Quantcast

എത്ര വേണമെങ്കിലും ഉറങ്ങിക്കോളൂ, ശമ്പളം തരാം; അപേക്ഷ ക്ഷണിച്ച് യു.എസ് കമ്പനി

എവിടെയും എത്രനേരവും ഉറങ്ങാന്‍ കഴിയണമെന്നാണ് കമ്പനി പറയുന്ന പ്രധാന യോഗ്യത. മണിക്കൂറിന് 2,000 രൂപയും ലഭിക്കും

MediaOne Logo

Web Desk

  • Updated:

    2022-08-09 06:26:00.0

Published:

9 Aug 2022 6:18 AM GMT

എത്ര വേണമെങ്കിലും ഉറങ്ങിക്കോളൂ, ശമ്പളം തരാം; അപേക്ഷ ക്ഷണിച്ച് യു.എസ് കമ്പനി
X

ന്യൂയോർക്ക്: ഉറങ്ങാനൊരു അവസരമൊത്താൽ നഷ്ടപ്പെടുത്താൻ ആഗ്രഹിക്കാത്തവരായിരിക്കും മിക്ക ആളുകളും. ജോലിക്കു പോകാതെ ആയുസു മുഴുവൻ ഉറങ്ങിത്തീർക്കാൻ കൊതിക്കുന്ന കുഴിമടിയന്മാരുമുണ്ടാകും. എന്നാൽ, അത്തരക്കാർക്കൊരു സന്തോഷവാർത്തയുണ്ട് അമേരിക്കയിൽനിന്ന്. എത്ര വേണമെങ്കിലും കിടന്നുറങ്ങാം, അതിനു ശമ്പളവും കിട്ടും!

അമേരിക്കയിലെ പ്രമുഖ കിടക്ക നിർമാതാക്കളായ കാസ്പർ ആണ് കൗതുകമുണർത്തുന്ന ഒരു തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 'കാസ്പർ സ്ലീപ്പേഴ്‌സ്' എന്നു പേരിട്ടിരിക്കുന്ന ഈ ജോലിക്കു വേണ്ട ഏറ്റവും പ്രധാന യോഗ്യത നന്നായി ഉറങ്ങാൻ കഴിയണമെന്നതു തന്നെയാണ്. മണിക്കൂറിന് 25 യു.എസ് ഡോളറാണ്(ഏകദേശം 2,000 രൂപ) ശമ്പളമായി ലഭിക്കുക.

കമ്പനി പുറത്തുവിട്ടിരിക്കുന്ന ജോലിവിവരണവും അതിനു വേണ്ട യോഗ്യതയും അറിഞ്ഞാൽ ചിരിവരും. ഒന്നാമത്തെ കാര്യം, കാസ്പറിന്റെ സ്റ്റോറുകളിൽ ഇഷ്ടംപോലെ കിടന്നുറങ്ങണം. വല്ലപ്പോഴും ഉറക്കമില്ലാത്ത സമയത്ത് കാസ്പർ കിടക്കകളിലെ ഉറക്കത്തിന്റെ അനുഭവം പങ്കുവച്ച് വിഡിയോ ചെയ്യണം. ടിക്‌ടോക് മാതൃകയിലുള്ള വിഡിയോ ആണ് കമ്പനി നിർദേശിക്കുന്നത്. ഇത് കാസ്പറിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവയ്ക്കും.

കമ്പനി പറയുന്ന യോഗ്യതകൾ ഇങ്ങനെയാണ്: 1. നന്നായി ഉറങ്ങാനുള്ള ശേഷി. 2. എത്ര വേണമെങ്കിലും ഉറങ്ങാനുള്ള ആഗ്രഹം. 3. കാമറയ്ക്കു മുന്നിലും പിന്നിലും പ്രവർത്തിക്കാനുള്ള സന്നദ്ധത. 4. ഏതു ഘട്ടത്തിലും ഉറങ്ങാനുള്ള ശേഷി. 5. ഉറക്കത്തെക്കുറിച്ചുള്ള കാര്യങ്ങൾ സോഷ്യൽ മീഡിയയിലുടെ പങ്കുവയ്ക്കാനുള്ള താൽപര്യം. 6. 18 വയസ് പൂർത്തിയായവർ ആയിരിക്കണം. ന്യൂയോർക്കിലുള്ളവർക്കാണ് മുൻഗണനയെങ്കിലും അല്ലാത്തവർക്കും അപേക്ഷിക്കാമെന്ന് കമ്പനി പറയുന്നുണ്ട്.

ഈ ജോലിക്കായി ഔദ്യോഗിക ഡ്രസ്‌കോഡുമുണ്ട് കമ്പനിക്ക്. ഉറങ്ങാൻ കമ്പനിയുടെ പ്രത്യേക പൈജാമ ലഭിക്കും. ശമ്പളത്തിനു പുറമെ കാസ്പറിന്റെ മറ്റു ഉൽപന്നങ്ങൾ സൗജന്യമായി ലഭിക്കും. പാർട്‌ടൈം ആയാകും ജോലിയുണ്ടാകുക. ഇതിന് ശമ്പളത്തിനു പുറമെ മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.

വ്യാഴാഴ്ചയാണ് ജോലിക്കായി അപേക്ഷിക്കേണ്ട അവസാന തിയതി. കാസ്പറിന്റെ വെബ്‌സൈറ്റിൽ https://boards.greenhouse.io/casper/jobs/4440302?gh_jid=4440302 എന്ന ലിങ്കിൽ പോയി ഒട്ടും വൈകാതെ അപേക്ഷിച്ചോളൂ...

Summary: Casper, a New York based company, is hiring "Casper Sleepers" to sleep for a living

TAGS :

Next Story