ആളിക്കത്തി പ്രതിഷേധം, ആക്രോശിച്ചെത്തിയ ജനക്കൂട്ടം; ഒടുവിൽ മുട്ടുമടക്കി ചൈന
കടുത്ത നിയന്ത്രണങ്ങളെ തുടർന്ന് നാല് ദശലക്ഷത്തോളം പേരായിരുന്നു ചൈനയിൽ കുടുങ്ങിക്കിടന്നിരുന്നത്
രാജ്യവ്യാപക പ്രതിഷേധത്തിനൊടുവില്‍ ജനങ്ങള്‍ക്കു മുൻപില്‍ മുട്ടുമടക്കിയിരിക്കുകയാണ് ചൈന. പ്രധാന നഗരങ്ങളിലെല്ലാം കഴിഞ്ഞ ദിവസങ്ങളിൽ ഇളവുകൾ അനുവദിച്ചു തുടങ്ങിയിരുന്നു. തലസ്ഥാനമായ ബെയ്ജിങ്, ഷാങ്ഹായ്, ഗ്വാങ്സൌ ഉൾപ്പെടെ പല പ്രധാന നഗരങ്ങളിലും കോവിഡ് നിയന്ത്രണങ്ങളിൽ പൊറുതിമുട്ടി ജനം പ്രതിഷേധിച്ചിരുന്നു. ദിവസങ്ങൾക്ക് മുൻപ് ചൈനയിലെ ഒരു കെട്ടിടത്തിൽ നടന്ന തീ പിടുത്തവും ഇളവുവരുത്തിയതിനൊരു കാരണമായി പറയാം. വടക്കു പടിഞ്ഞാറൻ ചൈനയിലെ സിൻജിയാങ് മേഖലയുടെ തലസ്ഥാനമായ ഉറുംഖിയിൽ വ്യാഴാഴ്ചയുണ്ടായ വലിയ തീപിടുത്തം പൊതു ജനത്തിന്റെ രോഷം ആളിപ്പടർത്തിയിരുന്നു. പത്തുപേരുടെ ജീവനാശത്തിന് കാരണമായ തീപിടുത്തത്തെ തുടർന്ന് രാജ്യത്തൊട്ടാകെ പ്രതിഷേധം ശക്തമായിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ രക്ഷാ പ്രവർത്തനത്തിന് തടസമായതും പുറത്തിറങ്ങാൻ കഴിയാതെ കുഞ്ഞുങ്ങളടക്കം വെന്തുമരിച്ചതും രാജ്യത്തെതന്നെ നടുക്കി.
'പ്രസിഡന്റ് രാജിവെക്കണം, ലോക്ഡൗൺ പിൻവലിക്കണം'
'ഷി ജിൻപിംഗ് ഇറങ്ങിപ്പോകൂ! സിസിപി, പടിയിറങ്ങൂ' തുടങ്ങിയ മുദ്രാവാക്യങ്ങളായിരുന്നു മാസങ്ങളോളം ചൈനയുടെ തെരുവുകളിൽ മുഴങ്ങിക്കേട്ടത്. കടുത്ത നിയന്ത്രണങ്ങളെ തുടർന്ന് നാല് ദശലക്ഷത്തോളം പേരായിരുന്നു ചൈനയിൽ കുടുങ്ങിക്കിടന്നിരുന്നത്. ലോക്ഡൗണുകൾ, നീണ്ട ക്വാറന്റൈനുകൾ, കൂട്ടപ്പരിശോധനകൾ തുടങ്ങിയവ ജനങ്ങളെ പൊറുതിമുട്ടിച്ചു. മണിക്കൂറുകളോളം ജനങ്ങൾ തെരുവിൽ പ്രതിഷേധിക്കാൻ തുടങ്ങി. സർക്കാറിനെതിരെ ആക്രോശം നടത്തി. പൊതു സ്ഥലങ്ങളിൽ നിന്നും പ്രധിഷേധക്കാരുമായി പൊലീസിന് ഏറ്റുമുട്ടേണ്ടി വന്നു. നിരവധി പേർ അറസ്റ്റിലായി. അപ്പോഴും സീറോ കോവിഡ് നയമായിരുന്നു സർക്കാർ ഉയർത്തിപ്പിടിച്ചത്. സീറോ കോവിഡ് നയം സർക്കാർ അടിച്ചേൽപ്പിക്കുമ്പോഴും രാജ്യത്ത് കോവിഡ് കേസുകൾ റെക്കോർഡ് സൃഷ്ടിക്കുകയായിരുന്നു.
നിലവില്‍ ചൈനയിൽ 10ൽ ഒമ്പത് പേർക്കും വാക്സിനേഷൻ ലഭിച്ചിട്ടുണ്ടെങ്കിലും 80 വയസ്സിനു മുകളിലുള്ളവരിൽ 66 ശതമാനം പേർക്ക് മാത്രമേ ഒരു ഷോട്ട് എടുത്തിട്ടുള്ളൂ, 40 ശതമാനം പേർക്ക് ബൂസ്റ്റർ ലഭിച്ചിട്ടുണ്ട്. ഔദ്യോഗിക കണക്കുകൾ പ്രകാരം 60 വയസ്സിനു മുകളിലുള്ളവരിൽ 86 ശതമാനം പേർക്കും വാക്‌സിനേഷൻ എടുത്തിട്ടുണ്ട്. എന്നാൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിട്ടുണ്ടെങ്കിലും പ്രായമായവർക്കുള്ള വാക്‌സിനേഷൻ തുടരുമെന്ന് നാഷണൽ ഹെൽത്ത് കമ്മീഷൻ അറിയിച്ചു.
നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ വരുത്തിയതോടെ നിക്ഷേപകർക്കിടയിലും ശുഭാപ്തിവിശ്വാസം ഉണർത്തിയിട്ടുണ്ട്. ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥ ശക്തി വീണ്ടെടുക്കുമെന്നും ആഗോള വളർച്ചയെ ഉത്തേജിപ്പിക്കാൻ സഹായിക്കുമെന്നുമാണ് പ്രതീക്ഷ. ചൈനയുടെ സമ്പദ്‍വ്യവസ്ഥ വീണ്ടും തുറക്കുമെന്ന പ്രതീക്ഷയിൽ നവംബർ ആദ്യം മുതൽ ചൈനീസ് യുവാൻ ഡോളറിനെതിരെ 5 ശതമാനം ഉയർന്നിരുന്നു.
Adjust Story Font
16