Quantcast

കോവിഡ്; ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രോണിക് വിപണി അടച്ചുപൂട്ടി ചൈന

കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് ചൈനയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത്

MediaOne Logo

Web Desk

  • Published:

    31 Aug 2022 3:59 AM GMT

കോവിഡ്; ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രോണിക് വിപണി അടച്ചുപൂട്ടി ചൈന
X

ഹോങ്കോംഗ്: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രോണിക് മാര്‍ക്കറ്റിന് പൂട്ടിട്ട് ചൈന. തെക്കന്‍ ചൈനയിലെ ഷെൻ‌ഷെനിലുള്ള ഹ്വാങിയാങ്ബെയ് ആണ് അടച്ചുപൂട്ടിയത്. സമീപത്തുള്ള പൊതുഗതാഗതം താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തു. കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് ചൈനയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത്.

നാലു ദിവസത്തെക്കാണ് ഇലക്ട്രോണിക് മൊത്ത വ്യാപാര കേന്ദ്രമായ ഹ്വാങിയാങ്ബെയില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കമ്പ്യൂട്ടര്‍ പാര്‍ട്സ്, മൊബൈല്‍ പാര്‍ട്സ്, മൈക്രോചിപ്പുകള്‍ എന്നിവ വില്‍ക്കുന്ന ആയിരക്കണക്കിന് സ്റ്റാളുകളുള്ള തിരക്കേറിയ ഷോപ്പിംഗ് ഏരിയയാണ് ഹുവാകിയാങ്‌ബെയ്. ഫ്യൂഷ്യൻ ജില്ലയിലാകെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കോവിഡ് പരിശോധനക്കൊഴികെ വീടിനു പുറത്തേക്ക് ഇറങ്ങുന്നതിന് ആളുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. വ്യാഴാഴ്ച വരെയാണ് ലോക്ഡൗണ്‍. സൂപ്പർമാർക്കറ്റുകൾ, ഫാർമസികൾ, ആശുപത്രികൾ എന്നിവ ഒഴികെ ഈ പ്രദേശങ്ങളിലെ എല്ലാ വ്യാപാരസ്ഥാപനങ്ങളും വ്യാഴാഴ്ച വരെ അടച്ചിടും. റസ്റ്റോറന്‍റുകളില്‍ ഇരുന്ന് ഭക്ഷണം അനുവദിക്കില്ല. പാഴ്സല്‍ വാങ്ങാം.

ചൊവ്വാഴ്ച ഷെൻ‌ഷെനിൽ 11 ലക്ഷണമില്ലാത്ത കേസുകൾ ഉൾപ്പെടെ 35 അണുബാധകൾ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലുവോഹു, ലോങ്‌ഗാങ് ജില്ലകളില്‍ എല്ലാ വിനോദ വേദികളും പൊതു പാർക്കുകളും അടച്ചുപൂട്ടുകയും കോൺഫറൻസുകളും പ്രകടനങ്ങളും മുതൽ എല്ലാ ഒത്തുചേരലുകളും നിരോധിച്ചിട്ടുണ്ട്. ഹുവാകിയാങ്‌ബെയ് ഇലക്‌ട്രോണിക്‌സ് മാർക്കറ്റ് ഉൾപ്പെടെ ഷെൻ‌ഷെനിലുടനീളം 24 സബ്‌വേ സ്റ്റേഷനുകളിലും നൂറുകണക്കിന് ബസ് സ്റ്റേഷനുകളിലും സർവീസ് നിർത്തിവച്ചു.

TAGS :

Next Story