മദ്യപാനികളെ നിയന്ത്രിക്കാൻ പുതിയ ടെക്‌നിക്കുമായി ചൈന; ചിപ്പ് ഘടിപ്പിച്ചുള്ള ചികിത്സ തുടങ്ങി
15 വർഷമായി മദ്യത്തിനടിമയായ മുപ്പത്തിയാറുകാരനിലാണ് ആദ്യ ചിപ്പ് ഘടിപ്പിച്ചത്
മദ്യാസക്തി കുറയ്ക്കാൻ പുതിയ മാർഗവുമായി ചൈന. മനുഷ്യരിൽ ചിപ്പ് ഘടിപ്പിച്ചുള്ള ചികിത്സ ആരംഭിച്ചു. അഞ്ച് മിനുട്ട് മാത്രം ദൈർഘ്യമുള്ള ശസ്ത്രക്രിയയിലൂടെ മദ്യപാനിയായ മുപ്പത്തിയാറുകാരനിലാണ് ആദ്യ ചിപ്പ് ഘടിപ്പിച്ചത്. മധ്യ ചൈനയിലെ ഹുനാൽ ബ്രെയിൻ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ.
15 വർഷമായി മദ്യത്തിനടിമയായിരുന്നു ഇയാൾ. ദിവസേന അരലിറ്റർ ചൈനീസ് മദ്യം കഴിക്കുന്ന ശീലം അദ്ദേഹത്തിനുണ്ടായിരുന്നു. പിന്നീട് അളവ് വർധിച്ചു. പ്രഭാതഭക്ഷണത്തിന് മുമ്പ് മദ്യം കഴിക്കുന്നതും ജോലി സ്ഥലത്ത് വെച്ചും വൈകിട്ടുമെല്ലാം മദ്യം പതിവായി. ബോധരഹിതനാകുന്നതു വരെ ദിവസം മുഴുവൻ മദ്യം കഴിക്കുന്നതും ശീലമായി. മദ്യപിച്ചാൽ അക്രമ സ്വഭാവവും ഇയാൾകാണിച്ചിരുന്നു. ദിവസവും മദ്യം ലഭിച്ചില്ലെങ്കിൽ തനിക്ക് ഉത്കണ്ഠ തോന്നുമെന്നും ഇപ്പോള്‍ വ്യത്യാസം അനുഭവപ്പെടുന്നുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
അഞ്ചുമാസം വരെ മദ്യാസക്തിയെ നിയന്ത്രിക്കാൻ ഈ ചിപ്പ് വഴി സാധിക്കുമെന്ന് ചികിത്സയ്ക്ക് നേതൃത്വം നൽകിയ മുൻ യു.എൻ ഇന്റർനാഷണൽ നാർകോട്ടിക്സ് കൺട്രോൾ ബോർഡ് വൈസ് പ്രസിഡന്റ് ഹാവോ വെയ് പറഞ്ഞു. ഒരു തവണ ചിപ്പ് ശരീരത്തിൽ ഘടിപ്പിച്ചാൽ അത് തലച്ചോറിലെ റിസപ്റ്ററുകളുമായി പ്രവർത്തിക്കുന്ന നാൽട്രക്സോൺ പുറത്തുവിടുകയും ഇത് മദ്യാസക്തി കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
Adjust Story Font
16