലേക്ക് തിരിച്ച് അയക്കാന്‍ ശ്രമിച്ചുവെങ്കിലും ജിയാങ്ക് ടെര്‍മിനലിലേക്ക് തന്നെ തിരിച്ചെത്തുകയായിരുന്നു.40 വയസുള്ളപ്പോള്‍ തന്നെ ജോലിയില്‍ നിന്നും പുറത്താക്കിയെന്നും പ്രായമായതിനാല്‍ പുതിയൊരു ജോലി കിട്ടാന്‍ പ്രയാസമാണെന്നും 60കാരനായ ജിയാങ്കു ചൈന ഡെയ്‍ലിയോട് പറഞ്ഞു.
തന്‍റെ ദൈനംദിന ജീവിതത്തെക്കുറിച്ചും ജിയാങ്കു മാധ്യമപ്രവര്‍ത്തകരോട് വെളിപ്പെടുത്തി.'' രാവിലെ എഴുന്നേറ്റാല്‍ ഉടന്‍ അടുത്തുള്ള മാര്‍ക്കറ്റില്‍ പോയി ആവിയില്‍ വേവിച്ച ആറ് പോര്‍ക്ക് ബണ്ണും കഞ്ഞിയും ഉച്ചക്കുള്ള ഭക്ഷണവും വെള്ളവും വാങ്ങും. എനിക്ക് നാട്ടിലേക്ക് മടങ്ങാൻ കഴിയില്ല, കാരണം എനിക്ക് അവിടെ സ്വാതന്ത്ര്യമില്ല. അവിടെ താമസിക്കണമെങ്കിൽ പുകവലിയും മദ്യപാനവും ഉപേക്ഷിക്കണമെന്ന് വീട്ടുകാർ എന്നോട് പറഞ്ഞു. അതിന് കഴിയുന്നില്ലെങ്കില്‍ 1000 യുവാന്‍ എല്ലാ മാസവും നല്‍കണമെന്നാണ് അവര്‍ പറഞ്ഞത്. പിന്നെ ഞാനെങ്ങനെ സിഗരറ്റും മദ്യവും വാങ്ങും'' ജിയാങ്കു പറഞ്ഞു. ഇപ്പോള്‍ ദിവസത്തെക്കുറിച്ചോ മാസത്തെക്കുറിച്ചോ അറിയാറില്ലെന്നും വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരുടെ സാന്നിധ്യം തന്നെ അസ്വസ്ഥമാക്കാറില്ലെന്നും ജിയാങ്കു കൂട്ടിച്ചേര്‍ത്തു.
2017ലെ ക്രിസ്മസ് തലേന്ന് എയർപോർട്ട് അധികൃതർ ജിയാങ്കുവിനോട് പോകാൻ ആവശ്യപ്പെട്ടു. പോലീസ് അദ്ദേഹത്തെ വിമാനത്താവളത്തിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള വീട്ടിലേക്ക് കൊണ്ടുപോയെങ്കിലും വിമാനത്താവളത്തിലേക്ക് തന്നെ മടങ്ങിവരികയായിരുന്നു. ഇവിടെ സ്വാതന്ത്ര്യമുണ്ടെന്നായിരുന്നു ജിയാങ്കുവിന്‍റെ മറുപടി.
Adjust Story Font
16