'ഇത് അംഗീകരിക്കാനാകില്ല'; ഇസ്രായേലിൽനിന്ന് അംബാസഡറെ തിരിച്ചുവിളിച്ച് ചിലി
ഗസ്സയിലെ ആക്രമണത്തില്‍ ശക്തമായ നിലപാടാണ് ദക്ഷിണ അമേരിക്കൻ രാഷ്ട്രങ്ങൾ സ്വീകരിച്ചിട്ടുള്ളത്
തെൽ അവീവ്: ഗസ്സയിൽ ഇസ്രായേൽ അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സ്വന്തം അംബാസഡറെ തിരിച്ചുവിളിച്ച് ചിലി. ദ്വിരാഷ്ട്ര പദ്ധതി മാത്രമാണ് ഇസ്രയേൽ - ഫലസ്തീൻ പ്രശ്‌നത്തിന് പരിഹാരമെന്നും ചിലി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അയൽ രാജ്യമായ ബൊളീവിയ ഇസ്രയേലുമായി നയതന്ത്ര ബന്ധം വിച്ഛേദിച്ചതിന് പിന്നാലെയാണ് ചിലിയുടെ നടപടി.
'ഈ സൈനിക ഓപറേഷനെ ചിലി അപലപിക്കുന്നു. വലിയ ഉത്കണ്ഠയോടെയാണ് ഇതിനെ വീക്ഷിക്കുന്നത്. ഗസ്സയിലെ ഫലസ്തീൻ ജനതയ്ക്കു നേരെ കൂട്ടശിക്ഷയാണ് ഇസ്രായേൽ നടത്തുന്നത്. ഇസ്രായേൽ അന്താരാഷ്ട്ര നിയമങ്ങളൊന്നും പാലിക്കുന്നില്ല. ഗസ്സയിൽ കൊല്ലപ്പെട്ട എട്ടായിരം പേരിൽ മിക്കവരും സ്ത്രീകളും കുട്ടികളുമാണ്' - ചിലി വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി.
ചിലിക്ക് പുറമേ, മറ്റൊരു ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയയും തങ്ങളുടെ അംബാസഡറെ നേരത്തെ ഇസ്രായേലിൽ നിന്ന് തിരിച്ചുവിളിച്ചിരുന്നു. ഗസ്സയിലെ ആക്രമണത്തില്‍ ശക്തമായ നിലപാടാണ് ദക്ഷിണ അമേരിക്കൻ രാഷ്ട്രങ്ങൾ സ്വീകരിച്ചു വരുന്നത്. ബൊളീവിയ ഇസ്രായേലുമായുള്ള എല്ലാ നയതന്ത്ര ബന്ധവും വിച്ഛേദിച്ചപ്പോൾ ചിലിയും കൊളംബിയയും തങ്ങളുടെ അംബാഡർമാരെ തിരിച്ചുവിളിച്ചു. അടിയന്തരമായി വെടിനിർത്തണമെന്നാണ് ബ്രസീലും മെക്‌സിക്കോയും ആവശ്യപ്പെട്ടിട്ടുള്ളത്.
അതിനിടെ, യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായി റഫ ക്രോസിങ് തുറന്നു. ചികിത്സാവശ്യാർത്ഥമാണ് അതിർത്തി തുറന്നത്. ഏതാനും വിദേശികളും അതിർത്തിയിലൂടെ പുറത്തുവന്നു.
Adjust Story Font
16