അവസാനത്തെ ഇന്ത്യൻ മാധ്യമപ്രവർത്തകനോടും രാജ്യം വിടാൻ ആവശ്യപ്പെട്ട് ചൈന
ഈ മാസം അവസാനത്തോടെ രാജ്യം വിടാനാണ് നിർദേശം
ബെയ്ജിങ്: അവസാനത്തെ ഇന്ത്യൻ മാധ്യമപ്രവർത്തകനോടും രാജ്യം വിടാൻ ആവശ്യപ്പെട്ട് ചൈന. പിടിഐയുടെ റിപ്പോർട്ടർക്കാണ് ചൈന നിർദേശം നൽകിയിരിക്കുന്നത്. ഈ മാസം അവസാനത്തോടെ രാജ്യം വിടാനാണ് നിർദേശമെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു.
ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം കൂടുതൽ രൂക്ഷമാകുന്നതിനിടെയാണ് ചൈനയുടെ നടപടി.നാല് റിപ്പോർട്ടർമാരാണ് ഇന്ത്യക്ക് ചൈനയിലുണ്ടായിരുന്നത്. ഇതിൽ ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ടർ കഴിഞ്ഞയാഴ്ചയാണ് തിരിച്ചെത്തിയത്. പ്രസാർ ഭാരതിയുടെയും ഹിന്ദുവിന്റെയും റിപ്പോർട്ടർമാർക്ക് ഏപ്രിലിന് ശേഷം ചൈന വിസ പുതുക്കി നൽകിയില്ല. പിടിഐ റിപ്പോർട്ടർ കൂടി പോകുന്നതോടെ ചൈനയിൽ ഇന്ത്യയുടെ മാധ്യമസാന്നിധ്യം പൂർണമായും ഇല്ലാതാകും
ചൈനീസ് റിപ്പോർട്ടർമാർ ഉൾപ്പടെയുള്ള വിദേശ മാധ്യമപ്രവർത്തകർക്ക് ഇന്ത്യയിൽ ജോലി ചെയ്യുന്നതിന് യാതൊരു തടസവുമില്ലെന്ന് നടപടിയിൽ കേന്ദ്ര വിദേശകാര്യവക്താവ് അരിന്ദം ബാഗ്ചി പ്രതികരിച്ചു. വാർത്തയോട് പ്രതികരിക്കാൻ ചൈനീസ് വിദേശകാര്യ മന്ത്രാലയം തയ്യാറായിട്ടില്ല. നേരത്തേ സിൻഹുവ, ചൈനീസ് സെൻട്രൽ ടെലിവിഷൻ എന്നീ സ്ഥാപനങ്ങളിൽ നിന്നുള്ള മാധ്യമപ്രവർത്തകർക്ക് ഇന്ത്യ വിസ നിഷേധിച്ചതായുള്ള വാർത്തകൾ പുറത്തു വന്നിരുന്നു.
Adjust Story Font
16