Quantcast

പശ്ചിമേഷ്യയിൽ പുതിയ പടയൊരുക്കം; ആറ് യുദ്ധക്കപ്പലുകൾ വിന്യസിച്ച് ചൈന

ഗസ്സയിലെ കൂട്ടക്കുരുതി അവസാനിപ്പിക്കണമെന്ന് ചൈന ഇസ്രായേലിനോട് ആവശ്യപ്പെട്ടിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-10-24 05:54:27.0

Published:

24 Oct 2023 5:53 AM GMT

China deploys warships in Middle East amid Israel-Palestine war intensifies, Israel-Hamas war 2023, Israel-Palestine war 2023, Israel attack in Gaza
X

ബെയ്ജിങ്: ഗസ്സയിൽ ആക്രമണം നടത്തുന്ന ഇസ്രായേൽ സേനയ്ക്ക് പിന്തുണയുമായി യു.എസ് സൈനിക സഹായങ്ങൾ അയച്ചതിനു പിന്നാലെ പശ്ചിമേഷ്യയിൽ ചൈനയുടെ പുതിയ പടയൊരുക്കം. മേഖലയിൽ ചൈന പുതിയ ആറ് പടക്കപ്പലുകൾ വിന്യസിച്ചതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഗസ്സയിൽ ഇസ്രായേൽ കരയുദ്ധം ആരംഭിക്കാനിരിക്കെയാണു പുതിയ നീക്കം.

മിസൈൽവേധ സംവിധാനമടങ്ങിയ സിബോ ഉൾപ്പെടെയുള്ള കപ്പൽവ്യൂഹമാണ് മേഖലയിലെത്തിയിട്ടുള്ളത്. ഇടത്തരം യുദ്ധക്കപ്പലായ ജിങ്‌ഷോ, അനുബന്ധ കപ്പലായ ക്വിയാന്ദോഹു ഉൾപ്പെടെ കൂട്ടത്തിലുണ്ട്. ഒമാനുമായി ചേർന്ന് സംയുക്ത സൈനികാഭ്യാസവും നടത്തിയിട്ടുണ്ട് ചൈനീസ് നാവികസേന. പരിശീലനത്തിനുശേഷം പേരുവെളിപ്പെടുത്താത്ത കേന്ദ്രത്തിലേക്ക് കപ്പലുകൾ തിരിച്ചതായി ഔദ്യോഗിക ചൈനീസ് മാധ്യമം റിപ്പോർട്ട് ചെയ്തു.

ഗസ്സയിൽ നടത്തുന്ന കൂട്ടക്കുരുതി അവസാനിപ്പിക്കണമെന്ന് ഇസ്രായേലിനോട് ചൈന ആവശ്യപ്പെട്ടിരുന്നു. ഇരുകക്ഷികളും അടിയന്തരമായി വെടിനിർത്തലിനു തയാറാകണമെന്നും ആവശ്യമുയർത്തി. എന്നാൽ, യുദ്ധത്തിൽ ഫലസ്തീനുള്ള പിന്തുണയും ചൈന പ്രഖ്യാപിച്ചിട്ടുണ്ട്. യു.എസ് യുദ്ധത്തില്‍ ഇടപെടുന്നത് അപകടമാകുമെന്ന് ചൈനയ്‍ക്കൊപ്പം റഷ്യയും മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഒക്ടോബർ ഏഴിന് ഇസ്രായേൽ സേനയെയും അനധികൃത കുടിയേറ്റ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് നടന്ന ഹമാസ് മിന്നലാക്രമണത്തിനു പിന്നാലെ വിവിധ ഘട്ടങ്ങളിലായി അമേരിക്ക സേനയെ മേഖലയിലേക്ക് അയച്ചിട്ടുണ്ട്. യു.എസിന്റെ ഏറ്റവും അത്യാധുനിക കപ്പലായ യു.എസ്.എസ് ജെറാൾ ആർ. ഫോർഡ് ഇസ്രായേൽ തീരത്ത് നങ്കൂരമിട്ടിട്ടുണ്ട്. ഇതിനു പുറമെ കരയുദ്ധ നീക്കത്തിനു സഹായവുമായി കൂടുതൽ സൈനികരെ അയക്കുമെന്നും യു.എസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവർ എത്തുന്ന മുറയ്ക്ക് ഗസ്സയ്ക്കുനേരെ കരയാക്രമണം അഴിച്ചുവിടാനാണ് ഇസ്രായേൽ നീക്കം.

അതിനിടെ, ഇന്നലെ രാത്രി ഗസ്സയിലെ അൽശാത്തി അഭയാർത്ഥി ക്യാംപ് ഉൾപ്പെടെ ലക്ഷ്യമിട്ട് നടന്ന ഇസ്രായേൽ വ്യോമാക്രമണത്തിൽ 100 ഫലസ്തീനികളാണു കൊല്ലപ്പെട്ടത്. ഖാൻ യൂനിസിലും റഫായിലും ആക്രമണമുണ്ടായി. ആയിരക്കണക്കിനു രോഗികൾ കഴിയുന്ന ഇന്തോനേഷ്യൻ ആശുപത്രി ഉൾപ്പെടെ ഇന്ധനവും വൈദ്യുതിയുമില്ലാതെ ഇരുട്ടിലായിരിക്കുകയാണ്. ഇന്‍കുബേറ്ററിന്‍റെ സഹായത്തോടെ കഴിയുന്ന നൂറുകണക്കിനു കുട്ടികളുടെ ജീവനാണ് അപടത്തിലായിരിക്കുന്നത്. അതിനിടെ, ഇസ്രായേലിനു പിന്തുണയുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഇന്ന് തെൽഅവീവിലെത്തിയിട്ടുണ്ട്.

ഇതുവരെ ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 5,087 ആയി. ഇതിൽ 2,000ത്തിലേറെ പേരും കുട്ടികളാണെന്നാണ് റിപ്പോർട്ട്. ഹമാസിന്റെ ഇസ്രായേൽ ആക്രമണത്തിൽ സൈനികർ ഉൾപ്പെടെ 1,400 പേരും കൊല്ലപ്പെട്ടിട്ടുണ്ട്.

Summary: China deploys warships in Middle East amid Israel-Palestine war intensifies

TAGS :

Next Story