'കൊറോണ വൈറസിനെ ജൈവായുധമാക്കാൻ ചൈന ആലോചിച്ചു'
ചൈനീസ് സൈനിക ശാസ്ത്രജ്ഞരും ആരോഗ്യ ഉദ്യോഗസ്ഥരും ചേർന്ന് 2015ൽ എഴുതിയ പ്രബന്ധം പുറത്ത്
കൊറോണ വൈറസുകളെ ജൈവായുധമെന്ന നിലയിൽ ഉപയോഗിക്കുന്ന കാര്യം ചൈന അഞ്ചു വർഷം മുൻപ് ആലോചിച്ചിരുന്നുവെന്ന് റിപ്പോർട്ട്. ഇക്കാര്യം വെളിപ്പടുത്തുന്ന, ചൈനീസ് സൈനിക ശാസ്ത്രജ്ഞരും ആരോഗ്യ ഉദ്യോഗസ്ഥരും ചേർന്ന് 2015ൽ എഴുതിയ പ്രബന്ധം പുറത്ത്. 'ദ ഓസ്ര്‌ടേലിൻ' എന്ന മാധ്യമമാണ് അമേരിക്കൻ സ്റ്റേറ്റ് ഡിപാർട്‌മെന്റിനെ ഉദ്ധരിച്ച് വാർത്ത പുറത്തുവിട്ടത്.
ചൈന കോവിഡ്മുക്തമായെന്ന ആഘോഷങ്ങൾക്കിടെയാണ് ദുരൂഹതയുണർത്തുന്ന റിപ്പോർട്ട് പുറത്തുവരുന്നത്. കോവിഡ് ലോകത്ത് വ്യാപിക്കുന്നതിനും വർഷങ്ങൾക്കു മുൻപ് തന്നെ സാർസ് വൈറസ് വകഭേദങ്ങളെ ജൈവായുമാക്കി ഉപയോഗിച്ച് ഒരു മൂന്നാം ലോക യുദ്ധത്തിനുള്ള സാധ്യതകൾ ചൈന ആരാഞ്ഞതായാണ് വെളിപ്പെടുത്തല്‍. ചൈനീസ് സംഘം നടത്തിയ പ്രബന്ധത്തിന്റെ പ്രതി യുഎസ് സ്റ്റേറ്റ് ഡിപാർട്ട്‌മെന്റിന് ചോർന്നുകിട്ടിയതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
The Unnatural Origin of SARS and New Species of Man-Made Viruses as Genetic Bioweapons എന്ന തലക്കെട്ടിലുള്ള പ്രബന്ധത്തിൽ ജൈവായുധങ്ങൾ കൊണ്ടായിരക്കും മൂന്നാം ലോക യുദ്ധം നടക്കുകയെന്ന് പ്രവചിക്കുന്നു. സാർസ് കൊറോണ വൈറസുകളെ ജനിതക ആയുധങ്ങളുടെ പുതിയ യുഗമായാണ് പ്രബന്ധത്തിൽ അവതരിപ്പിക്കുന്നത്. സാർസ് കൊറോണ വൈറസുകളുടെ ഒരു ഇനമാണ് ഇപ്പോൾ ലോകത്തെ പിടിച്ചുകുലുക്കുന്ന കോവിഡ്-19.
വൈറസിനെ ജൈവായുധമാക്കി വിവിധ രാജ്യങ്ങളിലേക്ക് കയറ്റിവിടുന്നതിനെക്കുറിച്ച് പ്രബന്ധം ചർച്ച ചെയ്യുന്നു. ഇതുവഴി ശത്രുരാജ്യത്തിന്റെ ആരോഗ്യ സംവിധാനം സമ്പൂർണമായി തകർക്കാനാകുമെന്നാണ് കരുതുന്നത്. മൂന്നാം ലോകയുദ്ധം ജൈവായുധങ്ങൾ കൊണ്ടായിരിക്കുമെന്ന യുഎസ് വ്യോമസേനാ കേണൽ മൈക്കൽ ജെ. എയ്ൻസ്‌കോയുടെ പ്രവചനത്തെ ഉദ്ധരിച്ചാണ് സംഘത്തിന്റെ ഗവേഷണം. 2003ൽ ചൈനയിൽ പടർന്നുപിടിച്ച സാർസ് വൈറസ് ഭീകരവാദികൾ മനപ്പൂർവം പടച്ചുണ്ടാക്കിയ മനുഷ്യനിർമിത ജൈവായുധമാണെന്നും പഠനം നിരീക്ഷിക്കുന്നുണ്ട്.
2019ൽ മധ്യ ചൈനീസ് നഗരമായ വുഹാനിലാണ് ആദ്യമായി കോവിഡ്-19 റിപ്പോർട്ട് ചെയ്യുന്നത്. പിന്നീട് ലോകരാജ്യങ്ങളിലേക്കു പടർന്നുപിടിച്ച വൈറസ് 15 കോടി ജനങ്ങളെയാണ് ഇതുവരെ നേരിട്ടു ബാധിച്ചത്. 32.85 ലക്ഷം മരണം ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ, ചൈന വൈറസിനെ വേഗത്തിൽ പിടിച്ചുകെട്ടുകയും ചെയ്തിരുന്നു. ഇപ്പോൾ പ്രതിദിനം ഒന്നോ രണ്ടോ കേസുകൾ മാത്രമാണ് വുഹാനിൽ ഒരാഴ്ചയിൽ തന്നെ റിപ്പോർട്ട് ചെയ്യുന്നത്.
Adjust Story Font
16