Quantcast

പരീക്ഷ എഴുതുന്നതിനിടെ സ്‌കൂൾ കെട്ടിടം തകർന്നുവീണു; നൈജീരിയയിൽ 22 വിദ്യാർഥികൾക്ക് ദാരുണാന്ത്യം

132 പേരെ രക്ഷപ്പെടുത്തി വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി പൊലീസ്

MediaOne Logo

Web Desk

  • Published:

    14 July 2024 7:43 AM GMT

Nigeria,school collapse,WORLD NEWS,Nigeria school collapse,students death,നൈജീരിയ,സ്കൂള്‍കെട്ടിടം തകര്‍ന്നു
X

അബൂജ: നൈജീരിയയിൽ സ്‌കൂൾ കെട്ടിടം തകർന്ന് 22 കുട്ടികൾക്ക് ദാരുണാന്ത്യം. അപകടത്തിൽ 132 കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. വെള്ളിയാഴ്ചയാണ് പ്ലേറ്റോ സ്റ്റേറ്റിലെ ജോസ് നോർത്ത് ജില്ലയിലെ ബുസാ ബുജി കമ്മ്യൂണിറ്റിയിലെ സെന്റ് അക്കാദമി കെട്ടിടം തകർന്നത്. മരിച്ചവർ 15 വയസിന് താഴെയുള്ളവരാണെന്നും അധികൃതർ പറയുന്നു. വിദ്യാർഥികൾ ക്ലാസിലെത്തിയതിന് തൊട്ടുപിന്നാലെയാണ് കെട്ടിടം തകർന്നുവീണത്.

154 വിദ്യാർഥികളാണ് കെട്ടിടം തകർന്നതിനുള്ളിൽ കുടുങ്ങിക്കിടന്നത്. ഇവരിൽ 132 പേരെ രക്ഷപ്പെടുത്തി വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി പൊലീസ് വക്താവ് ആൽഫ്രഡ് അലബോ പിന്നീട് പറഞ്ഞു. പരിക്കേറ്റ വിദ്യാർഥികൾ വിവിധ ആശുപത്രികളിൽ പരിക്കേറ്റ് ചികിത്സയിലാണ്. ക്ലാസ് തുടങ്ങി അഞ്ചുമിനിറ്റിനകം കെട്ടിടം തകരുകയായിരുന്നെന്ന് പരിക്കേറ്റ വിദ്യാർഥി വാർത്താ ഏജൻസിയായ എഎഫ്പിയോട് പറഞ്ഞു. എല്ലാവരും പരീക്ഷ എഴുതുകയായിരുന്നുവെന്നും വിദ്യാർഥി പറയുന്നു.

മൂന്ന് ദിവസമായി പ്രദേശത്ത് പെയ്യുന്ന കനത്ത മഴയെ തുടർന്നാണ് കെട്ടിടം തകർന്നതെന്നാണ് പ്രദേശവാസികൾ പറയുന്നത്. നദീതീരത്ത് സ്ഥിതിചെയ്യുന്ന സ്‌കൂൾ കെട്ടിടത്തിന്റെ ദുർബലമായ ഘടനയാണ് ദുരന്തത്തിന് കാരണമെന്നും വിമർശനമുണ്ട്. ആയിരത്തിലേറെ വിദ്യാർഥികളാണ് സ്‌കൂളിൽ പഠിക്കുന്നത്.

2021-ൽ നൈജീരിയയുടെ സാമ്പത്തിക തലസ്ഥാനമായ ലാഗോസിലെ ഇക്കോയി ജില്ലയിൽ നിർമ്മാണത്തിലിരുന്ന ബഹുനില കെട്ടിടം തകർന്ന് 45 പേർ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം ലാഗോസിലെ എബുട്ട്-മെട്ട പ്രദേശത്ത് മൂന്ന് നില കെട്ടിടം തകർന്ന് പത്ത് പേരും കൊലപ്പെട്ടു. 2005 മുതൽ, ലാഗോസിൽ കുറഞ്ഞത് 152 കെട്ടിടങ്ങളെങ്കിലും തകർന്നതായാണ് വിവരം.

TAGS :

Next Story