Quantcast

നെതന്യാഹുവിന്റെ കടുംപിടിത്തത്തിൽ വഴിമുട്ടി വെടിനിർത്തൽ ചർച്ച; ​ഗസ്സയിൽ 47 പേർ‌ കൂടി കൊല്ലപ്പെട്ടു

ദേർ അൽ ബലാഹിൽനിന്ന് ഒഴിഞ്ഞുപോകാൻ അഭയാർഥികൾക്ക് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയായിരുന്നു ആക്രമണം.

MediaOne Logo

Web Desk

  • Published:

    23 Aug 2024 2:01 AM GMT

Ceasefire talks halts over Netanyahus negative stand and 47 more people were killed in Gaza
X

​ഗസ്സ: നെതന്യാഹുവിന്‍റെ കടുത്ത നിലപാടിനെ തുടർന്ന്​ വെടിനിർത്തൽ ചർച്ച വഴിമുട്ടിയിരിക്കെ, ഗസ്സയിൽ കൊടുംക്രൂരത തുടർന്ന്​ ഇസ്രയേൽ. ഇന്നലെ മാത്രം 47 ഫലസ്തീനികൾ കൊല്ലപ്പെട്ടു. ദേർ അൽ ബലാഹിലും ഖാൻ യൂനിസിലുമായിരുന്നു പീരങ്കി, ഡ്രോൺ ആക്രമണം. സ്ത്രീകളും കുട്ടികളുമുൾപ്പെടെയാണ് കൊല്ലപ്പെട്ടത്. ദേർ അൽ ബലാഹിൽനിന്ന് ഒഴിഞ്ഞുപോകാൻ അഭയാർഥികൾക്ക് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയായിരുന്നു ആക്രമണം.

അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സേന നടത്തിയ ആക്രമണത്തിൽ മൂന്ന് ഫലസ്തീനികൾ കൊല്ലപ്പെട്ടു. തുൽകറേം അഭയാർഥി ക്യാമ്പിലെ വീടുകൾക്ക് നേരെയായിരുന്നു ആക്രമണം. ഖാൻ യൂനിസിന് കിഴക്ക് ബാനി സുഹേല റൗണ്ട് എബൗട്ടിൽ നടത്തിയ ഇസ്രായേൽ പീരങ്കിയാക്രമണത്തിലും വടക്കൻ ഗ‌സ്സയിലെ ബെയ്ത് ലാഹിയയിലെ അൽ-ഷിമ പ്രദേശത്തെ ഒരു വീടിന് നേരെ നടത്തിയ ബോംബാക്രമണത്തിലും നിരവധി പേർക്ക് പരിക്കേറ്റു.

അതേസമയം, കെയ്റോയിൽ ഈ ആഴ്ച നടക്കേണ്ട വെടിനിർത്തലുമായി ബന്ധപ്പെട്ട തുടർചർച്ചയിൽ ഇനിയും തീരുമാനമായില്ല. സമ്പൂർണ സൈനിക പിൻമാറ്റം അംഗീകരിക്കില്ലെന്ന നിലപാടിൽ നെതന്യാഹു ഉറച്ചുനിൽക്കുകയാണ്​. വെടിനിർത്തൽ വേളയിൽ ഫിലാഡെൽഫി ​ഇടനാഴിയിലും മറ്റും തങ്ങളുടെ സൈനിക സാന്നിധ്യം തുടരും എന്നാണ്​ നെതന്യാഹു മധ്യസ്ഥ രാജ്യങ്ങളെ അറിയിച്ചിരിക്കുന്നത്​.

അറബ്​ സംയുക്ത സേനയ്ക്ക്​ ഗസ്സയുടെ നിയന്ത്രണാധികാരം നൽകണമെന്ന്​ നിർദേശിച്ചെന്ന റിപ്പോർട്ട്​ നെതന്യാഹുവിന്‍റെ ഓഫീസ്​ തള്ളി. ഗസ്സയിൽ ഇസ്രായേലിന്‍റെ തന്നെ നിയന്ത്രണം വേണമെന്നാണ്​ നിലപാടെന്നും നെതന്യാഹുവിന്‍റെ ഓഫീസ്​ വിശദീകരിച്ചു. ഗസ്സയിൽ ഇസ്രായേൽ തുടരുന്ന ക്രൂരതയ്ക്കെതിരെ ലോകത്തുടനീളം ഇന്ന്​ പ്രതിഷേധം ഉയരണമെന്ന്​ ഹമാസ്​ നിർദേശിച്ചു.

ഇതിനിടെ, പശ്ചിമേഷ്യയിൽ യുദ്ധ വ്യാപനഭീതി പടരവെ, ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽഥാനി ഉടൻ ഇറാൻ സന്ദർശിക്കും. തെഹ്റാനിൽ ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യ കൊല്ലപ്പെട്ടതിന് പ്രതികാരമായി ഇസ്രായേലിനെ ആക്രമിക്കാനുള്ള ഇറാന്റെ നീക്കം മേഖലയെ യുദ്ധത്തിലേക്ക് തള്ളിവിടുമെന്ന ആശങ്കയ്ക്കിടെയാണ്​ ഖത്തർ പ്രധാനമന്ത്രിയുടെ ഇറാൻ സന്ദർശനം.

അതേസമയം, വെസ്റ്റ്​ ബാങ്കിൽ നിയമം കൈയിലെടുത്ത ഇസ്രായേൽ കുടിയേറ്റക്കാർക്കെതിരെ ഇസ്രായേൽ സൈന്യം മുന്നറിയിപ്പ്​ നൽകി. ഇതിൽ പ്രതിഷേധിച്ച്​ രാത്രി നടന്ന സുരക്ഷാ സമിതി യോഗം മന്ത്രി ബെൻ ഗവിർ ബഹിഷ്കരിച്ചു. ഹൂതികളുടെ ആക്രമണത്തെ തുടർന്ന്​ ചെങ്കടലിൽ തകർന്ന കപ്പലിൽ നിന്ന്​ വൻതോതിൽ എണ്ണചോർച്ചയുണ്ടായി. കൂടാതെ ഇസ്രായേൽ- ലബനാൻ അതിർത്തിയിലും സംഘർഷം പടരുകയാണ്.

TAGS :

Next Story