Quantcast

ഗസ്സയിൽ വീണ്ടും വെടിനിർത്തൽ ചർച്ചകൾ സജീവമാകുന്നു; മധ്യസ്ഥരെ അയക്കുമെന്ന് ഇസ്രായേൽ

ഉടൻ കരാറിലെത്താൻ നിർദേശിച്ച് അമേരിക്കൻ പ്രസിഡന്റ് ബൈഡൻ

MediaOne Logo

Web Desk

  • Published:

    5 July 2024 5:51 AM GMT

israel palestine war ceasefire
X

തെൽഅവീവ്: ഗസ്സയിലെ വെടിനിർത്തൽ, ബന്ദി കൈമാറ്റം എന്നിവ ചർച്ച ചെയ്യാനായി ഇസ്രായേൽ പ്രതിനിധി സംഘത്തെ അയക്കാൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സമ്മതിച്ചായി ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വെടിനിർത്തൽ കരാറുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ഇസ്രായേൽ ചാരസംഘടനയായ മൊസാദിന്റെ തലവൻ ഡേവിഡ് ബർണിയ ഖത്തർ സന്ദർശിക്കുമെന്നും റിപ്പോർട്ടുണ്ട്.

വെള്ളിയാഴ്ച നടത്തുന്ന സന്ദർശനത്തിൽ ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽത്താനിയുമായി ബർണിയ കൂടിക്കാഴ്ച നടത്തും. ബന്ദി കൈമാറ്റം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ചർച്ച ചെയ്യാനായി ബുധനാഴ്ച ഹമാസിൽനിന്ന് നിർദേശങ്ങൾ ലഭിച്ചതായി കഴിഞ്ഞദിവസം ഇസ്രായേൽ അറിയിച്ചിരുന്നു. ഈ നിർദേശങ്ങൾ ഇസ്രായേൽ അ​വലോകനം ചെയ്യുന്നുണ്ട്.

വെടിനിർത്തലുമായി ബന്ധപ്പെട്ട് ബെഞ്ചമിൻ നെതന്യാഹുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വ്യാഴാഴ്ച ഫോണിൽ സംസാരിച്ചു. ബന്ദികളെ മോചിപ്പിക്കുന്നതിനൊപ്പം വെടിനിർത്തൽ കരാർ അന്തിമമാക്കാനുള്ള ശ്രമങ്ങൾ പ്രസിഡന്റ് ബൈഡനും നെതന്യാഹുവും സംസാരിച്ചതായി വൈറ്റ് ഹൗസ് പ്രസ്താവനയിൽ അറിയിച്ചു. കരാറുമായി ബന്ധപ്പെട്ടുള്ള ഹമാസിന്റെ നിർദേശങ്ങൾ ഇരുവരും ചർച്ച ചെയ്തു. ഉടൻ കരാറിലെത്താൻ ബൈഡൻ നിർദേശിച്ചതായും റിപ്പോർട്ടുണ്ട്.

ബന്ദിമോചന കരാറിൽ എന്നത്തേക്കാളും കൂടുതൽ ഇസ്രായേൽ അുടത്തിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രി യോവ് ഗാലന്റും പറഞ്ഞു. ബന്ദിക​ളുടെ കുടുംബാംഗങ്ങളുമായുള്ള ചർച്ചക്കിടയിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

ഹമാസ് രാഷ്ട്രീയകാര്യ തലവൻ ഇസ്മാഈൽ ഹനിയ്യ ഈജിപ്ത്, ഖത്തർ പ്രതിനിധികളുമായി ബുധനാഴ്ച ഫോണിൽ സംസാരിച്ചിരുന്നു. നിലവിൽ നടക്കുന്ന ചർച്ചകളോട് ക്രിയാത്മകമായിട്ടാണ് ഇടപെടുന്നതെന്ന് ഹമാസ് പ്രസ്താവനയിൽ അറിയിച്ചു. ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ച് തുർക്കിയയുമായും ഹനിയ്യ ചർച്ച​ ചെയ്തിട്ടുണ്ട്.

ചർച്ചകൾ പുരോഗമിക്കുമ്പോഴും ഇസ്രായേൽ ആക്രണമം തുടരുകയാണ്. ഗസ്സയിൽ ഇസ്രായേൽ തുടരുന്ന ആസൂത്രിത വംശഹത്യ 272 ദിവസം പിന്നിട്ടിരിക്കുന്നു. ഇതുവരെ 38,011 പേരാണ് ഗസ്സയിൽ കൊല്ലപ്പെട്ടത്. 87,445 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

TAGS :

Next Story