Quantcast

13 യുഎസ് ആയുധ കമ്പനികൾക്ക് ഉപരോധം പ്രഖ്യാപിച്ച് ചൈന

ഉപരോധം ഏർപ്പെടുത്തപ്പെട്ടവയില്‍ മിക്കതും ഡ്രോൺ നിർമാണ രംഗത്തെ മുന്‍നിര കമ്പനികളാണ്

MediaOne Logo

Web Desk

  • Published:

    5 Dec 2024 2:13 PM GMT

13 യുഎസ് ആയുധ കമ്പനികൾക്ക് ഉപരോധം പ്രഖ്യാപിച്ച് ചൈന
X

ബെയ്ജിങ്: 13 യുഎസ് ആയുധ കമ്പനികൾക്ക് ഉപരോധവുമായി ചൈന. തായ്‌വാന് ആയുധം നൽകാനുള്ള തീരുമാനത്തിനു തിരിച്ചടിയായാണ് ചൈനീസ് നടപടിയെന്ന് 'ബ്ലൂംബെർഗ്' റിപ്പോർട്ട് ചെയ്തു. ഉപരോധം ഏർപ്പെടുത്തപ്പെട്ടവയില്‍ മിക്കതും ഡ്രോൺ നിർമാണ രംഗത്തെ മുന്‍നിര കമ്പനികളാണ്.

ചൈനീസ് വിദേശകാര്യ മന്ത്രാലയമാണ് ഉപരോധം പ്രഖ്യാപിച്ചത്. തായ്‍വാനുമായുള്ള 385 മില്യൻ ഡോളറിന്റെ ആയുധ കരാറിനു കഴിഞ്ഞ ദിവസം യുഎസ് ഭരണകൂടം അംഗീകാരം നൽകിയിരുന്നു. ആയുധ സ്‌പെയർ പാർട്‌സുകൾ, എഫ്-16 ജെറ്റുകൾക്കു വേണ്ട സാധന സാമഗ്രികൾ, റഡാർ സംവിധാനങ്ങൾ എന്നിവയാണ് കരാറില്‍ ഉള്‍പ്പെട്ടിരുന്നത്. നടപടിയില്‍ ചൈന ശക്തമായ എതിർപ്പ് അറിയിച്ചിരുന്നു. തങ്ങളുടെ പരമാധികാരവും പ്രാദേശികമായ അഖണ്ഡതയും ലംഘിക്കുന്നതാണു നീക്കമെന്നാണ് ചൈന വിശേഷിപ്പിച്ചത്.

ഇതിനിടെയാണ് മേഖലയിലെ യുഎസ് നിയന്ത്രണത്തിലുള്ള ഗുവാമിൽ തായ്‌വാൻ പ്രസിഡന്റ് ലായ് ചിങ് ടേ സന്ദർശനം നടത്തുന്നത്. ഇന്നലെയാണ് അദ്ദേഹം സ്ഥലത്തെത്തി യുഎസ് വൃത്തകളുമായി കൂടിക്കാഴ്ച നടത്തിയത്. ഇതിലും ചൈന എതിർപ്പ് പരസ്യമാക്കിയിട്ടുണ്ട്. തായ്‌വാനെ തങ്ങൾക്കു കീഴിലുള്ള ദ്വീപായാണ് ചൈന കണക്കാക്കുന്നത്. പ്രസിഡന്റ് ലായ് ചിങ്ങിനെ അപകടകാരികളായ വിഘടനവാദികളുടെ പട്ടികയിലും ഉൾപ്പെടുത്തിയിട്ടുണ്ട്. വിദേശ രാജ്യങ്ങൾ ഇവിടത്തെ നേതാക്കളുമായി നയതന്ത്ര ഇടപാട് തുടരുന്നതിനെ ചൈന ശക്തമായി എതിർക്കുന്നുണ്ട്. ഇവരുടെ വിദേശസന്ദർശനവും അനുവദിക്കരുതെന്നാണു വ്യക്തമാക്കിയിട്ടുള്ളത്.

ലായ് ചിങ് ഗുവാമിലെത്തിയതിനു പിന്നാലെയാണ് ഇപ്പോൾ 13 യുഎസ് ആയുധ കമ്പനികൾക്ക് ചൈന ഉപരോധം പ്രഖ്യാപിച്ചിരിക്കുന്നത്. ടെഡെലൈൻ ബ്രൗൺ എൻജിനീയറിങ്, ബ്രിൻക് ഡ്രോൺസ്, ഷീൽഡ് എഐ എന്നിവയാണ് ഡ്രോൺ നിർമാണരംഗത്തുള്ള ഉപരോധം ഏർപ്പെടുത്തപ്പെട്ട കമ്പനികൾ. റാപ്പിഡ് ഫ്‌ളൈറ്റ് എൽഎൽസി, റെഡ് സിക്‌സ് സൊല്യൂഷൻസ്, സിനെക്‌സസ്, ഫയര്‍‌സ്റ്റോം ലാബ്‌സ്, ക്രാറ്റോസ് അൺമാൻഡ് ഏരിയൽ സിസ്റ്റംസ്, ഹാവോക് എഐ, നെറോസ് ടെക്‌നോളജീസ്, സൈബർലക്‌സ് കോർപറേഷൻ, ഡോമോ ടാക്ടിക്കൽ കമ്യൂണിക്കേ,ൻസ്, ഗ്രൂപ്പ് ഡബ്ല്യു എന്നിവയാണ് ഉപരോധ പട്ടികയിലുള്ള മറ്റ് കമ്പനികൾ.

ഇതിനു പുറമെ മറ്റ് ആറു കമ്പനികളുടെ എക്‌സിക്യൂട്ടീവുകളുടെ സ്വത്തുക്കൾ കണ്ടുകെട്ടുമെന്നും ചൈന അറിയിച്ചിട്ടുണ്ട്. റേതിയോൺ, ബിഎഇ സിസ്റ്റംസ്, യുനൈറ്റഡ് ടെക്‌നോളജീസ് എന്നീ കമ്പനികളുടെ മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെയാകും നടപടി. ഇവർക്ക് ചൈനയിലേക്കു വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. ഉപരോധ പട്ടികയിലുള്ള കമ്പനികളുമായി ചൈനീസ് കമ്പനികൾ ഇടപാട് നടത്തുന്നതും വിലക്കിയിട്ടുണ്ട്.

Summary: China imposes sanctions on 13 US military firms over arms sales to Taiwan

TAGS :

Next Story