ഗസ്സയിൽ വെടിനിർത്തൽ; ഹമാസ് പ്രതിനിധി സംഘം ഇന്ന് കെയ്റോയിൽ
അമേരിക്കയിൽ വിദ്യാർഥി പ്രക്ഷോഭത്തിൽ അറസ്റ്റിലായവരുടെ എണ്ണം 2,300 കവിഞ്ഞു
ദുബൈ: ഗസ്സയിൽ വെടിനിർത്തൽ ചർച്ചക്കായി ഹമാസ് പ്രതിനിധി സംഘം ഇന്ന് കെയ്റോയിൽ എത്തും. സൈനിക പിൻവാങ്ങലിന് ചർച്ച വഴിയൊരുക്കുമെന്ന പ്രതീക്ഷയുണ്ടെന്ന് ഹമാസ് അറിയിച്ചു. ഇന്ന് കൈറോയിൽ മടങ്ങിയെത്തുന്ന സംഘം വെടിനിർത്തൽ നിർദേശത്തിലുള്ള തങ്ങളുടെ അന്തിമ പ്രതികരണം മധ്യസ്ഥരാജ്യങ്ങളെ അറിയിക്കുമെന്ന് ഹമാസ് നേതൃത്വം വെളിപ്പെടുത്തി. തങ്ങൾക്ക് ലഭിച്ച വെടിനിർത്തൽ നിർദേശത്തെ പോസിറ്റീവ് സ്പിരിറ്റിൽ തന്നെയാണ് കാണുന്നതെന്നും ആക്രമണം അവസാനിപ്പിച്ച് സൈനിക പിൻമാറ്റം നടപ്പാകുമാറുള്ള കരാർ വേണമെന്നാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും ഹമാസ് അറിയിച്ചു.
എന്നാൽ മുമ്പ് സംഭവിച്ചതു പോലെ കരാർ അട്ടിമറിക്കാൻ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു ശ്രമിച്ചേക്കുമെന്ന ആശങ്കയും ഹമാസ് പങ്കുവെച്ചു. സി.ഐ.എ തലവൻ വില്യം ബേൺസ് ഇന്നലെ വൈകീട്ടാണ് കൈറോയിൽ എത്തിയത്. ഹമാസിന്‍റെ അനുകൂല പ്രതികരണം ലഭിക്കും മുമ്പ് സി.ഐ.എ മേധാവിയെ കൈറോയിലേക്കയച്ച യു.എസ് നടപടിയിൽ നെതന്യാഹു എതിർപ്പ് അറിയിച്ചതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിദ്യാർഥി പ്രക്ഷോഭം സൃഷ്ടിച്ച സമ്മർദം കാരണം എത്രയും പെട്ടെന്ന് വെടിനിർത്തൽ കരാർ യാഥാർഥ്യമാകണമെന്നാണ് ബൈഡൻ ഭരണകൂടം ആഗ്രഹിക്കുന്നത്.
കരാർ യഥാർഥ്യമാക്കാൻ സാധ്യമായ എല്ലാ നീക്കവും തുടരുമെന്ന് വൈറ്റ്ഹൗസ് പ്രതികരിച്ചു. സിവിലിയൻ സമൂഹത്തിന്‍റെ സുരക്ഷ ഉറപ്പാക്കാതെയുള്ള റഫ കരയാക്രമണ പദ്ധതിയോട് അമേരിക്കക്ക് യോജിപ്പില്ലെന്ന് ഇസ്രായേൽ നേതൃത്വത്തെ അറിയിച്ചതായും വൈറ്റ്ഹൗസ് അറിയിച്ചു.
ശക്തമായ അടിച്ചമർത്തലുകൾക്കിടയിലും അമേരിക്കൻ വാഴ്സിറ്റികളിലെ യുദ്ധവിരുദ്ധ പ്രക്ഷോഭം തുടരുകയാണ്. ഇതിനകം 2300ൽ ഏറെ പേരെയാണ് വിവിധ കാമ്പസുകളിൽ നിന്നായി അധികൃതർ അറസ്റ്റ് ചെയ്തത്. ഫലസ്തീൻ ഉള്ളടക്കത്തിന് നിയന്ത്രണവും വിലക്കും ഏർപ്പെടുത്തുന്ന മെറ്റ അധികൃതരുടെ നടപടിക്കെതിരെ ഒരു വിഭാഗം ജീവനക്കാർ രംഗത്തുവന്നു. ഫലസ്തീൻ ഉള്ളടക്കത്തോടുള്ള പക്ഷപാതിത്വ സമീപനം ആശങ്കാജനകമെന്നും ജീവനക്കാർ കമ്പനിക്ക് മുന്നറിയിപ്പ് നൽകി. ഗസ്സയിൽ ഇസ്രായേൽ ആക്രമണം തുടരുകയാണ്. ഇന്നലെ മാത്രം 26 പേർ കൊല്ലപ്പെട്ടു. ഗസ്സയുടെ പുനർ നിർമാണം നടപ്പാക്കാൻ 80 വർഷമെങ്കിലും വേണ്ടിവരുമെന്ന് യു.എൻ പറഞ്ഞു.
Adjust Story Font
16